Latest NewsIndia

ഭൂമിക്കടിയില്‍ നിന്നും ‘ലാവ’ ; ഭീതിയില്‍ ത്രിപുരയിലെ ജനങ്ങള്‍

അഗര്‍ത്തല: ത്രിപുരയെ ആശങ്കയിലാഴ്ത്തി ഭൂമിക്കടിയില്‍ നിന്നും ലാവയ്ക്ക് സമാനമായ ദ്രാവകം പൊങ്ങി വന്നു. അഗര്‍ത്തലയിലെ മധുബന്‍ പ്രദേശത്താണ് കത്തുന്ന ലാവ പോലെയുള്ള ദ്രാവകം മണ്ണില്‍ നിന്ന് പുറത്തേക്ക് വരുന്നതായി കാണപ്പെട്ടത്. ഇതോടൊപ്പം തീയും കനത്ത പുകയും ഉണ്ടാകുന്നുണ്ട്.

കഥാല്‍ത്തലി ഗ്രാമത്തിലാണ് ലാവ പോലുള്ള ദ്രാവകം ഭൂമിക്കടിയില്‍ നിന്നും പൊങ്ങി വന്നത്. റോഡരികിലെ വൈദ്യുത പോസ്റ്റിന് സമീപത്തായാണ് ദ്രാവകം കാണപ്പെട്ടത്. ഗ്രാമവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ത്രിപുര സ്പേസ് ആപ്ലിക്കേഷന്‍ സെന്ററില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ സ്ഥലത്തെത്തി ദ്രാവകത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. ഒരു വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് ത്രിപുരയില്‍ ലാവ പോലെയുള്ള വസ്തു കാണപ്പെടുന്നത്. ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സബ്രൂം പ്രദേശത്താണ് മുമ്പ് മൂന്നു തവണയും സമാനരീതിയിലുള്ള ദ്രാവകം കാണപ്പെട്ടത്. ഭൂകമ്പഭീഷണി നിലനില്‍ക്കുന്ന സ്ഥലമായതിനാല്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതിനെ ഏറെ ഗൗരവത്തോടെയാണ് സംസ്ഥാനസര്‍ക്കാര്‍ നോക്കിക്കാണുന്നത്.

ഭൂകമ്പസാധ്യത ഏറെയുള്ള സോണ്‍ 5ല്‍ ഉള്‍പ്പെടുന്ന സംസ്ഥാനമാണ് ത്രിപുര. 1897ല്‍ റിക്ടര്‍ സ്‌കെയിലില്‍ 8.7 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. അന്ന് 1600ലധികം ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അസം,മേഘാലയ, ത്രിപുര, മിസോറാം,നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നിവ ഉള്‍പ്പെട്ട പ്രദേശം ലോകത്ത് ഭൂകമ്പഭീഷണി നിലനില്‍ക്കുന്ന ആറാമത്തെ അപകടമേഖലയാണ്.

അതേസമയം, ഭൗമാന്തര്‍ഫലകങ്ങള്‍ തെന്നിനീങ്ങുന്നത് മൂലമുണ്ടാകുന്ന ഘര്‍ഷണമാണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണ് ഭൗമശാസ്ത്രവിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ പരിശോധനകള്‍ക്ക് ശേഷമേ കൃത്യമായ നിഗമനത്തിലെത്താനാവൂ എന്നും അവര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button