KeralaLatest News

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ ഒൻപത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഫിഷറീസ് അസി. ഡയറക്ടർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മൺസൂൺ കാലത്ത് മത്സ്യബന്ധനത്തിന് പോകുന്നവർ രാത്രിയിൽ ലൈറ്റ് ഫിഷിംഗ് നടത്തരുത്. വളർച്ച പൂർത്തിയാകാത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ച് വിൽപനയ്ക്ക് കൊണ്ടുവരരുത്. രാത്രിയിൽ ലൈറ്റ് ഉപയോഗിച്ച് ആകർഷിച്ചും കണ്ണിവലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചും മത്തി, അയല തുടങ്ങിയവയുടെ വളർച്ച പൂർത്തിയാകാത്ത കുഞ്ഞുങ്ങളെ പിടിച്ച് കരയിൽ കച്ചവടം ചെയ്യുന്നത് നിയമപരമായി നിരോധിച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടാൽ രണ്ടര ലക്ഷം രൂപ വരെ പിഴ ഉടമസ്ഥരിൽ നിന്നും ഈടാക്കും.

നിരോധിച്ച രീതിയിലുളള മത്സ്യബന്ധനവലകളും രീതികളും ഉപയോഗിക്കരുത്. അതിശക്തമായ കാറ്റും തിരയും ഉളളപ്പോഴും കാലാവസ്ഥാ മുന്നറിയിപ്പുകൾ ഉളളപ്പോഴും കടലിൽ പോകരുത്. മൺസൂൺ കാലത്ത് കടലിൽ പോകുന്നവർ ലൈഫ് ജാക്കറ്റ്, ലൈഫ്‌ബോയ, കോമ്പസ്, വയർലസ് തുടങ്ങിയ ജീവൻരക്ഷയ്ക്കും വാർത്താവിനിമയത്തിനും ഉളള ഉപകരണങ്ങൾ കൂടെക്കൊണ്ടുപോകണം. വളളവും എൻജിനും അറ്റകുറ്റപണികൾ തീർത്ത് യാത്രാ യോഗ്യമായിരിക്കണം. വളളത്തിന്റെ ഇരുവശങ്ങളിലും മഞ്ഞ പ്രതലത്തിൽ കറുത്ത അക്ഷരത്തിൽ രജിസ്റ്റർ നമ്പർ എഴുതിയിരിക്കണം.

തങ്ങൽ വളളങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുളളപ്പോൾ നിർബന്ധമായും കടലിൽ തങ്ങരുത്. യാത്ര പുറപ്പെടുമ്പോഴും തിരികെ വരുമ്പോഴും സാഗര മൊബൈൽ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തുക. മറൈൻ എൻഫോഴ്‌സ്‌മെന്റ്/കോസ്റ്റൽ പോലീസ്/ഫിഷറീസ് എന്നിവരുടെ നിർദേശങ്ങൾ പാലിക്കണം. അപകടത്തിൽപ്പെട്ടാൽ കോസ്റ്റൽ പോലീസ് – (ടോൾ ഫ്രീ നമ്പർ) 1093, കോസ്റ്റ്ഗാർഡ് – (ടോൾ ഫ്രീനമ്പർ) 1554, നേവി (0484-2872353/5457), ഫിഷറീസ് കൺട്രോൾറൂം/മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഴിഞ്ഞം (0471-2480335, 9447141189) എന്നിവരെ വിവരം അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button