Latest NewsSaudi ArabiaGulf

എണ്ണ വിപണിയില്‍ ഇനി ഇന്ത്യയ്ക്ക് താങ്ങായി സൗദി ; പുതിയ കരാര്‍ ഇങ്ങനെ

റിയാദ് : സൗദി അരാംകോയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയുടെ പുതിയ കരാര്‍. ഇരുപത് ലക്ഷം ബാരല്‍ എണ്ണ ജൂലൈ മുതല്‍ നല്‍കാനാണ് കരാറിലെത്തിയിരിക്കുന്നത്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തുന്ന സാഹചര്യത്തില്‍ എണ്ണയില്‍ വരുന്ന കുറവ് നികത്താനാണ് സൗദിയുടെ എണ്ണ വിതരണം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇതിനായി അരാംകോയുമായി കരാറിലെത്തി. മാസങ്ങള്‍ക്ക് മുമ്പ് ഇറാനുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇറാനില്‍ നിന്ന് എണ്ണവാങ്ങിയിരുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക സമ്മര്‍ദ്ധം ശക്തമാക്കി.

എങ്കിലും ആറ് മാസത്തേക്ക് കൂടി ഇറാനില്‍ നിന്ന് തന്നെ എണ്ണ വാങ്ങുവാന്‍ ഇന്ത്യയടക്കം എട്ട് രാജ്യങ്ങള്‍ക്ക് അമേരിക്ക അനുമതി നല്‍കിയിരുന്നു. ഈ കാലയളവില്‍ ദിനംപ്രതി മൂന്ന് ലക്ഷം ബാരല്‍ എണ്ണയായിരുന്നു ഇറാനില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. അനുവദിക്കപ്പെട്ട കാലപരിധി കഴിഞ്ഞ മാസം അവസാനിച്ച സാഹചര്യത്തിലാണ് രണ്ട് ദശലക്ഷം ബാരല്‍ എണ്ണ സൗദിയില്‍ നിന്ന് അധികമായി വാങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.

നിലവില്‍ സൗദിക്ക് പുറമെ ഇറാനില്‍ നിന്നായിരുന്നു ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയായിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 5.6 മില്ല്യണ്‍ ടണ്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സൗദി അറാംകോയുമായി നിലവില്‍ കരാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button