
നിയമസഭാ രേഖയായാലും സ്വന്തം ശമ്പള ബില്ലായാലും ഇനി കാത്ത് നില്‍ക്കേണ്ട. എല്ലാം ഒരു വിരല്‍ത്തുമ്പില്‍ ലഭ്യമാകും. വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ നിയമസഭയെ പേപ്പര്‍രഹിതമാക്കുന്നതിന്റെ ഭാഗമായാണ് ‘ഇ- അസംബ്ലി ആപ്പ്’ സര്‍ക്കാര്‍ പുറത്തിറക്കിയത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ആദ്യ കടലാസ് രഹിത ഡിജിറ്റല്‍ നിയമസഭയാകും കേരളത്തിലേത്. സഭയില്‍ നടക്കുന്ന വിവിധ കാര്യങ്ങള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാം.
സഭയില്‍ അവതരിപ്പിക്കാനുള്ള വിവിധ നോട്ടീസുകള്‍ക്ക് അനുമതി തേടുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കടക്കം എംഎല്‍എമാര്‍ക്ക് ആപ്പ് ഉപയോഗിക്കാം. ഇതിന് പുറമേ സഭയില്‍ എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യങ്ങളും അതിന് ലഭിച്ച മറുപടികളും കാണാം. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും എംഎല്‍എമാരോട് സംവദിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമുള്ള സംവിധാനവും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയുടെ സൈബര്‍ പാര്‍ക്കാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. പൂര്‍ണമായും ഡിജിറ്റലായി മാറുന്നതോടെ പ്രതിവര്‍ഷം പ്രിന്റിങ് ഇനത്തില്‍ ചെലവാക്കുന്ന 40 കോടി രൂപ നിയമസഭയ്ക്ക് ലാഭിക്കാം.
Post Your Comments