KeralaLatest News

ഐ.എസ് ഭീകരര്‍ ലക്ഷദ്വീപിലേയ്‌ക്കെന്ന് റിപ്പോര്‍ട്ട് : കേരള തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

മുന്നറിയിപ്പിനെ തുടര്‍ന്ന് കേരള തീരത്ത് നാവികസേനയും തീരസംരക്ഷണസേനയും തീരദേശ പോലീസും കടല്‍പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്

തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്.) ഭീകരര്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങിയതായി വിവരം. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗമാണ് ഇതേ കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയത്. ശ്രീലങ്കയില്‍നിന്ന് 15 ഐ.എസ് തീവ്രവാദികള്‍ ബോട്ട് മാര്‍ഗം ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് കേരളതീരത്ത് കനത്ത ജാഗ്രതപാലിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ്, ആഭ്യന്തരമന്ത്രാലയം എന്നിവ നിര്‍ദേശം നല്‍കി.

മുന്നറിയിപ്പിനെ തുടര്‍ന്ന് കേരള തീരത്ത് നാവികസേനയും തീരസംരക്ഷണസേനയും തീരദേശ പോലീസും കടല്‍പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. സേനയുടെ എല്ലാ കപ്പലുകളും ഡോര്‍ണിയര്‍ വിമാനങ്ങളും നിരീക്ഷണം നടത്തുന്നുണ്ട്. ആഴക്കടലിലും തീരക്കടലിലും പരിശോധനകള്‍ തുടരുന്നതായി വിഴിഞ്ഞം തീരസംരക്ഷണസേനയുടെ കമാന്‍ഡര്‍ വി.കെ. വര്‍ഗീസ് അറിയിച്ചു. അതേസമയം ബോട്ട് പട്രോളിങ് ശക്തമാക്കാനും കടലോര ജാഗ്രതാസമിതി അംഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വിവരം നല്‍കണമെന്നും തീരസുരക്ഷാമേധാവി നിര്‍ദ്ദേശം നല്‍കി.

കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടക പരമ്പരകള്‍ നടത്തിയ ഭീകരര്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നെന്ന് ശ്രീലങ്കന്‍ സൈനികമേധാവികള്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കി ഭീകരര്‍ക്ക് കരളത്തില്‍നിന്ന് ഏതെങ്കിലും വിധത്തിലുള്ള സഹായം കിട്ടിയിട്ടുണ്ടോ എന്നും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button