KeralaLatest News

പനി ബാധിച്ച അഞ്ചുപേര്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ ; ഭയം വേണ്ടെന്ന് ആരോഗ്യമന്ത്രി

കൊച്ചി : നിപ പനി ബാധിച്ച അഞ്ചുപേര്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍. മുന്‍കരുതലിന്റെ ഭാഗമായി 311 പേര്‍ നിരീക്ഷണത്തിലാണ്. എന്നാൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. നിലവിൽ പനി ബാധിച്ചിരിക്കുന്നത് തൃശൂര്‍, എറണാകുളം, ഇടുക്കി, കൊല്ലം ജില്ലകളിൽ നിന്നുള്ളവർക്കാണ്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രോഗബാധ സ്ഥിരീകരിച്ച യുവാവിനെ പരിചരിച്ച മൂന്ന് നഴ്‌സുമാരും ഒരു സഹപാഠിയും ഒരു ചാലക്കുടി സ്വദേശിയായ യുവാവുമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്.ഈ അഞ്ചുപേരുടെയും സ്രവങ്ങള്‍ ഇന്ന് വിശദ പരിശോധനയ്ക്ക് അയക്കും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് പരിശോധനക്കായി സ്രവങ്ങള്‍ അയക്കുന്നത്. അതേസമയം നിപ ബാധിച്ച്‌ കൊച്ചിയില്‍ ചികില്‍സയിലുള്ള വടക്കന്‍ പറവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

നിപയുടെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി. തൊടുപുഴയിലും തൃശൂരിലും എറണാകുളത്തും പരിശോധന നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. കേന്ദ്രസംഘത്തിന്റെ നേതൃത്വത്തില്‍ നിപയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ തുടരും. അതിനിടെ നിപ പ്രതിരോധ മരുന്നായ ഹ്യൂമന്‍ മോണല്‍ ക്ലോണല്‍ ആന്റിബോഡി ഓസ്‌ട്രേലിയയില്‍ നിന്നും ഇന്നെത്തും. ബന്ധുക്കളുടെ അനുമതിയോടെയാരും മരുന്ന് രോഗികളില്‍ ഉപയോഗിക്കുക.

ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകളിലും ആരോഗ്യവകുപ്പ് ബോധവത്കരണ ക്യാംപെയ്‌നുകള്‍ നടത്തുന്നുണ്ട്.നിപയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കോള്‍സെന്റര്‍ 24മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.നിപ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button