KeralaLatest News

കയ്യൂക്കുള്ളവര്‍ കാര്യക്കാര്‍; കല്ലട പ്രതികള്‍ക്ക് ജാമ്യം, കേസില്‍ വന്‍ അട്ടിമറി സാധ്യത

കൊച്ചി : കല്ലട ബസില്‍ യാത്ര ചെയ്ത യുവാക്കളെ ആക്രമിച്ച കേസില്‍ പ്രതികളായ ജീവനക്കാരുടെ തെളിവെടുപ്പ് അട്ടിമറിക്കാന്‍ നീക്കം. കയ്യൂക്കുള്ളവര്‍ കാര്യക്കാരാകുന്ന സ്ഥിതിയാണിവിടെ നടക്കുന്നത്. അന്വേഷണസംഘം തിരിച്ചറിയല്‍ പരേഡ് നടത്താന്‍ നിശ്ചയിച്ചതിനു മൂന്നുദിവസം മുന്‍പേ പ്രതികള്‍ ജാമ്യംനേടി പുറത്തിറങ്ങാന്‍ തുടങ്ങിയിരിക്കുകയാണ്. ജാമ്യാപേക്ഷ പരിഗണിച്ച സമയത്ത് കേസിന്റെ സാഹചര്യം കോടതിയെ അറിയിക്കാതിരിക്കാന്‍ വന്‍ ഒളിച്ചുകളിയാണ് നടന്നത് എന്നത് വ്യക്താമാണ്.

നിസാര വാക്കുതര്‍ക്കത്തിന്റെ പേരില്‍ സ്വന്തം ബസിലെ യാത്രക്കാരെ ആക്രമിച്ച സുരേഷ് കല്ലട ജീവനക്കാരുടെ കയ്യൂക്കിനെതിരെ നാടുമുഴുവന്‍ പ്രതിഷേധം അലയടിച്ചതിനു പിന്നാലെയായിരുന്നു ഏഴ് പേരെ അറസ്റ്റ് ചെയ്തത്. കാര്യക്ഷമമായ നടപടിയെന്ന പ്രതീതിയും ഉണ്ടായി. അതേസമയം കേസ് അട്ടിമറിച്ച് പ്രതികളെ സഹായിക്കാനും പിന്നാലെ നീക്കം തുടങ്ങിയിരുന്നു. പ്രതികളുടെ ജാമ്യത്തെ എതിര്‍ത്ത് അന്വേഷണ ചുമതലയുള്ള അസിസ്റ്റന്റ് കമ്മിഷണര്‍ സ്റ്റ്യുവര്‍ട്ട് കീലര്‍ പ്രോസിക്യുട്ടര്‍ക്കു കൃത്യമായി റിപ്പോര്‍ട്ട് കൈമാറിയതായി പൊലീസ് വ്യക്തമാക്കുന്നു.

ജാമ്യത്തെ എതിര്‍ക്കാനുള്ള കാരണങ്ങളില്‍ ഏറ്റവും പ്രധാനമായി പറയുന്നത് ടെസ്റ്റ് തിരിച്ചറിയല്‍ പരേഡ് നടക്കാനിരിക്കുന്നു എന്നതുതന്നെയാണ്. കോടതിയില്‍ എതിര്‍ക്കേണ്ടത് സര്‍ക്കാര്‍ അഭിഭാഷകനാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജാമ്യത്തെ എതിര്‍ത്താല്‍ മറിച്ചൊരു തീരുമാനവും കോടതിയില്‍ നിന്നു ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ അറസ്റ്റിലായവരെ പരാതിക്കാരുടെ മുന്നിലെത്തിച്ചു തിരിച്ചറിയല്‍ പരേഡ് നടത്താന്‍ പൊലീസ് തീരുമാനിച്ചതോടെ അതിന് മുന്‍പേ ജാമ്യം പറ്റില്ലെന്നു കോടതി നിലപാടെടുത്തു.

തിങ്കളാഴ്ച ഇത് നടത്താന്‍ തയ്യാറെടുത്തിരിക്കെ വെള്ളിയാഴ്ചയാണ് ജില്ലാ സെഷന്‍സ് കോടതി പ്രതികള്‍ക്കു ജാമ്യം അനുവദിച്ചത്. ഉത്തരവ് വന്നയുടന്‍ ജാമ്യത്തുക കെട്ടിവച്ച് മൂന്നാംപ്രതി പുറത്തിറങ്ങിപ്പോയി. മറ്റ് പ്രതികളും തയ്യാറെടുക്കുമ്പോള്‍ ജാമ്യം അനുവദിച്ച അതേ കോടതി തന്നെ ഇടപെട്ടു തിരിച്ചറിയല്‍ പരേഡ് വരെ പ്രതികളെ പുറത്തുവിടുന്നതു വിലക്കി. അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ അന്വേഷണസംഘം.

shortlink

Related Articles

Post Your Comments

Related Articles


Back to top button