KeralaLatest News

ഏറ്റവും തിരക്കുള്ള കഴക്കൂട്ടം ബൈപാസ് റോഡ് ആറ് മാസത്തേയ്ക്ക് അടച്ചിടുന്നു : യാത്രക്കാര്‍ സഞ്ചരിയ്‌ക്കേണ്ട വഴി ഇങ്ങനെ : റൂട്ട് മാപ്പ് പൊലീസ് പുറത്തുവിട്ടു

തിരുവനന്തപുരം: ഏറ്റവും തിരക്കുള്ള കഴക്കൂട്ടം ബൈപാസ് റോഡ് ആറ് മാസത്തേയ്ക്ക് അടച്ചിടുന്നു. കഴക്കൂട്ടം- ടെക്‌നോപാര്‍ക്ക് എലിവേറ്റഡ് ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായാണ് ജൂണ്‍ ആറ് മുതല്‍ ആറ് മാസത്തേക്ക് ദേശീയ പാത ബൈപ്പാസ് റോഡ് അടച്ചിടുന്നത്. ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന അറിയിപ്പുകള്‍ പുറത്തു വന്നതോടെ ഈ റൂട്ടിലുള്ള യാത്രയെ കുറിച്ച് ജനങ്ങളില്‍ ആശങ്ക ഉണ്ടായിരിക്കുകയാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി റൂട്ട് മാപ്പ് വ്യക്തമാക്കുന്ന വീഡിയോ കേരള പൊലീസ് പുറത്തുവിട്ടിരിക്കുകയാണ്.

കഴക്കൂട്ടം ബൈപ്പാസ് ജംഗ്ഷന്‍ മുതല്‍ ആറ്റിന്‍കുഴി ജംഗ്ഷന്‍ വരെയുള്ള ഭാഗമാണ് അടച്ചിടുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൊല്ലം- തിരുവനന്തപുരം, തിരുവനന്തപുരം -കൊല്ലം കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കഴക്കൂട്ടം ബൈപ്പാസ് ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഇടതു വശത്തുള്ള സര്‍വീസ് റോഡിലൂടെ യാത്ര ചെയ്യണം. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ആറ്റിന്‍കുഴി ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഇടതു വശത്തുള്ള സര്‍വീസ് റോഡിലൂടെ യാത്ര ചെയ്യണം. ഈ രണ്ട് സര്‍വീസ് റോഡുകളും വണ്‍വേ ആണ്.

ചാക്ക- ടെക്‌നോപാര്‍ക്ക്

ചാക്കയില്‍ നിന്ന് ടെക്‌നോപാര്‍ക്കിലേക്ക് പോകേണ്ട വാഹനങ്ങള്‍ ആറ്റിന്‍കുഴി ജംഗ്ഷനില്‍ നിന്നും ഇടതുവശത്തുള്ള സര്‍വീസ് റോഡില്‍ പ്രവേശിച്ച് കഴക്കൂട്ടം ബൈപ്പാസ് ജംഗ്ഷനില്‍ നിന്ന് യു-ടേണ്‍ എടുത്ത് മറുവശത്തുള്ള സര്‍വീസ് റോഡില്‍ പ്രവേശിക്കണം. മെയിന്‍ ഗേറ്റ് വഴിയും ടിസിഎസ് ഗേറ്റ് വഴിയും ഫേസ് ത്രി ഗേറ്റ് വഴിയും മാത്രമായിരിക്കും ടെക്‌നോപാര്‍ക്കിലേക്കുള്ള പ്രവേശനം. ടെക്‌നോ പാര്‍ക്കില്‍ നിന്ന് പുറത്തു കടക്കുന്നതും ഈ മൂന്ന് വഴിയിലൂടെയാണ്. പുറത്തിറങ്ങിയ ശേഷം ഇടതു വശത്തേക്ക് തിരിഞ്ഞ് പോകണം.

കഴക്കൂട്ടത്തു നിന്ന് ടെക്‌നോപാര്‍ക്കിലേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ കഴക്കൂട്ടം ബൈപ്പാസ് റോഡില്‍ നിന്ന് ശ്രീകാര്യം റോഡിലേക്ക് തിരിഞ്ഞ് ടെക്‌നോപാര്‍ക്കിന്റെ പിന്നിലുള്ള ഗേറ്റ് വഴിയാണ് പ്രവേശിക്കേണ്ടത്. ഇതുവഴി തന്നെയാണ് പുറത്തേക്ക് പോകേണ്ടതും. വലിയവാഹനങ്ങളുടെ യാത്ര
ചാക്കയില്‍ നിന്ന് കൊല്ലത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ ആറ്റിന്‍കുഴി ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പള്ളിനട, കഴക്കൂട്ടം മാര്‍ക്കറ്റ് റോഡ് വഴി ഹൈവേയില്‍ പ്രവേശിക്കണം.

കൊല്ലം- മെഡിക്കല്‍ കോളേജ്

കൊല്ലത്തു നിന്ന് മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ശ്രീകാര്യം ഉള്ളൂര്‍ വഴിയോ അതല്ലെങ്കില്‍ ചാവടിമുക്കില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് എന്‍ജിനീയറിംഗ് കോളേജ്, ആക്കുളം, കോട്ടമുക്ക് വഴിയോ യാത്ര ചെയ്യണം.

കൊല്ലം- എയര്‍പോര്‍ട്ട്

കൊല്ലത്തു നിന്ന് എയര്‍പോര്‍ട്ടിലേക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടുറോഡില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഹോസ്റ്റല്‍ റോഡിലൂടെ തുമ്പ, വേളി, ശംഖുമുഖം വഴി യാത്ര ചെയ്യണം.

രാവിലെ 8 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 7വരെ

ഗതാഗതക്കുരുക്ക് ഏറെ അനുഭവപ്പെടുന്ന രാവിലെ എട്ട് മുതല്‍ പത്ത് മണിവരെയും വൈകിട്ട് നാല് മണി മുതല്‍ ഏഴ് മണി വരെയും കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടുറോഡില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കാട്ടായിക്കോണം, ചെമ്ബഴന്തി വഴി ശ്രീകാര്യം റോഡില്‍ പ്രവേശിക്കണം.

എംസി റോഡ്- തിരുവനന്തപുരം

എംസി റോഡില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വാഹനങ്ങള്‍ പോത്തന്‍കോട്, കഴക്കൂട്ടം റോഡ് ഒഴിവാക്കേണ്ടതാണ്. പകരം പോത്തന്‍കോട്, കാട്ടായിക്കോണം, ചെമ്ബഴന്തി, ശ്രീകാര്യം റോഡ് ഉപയോഗിച്ച് യാത്ര ചെയ്യണമെന്നാണ് നിര്‍ദേശം.

കണ്ടെയ്‌നര്‍, ട്രെയിലര്‍, ലോറി എന്നിവയ്ക്ക് നിയന്ത്രണം
തിരുവനന്തപുരം നഗത്തിലേക്ക് വരുന്നതും പോകുന്നതുമായ കണ്ടെയ്‌നര്‍, ട്രെയിലര്‍, ലോറി എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ പത്ത് വരെയും വൈകിട്ട് നാലു മുതല്‍ ഏഴ് വരെയും ഇത്തരം വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button