CricketLatest News

സന്നാഹ മത്സരത്തിൽ നാണം കേട്ട തോൽവിയോടെ തുടക്കം

ഓവല്‍: ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹമത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് തോൽവി. ഇന്ത്യ മുന്നോട്ട് വെച്ച 180 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ 13 ഓവര്‍ ബാക്കി നിര്‍ത്തി കീവീസ് മറികടന്നു. സ്കോര്‍ ഇന്ത്യ 39.2 ഓവറില്‍ 179ന് ഓള്‍ ഔട്ട്, ന്യൂസിലന്‍ഡ് 37.1 ഓവറില്‍ 180/4.

തുടക്കത്തിൽ കോളിന്‍ മണ്‍റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജസ്പ്രീത് ബൂമ്ര ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണും(67) മാര്‍ട്ടിന്‍ ഗപ്ടിലും(22), ചേര്‍ന്ന് കീവീസിനെ വിക്കറ്റ് നഷ്ട്ടം കൂടാതെ മുന്നോട്ട് നയിച്ചു.

ഗപ്ടിലിനെ ഹര്‍ദ്ദിക് പാണ്ഡ്യപുറത്താക്കിയെങ്കിലും പിന്നീടു ക്രീസിലെത്തിയ റോസ് ടെയ്‌ലറുടെ തകർപ്പൻ ഇന്നിംഗ്സ് ഇന്ത്യന്‍ പ്രതീക്ഷകളെ ആസ്ഥാനത്താക്കി. 75 പന്തില്‍ 71 റണ്‍സെടുത്ത ടെയ്‌ലര്‍ വിജയത്തിന് ഒരു റണ്ണകലെ പുറത്തായെങ്കിലും ഹെന്‍റി നിക്കോള്‍സും(15 നോട്ടൗട്ട്) ടോം ബ്ലണ്ടലും(0) ചേര്‍ന്ന് വിജയം പൂര്‍ത്തിയാക്കി.

ബൂമ്ര നാലോവറില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങിയും ചാഹല്‍ ആറോവറില്‍ 37 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റുകൾ നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 39.2 ഓവറില്‍ 179 റണ്‍സിന് ഓള്‍ ഔട്ടായി. ഏഴാം വിക്കറ്റിൽ ക്രീസിലെത്തി 50 പന്തില്‍ 54 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. എട്ടാം വിക്കറ്റില്‍ ജഡേജയും കുല്‍ദീപ് യാദവും ചേര്‍ന്നെടുത്ത 62 റണ്‍സാണ് ഇന്ത്യയെ 150 കടത്തിയത്. 19 റണ്‍സെടുത്ത കുല്‍ദീപ് ആണ് അവസാനം പുറത്തായത്. 33 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ട് ഇന്ത്യൻ ബാറ്റിംഗ് നിരയെ തരിപ്പണമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button