Latest NewsIndiaCrime

പോലീസ് സ്‌റ്റേഷനില്‍ നിന്നും തൊണ്ടിമുതല്‍ മോഷണം പോയി; പക്ഷെ, പോലീസുകാര്‍ മാത്രം ഒന്നുമറിഞ്ഞില്ല

ലഖ്നൗ: പോലീസ് സ്റ്റേഷനുള്ളില്‍ ഒരു സംഘം മോഷ്ടാക്കള്‍ നടത്തിയ വന്‍ കവര്‍ച്ച പോലീസുകാര്‍ അറിഞ്ഞില്ല. സ്റ്റേഷനുള്ളില്‍ കവര്‍ച്ച നടന്നത് കണ്ടുപിടിച്ചതാകട്ടെ ഒന്നര ദിവസത്തിന് ശേഷവും. ഉത്തര്‍പ്രദേശിലെ സാഹിബാബാദിലാണ് സംഭവം നടന്നത്. പോലീസ് സ്റ്റേഷനില്‍ വിവിധ കേസുകളുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകളാണ് മോഷണം പോയത്. പോലീസ് സ്റ്റേഷന്‍ കെട്ടിട സമുച്ചയത്തില്‍ തന്നെയുള്ള സ്റ്റോര്‍ മുറിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്.

മെയ് 20 ന് രാവിലെ സ്റ്റോര്‍ മുറിയുടെ വാതില്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ട സ്റ്റോര്‍ ഇന്‍ ചാര്‍ജാണ് സംഭവം സ്റ്റേഷനിലറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൊണ്ടി മുതലടക്കം മോഷണം പോയതായി സ്ഥിരീകരിച്ചത്. സ്റ്റേഷനിലെ രജിസ്റ്ററില്‍ ഒത്തു നോക്കിയ ശേഷം മോഷണം പോയ വസ്തുക്കളുടെ കണക്കെടുത്തു. മെയ് 18 ന് രാത്രിയിലാണ് മോഷണം നടന്നത്. രണ്ട് ഗ്യാസ് സിലിണ്ടറുകള്‍, വലുതും ചെറുതുമായ 90 ബാറ്ററികള്‍, പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, നാല് ഹൈ ഡെഫിനിഷന്‍ സിസിടിവി ക്യാമറകള്‍, ഒരു ‘ജുഗാഡ്’ വാഹനം, സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ഹ്യുണ്ടായ് ആക്സന്റ്, ഹോണ്ട സിറ്റി കാറുകളുടെ വിവിധ ഭാഗങ്ങള്‍ എന്നിവയൊക്കെ കവര്‍ന്നെടുത്താണ് മോഷ്ടാക്കള്‍ മടങ്ങിയത്.

സംഭവത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. രണ്ടു സ്ത്രീകളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേഷന്‍ പരിസരത്ത് ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയമായതിനാല്‍ വരുന്നതും പോകുന്നതുമായ ആളുകളെ കുറിച്ച് കൃത്യമായ കണക്കെടുക്കാന്‍ കാലതാമസം നേരിടും. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ജോലികള്‍ക്കായി പോലീസുദ്യോസ്ഥരെ മറ്റിടങ്ങളില്‍ വിന്യസിച്ചിരിരുന്നതും മോഷ്ടാക്കള്‍ക്ക് അനുകൂലമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button