Latest NewsNews

ഇങ്ങനെയൊക്കെയാണ് വോട്ടെണ്ണല്‍ നടക്കുക; വോട്ടെണ്ണലിനെപ്പറ്റി കൂടുതല്‍ അറിയാം

ഏഴു ഘട്ടങ്ങളിലായി, രണ്ടര മാസമെടുത്ത് നടത്തിയ പോളിങ്ങ്. ഇന്ത്യയിലെ 542 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്. ഇന്ന് രാവിലെ എട്ടുമണി മുതല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. എന്നാല്‍ ഈ വോട്ടെണ്ണല്‍ എങ്ങനെയാണ് നടക്കുക. എന്തൊക്കെയാണ് അതിന്റെ നടപടിക്രമങ്ങള്‍? ആരാണ് എല്ലാം നിയന്ത്രിക്കുക.. ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ പലരുടെയും മനസില്‍ ഉയര്‍ന്നിട്ടുണ്ടാകും. ഇതാ അതിനുള്ള മറുപടി.

തെരഞ്ഞെടുപ്പ കമ്മീഷന്‍ ചട്ടങ്ങള്‍ പ്രകാരം റിട്ടേണിങ്ങ് ഓഫീസര്‍ ആണ് വോട്ടെണ്ണല്‍ നടത്തുന്നത്. സാധാരഗതിയില്‍ ഈ സ്ഥാനത്തിരിക്കുന്നത് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് അഥവാ ജില്ലാ കളക്ടര്‍ ആയിരിക്കും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ക്കും ഇക്കാര്യത്തില്‍ അടുത്ത ചുമതകള്‍ നിര്വഹിക്കേണ്ടതുണ്ട്. വോട്ടെണ്ണുന്ന സ്ഥലം സാധാരണ ഗതിയ്ക്ക് പ്രദേശത്തെ റിട്ടേണിംങ് ഓഫീസറുടെ ആസ്ഥാനമായ കലക്ടറേറ്റ് ആയിരിക്കും. അത് അതാതു പ്രദേശത്തെ സൗകര്യം അനുസരിച്ച് റിട്ടേണിങ്ങ് ഓഫീസര്‍ക്ക് നിശ്ചയിക്കുന്നതില്‍ തെറ്റില്ല. ഒരു പാര്‍ലമെന്റ് മണ്ഡലത്തിലെ ഓരോ അസംബ്ലി മണ്ഡലങ്ങളും വെവ്വേറെ ഹാളില്‍ എണ്ണണം എന്നാണ് കമ്മീഷന്റെ നിബന്ധന. ഒരു കാരണവശാലും രണ്ടു അസംബ്ലി മണ്ഡലങ്ങളിലെ വോട്ട് ഒരു ഹാളില്‍ എണ്ണുവാന്‍ പാടുള്ളതല്ല എന്നും കമ്മീഷന്‍ പറയുന്നു. ഓരോന്നിനും ഓരോ മുറി വേണം. ഓരോ മുറിയിലേക്കും അകത്തേക്കും പുറത്തേക്കും കടക്കാനുള്ള വാതിലുകള്‍ വെവ്വേറെ ആയിരിക്കുകയും വേണം. വെവ്വേറെ മുറികള്‍ പ്രദേശത്തു ലഭ്യമല്ലെന്നുണ്ടെങ്കില്‍ വലിയ ഹാളുകളില്‍ പാര്‍ട്ടീഷന്‍ ചെയ്തു തിരിച്ച് മേല്പറഞ്ഞരീതിയിലുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാവുന്നതാണ്. ഒരു കൗണ്ടിങ് ഹാളില്‍ റിട്ടേണിങ്ങ് ഓഫീസറുടെ ടേബിളിനു പുറമേ 14-ല്‍ കൂടുതല്‍ കൗണ്ടിങ് ടേബിളുകള്‍ ഉണ്ടാവാന്‍ പാടില്ല എന്നും നിയമമുണ്ട്.

വോട്ടെണ്ണല്‍ തുടങ്ങുന്ന നേരമാവുമ്പോള്‍ സ്ട്രോങ്ങ് റൂമുകള്‍ തുറക്കപ്പെടും. റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, സ്ഥാനാര്‍ത്ഥികള്‍/അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മാത്രമേ സ്‌ട്രോങ്ങ് റൂം തുറക്കാവൂ. അവിടത്തെ ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയശേഷം വിഡിയോ കവറേജോടെ ലോക്ക് തുറക്കുന്നു. യാതൊരുവിധത്തിലും ലോക്കിലെ സീലിന് കേടുപാടില്ല എന്നുറപ്പിക്കേണ്ടത് അത്യാവശ്യവുമാണ്. ആദ്യമെന്നുക ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും, പോസ്റ്റല്‍ ബാലറ്റുകളുമായിരിക്കും. അത് റിട്ടേണിങ് ഓഫീസറുടെ മേശപ്പുറത്താവും എണ്ണുക. അടുത്ത അരമണിക്കൂറിനുള്ളില്‍ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. അതിനുള്ളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തീര്‍ന്നാലും ഇല്ലെങ്കിലും ഇത് നടക്കും. എല്ലാ നിയമസഭാ മണ്ഡലങ്ങളിളെയും ഏതെങ്കിലും അഞ്ചു പോളിംഗ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുമെന്നാണ് കണക്ക്. ഇത് നടപ്പില്‍ വന്നത് 2017-ലെ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പോടെയാണ്. കഴിഞ്ഞ ഏപ്രില്‍ എട്ടാം തീയതിയാണ് അത് ഒന്നില്‍ നിന്നും അഞ്ചാക്കി സുപ്രീം കോടതി ഉയര്‍ത്തിയത്.

എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷന്‍ നടത്തുകയുള്ളൂ. ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകള്‍ എണ്ണിത്തീരാന്‍ ചുരുങ്ങിയത് ഒരു മണിക്കൂര്‍ എങ്കിലും എടുക്കും.

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ചുറ്റും 100 മീറ്റര്‍ വ്യാസത്തില്‍ ഒരു പെരിഫറി ബാരിക്കേഡ് ചെയ്ത് സുരക്ഷിതമാക്കണം എന്നാണ് നിയമം. അതിനുള്ളിലേക്ക് അനാവശ്യമായി ആരെയും പ്രവേശിപ്പിക്കരുത്. 3 തലങ്ങളിലുള്ള സുരക്ഷാ പരിശോധനകള്‍ക്കു ശേഷമേ ആര്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കാവൂ. സാധാരണ ഗതിയ്ക്ക് സുരക്ഷാ ചുമതല സ്റ്റേറ്റ് ആംഡ് പോലീസ്, ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ്, ഐടിബിപി തുടങ്ങിയ ഏതെങ്കിലും സൈന്യത്തിനായിരിക്കും. വോട്ടിങ് മെഷീനുകള്‍ സ്‌ട്രോങ്ങ് റൂമില്‍ നിന്നും വോട്ടെണ്ണല്‍ മുറികളിലേക്ക് കൃത്യമായും സമയത്തിനും എത്തിക്കാന്‍ വേണ്ടി വഴി കൃത്യമായി ബാരിക്കേഡ് ചെയ്യണം എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നുണ്ട്. ആ ബാരിക്കേഡ് മുറിച്ചു കടക്കാന്‍ ആര്‍ക്കും അനുവാദമില്ല. കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍. കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ മുറിയ്ക്കുള്ളിലേക്ക് പ്രവേശിക്കാനുള്ള അധികാരമുള്ളത്. മറ്റുള്ള പോലീസ് ഓഫീസര്‍മാരോ, അല്ലെങ്കില്‍ മന്ത്രിമാരോ ഒന്നും ഈ വകുപ്പില്‍ പെടില്ല. അവരാരും തന്നെ അനാവശ്യമായി വോട്ടെണ്ണുന്നിടത്ത് ചുറ്റിപ്പറ്റി നില്‍ക്കാനും പാടില്ല. വോട്ടെണ്ണല്‍ മുറിയ്ക്കുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാര്‍ക്കും തന്നെ, സ്ഥാനാര്‍ത്ഥിക്കോ, റിട്ടേണിങ് ഓഫീസര്‍ക്കോ, അദ്ദേഹത്തിന്റെ അസിസ്റ്റന്റിനോപോലും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അധികാരമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം.

Tags

Post Your Comments


Back to top button
Close
Close