KeralaLatest News

ലിനി ഹൃദയസ്പര്‍ശിയായ ഒരനുഭവം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സിസ്റ്റര്‍ ലിനിയുടെ മരണവും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഹൃദയസ്പര്‍ശിയായ ഒരനുഭവമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. രോഗിയെ ശ്രുശ്രൂക്ഷിച്ച ആള്‍ തന്നെ മരണപ്പെട്ടുപോയ വളരെ സങ്കടകരമായ അനുഭവമാണ് ഉണ്ടാക്കിയത്. ലിനിയുടെ അസാമാന്യ ധൈര്യവും ആത്മവിശ്വാസവും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എന്നും കരുത്താണ്. അതിനാല്‍ തന്നെ ഒരിക്കലും മറക്കാനാവത്ത ദിവസം കൂടിയായി മേയ് 21 മാറിയെന്നും മന്ത്രി പറഞ്ഞു. കേരള ഗവ. ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം പ്രസ് ക്ലബ്ലില്‍ സംഘടിപ്പിച്ച ലിനി അനുസ്മരണവും അവാര്‍ഡ്ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഓര്‍ക്കുമ്പോള്‍ വളരെയധികം ഭയന്നു പോയ ഒരു സാഹചര്യമാണ് 2018 നിപ വൈറസ് ബാധിച്ച സമയത്ത് ഉണ്ടായത്. ശുചിത്വ ശീലത്തിലൂടെയും കൂട്ടായ പ്രയത്‌നത്തിലൂടെയും പലതരം പകര്‍ച്ച വ്യാധികളേയും പ്രതിരോധിക്കാന്‍ സാധിക്കും. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ അനുഭവമാണ് നിപ വൈറസില്‍ ഉണ്ടായത്. വളരെപ്പെട്ടന്ന് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ച് മരിച്ചു പോകുന്ന അവസ്ഥ. ചങ്ങരോത്ത് ഉണ്ടായത് നിപ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചപ്പോള്‍ തന്നെ വലിയ ഭയമാണ് ജനങ്ങളിലുണ്ടായത്. എന്നാല്‍ ഉത്കണ്ഠയുണ്ടാവണം ഭയമുണ്ടാകരുതെന്ന സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് നിപയെ പ്രതിരോധിക്കാന്‍ കഴിഞ്ഞത്. 18 പേര്‍ക്ക് നിപ വൈറസ് ബാധിച്ചപ്പോള്‍ രണ്ടു പേരെ രക്ഷിച്ചെടുക്കാനും കഴിഞ്ഞു.

ലിനിയുടെ മരണം ആരോഗ്യ പ്രവര്‍ത്തകരില്‍ വലിയ ആശങ്കയുണ്ടാക്കി. എന്നാല്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കിയതോടെ ചിലര്‍ നിപ വൈറസ് ബാധിതരെയും നിരീക്ഷണത്തിലുള്ളവരേയും ശുശ്രൂക്ഷിക്കാന്‍ ധൈര്യസമേതം മുന്നോട്ടു വന്നു. സ്വന്തം മരണം പോലും മുന്നില്‍ കണ്ട് ത്യാഗം സഹിച്ച ആ ജീവനക്കാരെ ഒരിക്കലും മറക്കാനാവില്ല.

താത്ക്കാലിക ജീവനക്കാരുടെ സേവനം ആരോഗ്യ മേഖലയ്ക്ക് വിലപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയില്‍ ഏറ്റവുമധികം നിയമനം നടത്തിയ സര്‍ക്കാരാണിത്. 4,500 ഓളം തസ്തികകളാണ് സൃഷ്ടിച്ചത്. എന്നാല്‍ ആരോഗ്യ മേഖലയില്‍ എത്ര തസ്തികകള്‍ സൃഷ്ടിച്ചാലും മതിയാകുന്നില്ല. അതിനുള്ള ഫണ്ട് സര്‍ക്കാരിന്റെ കൈയ്യിലില്ല. അതിനാലാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍ ആശുപത്രി വികസന സമിതികള്‍ വഴി നിയമനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

എ. പ്രദീപ് കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബി. സത്യന്‍ എം.എല്‍.എ., എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എസ്.എ.ടി. ആശുപത്രിയിലും നഴ്‌സായി 28 വര്‍ഷം താത്ക്കാലിക തസ്തികയില്‍ സവനമനുഷ്ഠിച്ച കെ.എം. അനിതയ്ക്ക് ലിനിയുടെ പേരിലുള്ള പുരസ്‌കാരം മന്ത്രി സമ്മാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button