Latest NewsKerala

മോദി – പിണറായി കൂടിക്കാഴ്ച; എയിംസ് എന്ന ആവശ്യം വീണ്ടും മുന്നോട്ട് വെച്ച് മുഖ്യമന്ത്രി, പ്രധാനമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് അനുവദിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം കോഴിക്കോട്ടെ കിനാലൂരില്‍ 200 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി കണ്ടെത്തിയിരുന്നു. ഒന്നാം മോദി സര്‍ക്കാര്‍ 12 സംസ്ഥാനങ്ങളില്‍ എയിംസ് അനുവദിച്ചെങ്കിലും കേരളത്തെ പരിഗണിച്ചില്ല.

രാജ്യാന്തരനിലവാരമുള്ള ആയുര്‍വേദ ഗവേഷണ കേന്ദ്രം വേണമെന്ന ആവശ്യവും പ്രധാനമന്ത്രിക്കു മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. ലബോറട്ടറി സൗകര്യമുള്ള സമഗ്രമായ ഗവേഷണ പഠനം സാധ്യമാക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടാണ് വിഭാവനം ചെയ്യുന്നത്. ആയുര്‍വേദ രംഗത്ത് കേരളത്തിന്റെ സംഭാവന ലോകപ്രസിദ്ധമാണെന്നും ആഗോളനിലവാരമുള്ള രാജ്യാന്തര ആയുര്‍വേദ സ്ഥാപനങ്ങള്‍ രാജ്യത്തിന് ആവശ്യമുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

ചെന്നൈ-ബംഗളുരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍വഴി കൊച്ചിയിലേക്ക് നീട്ടണമെന്ന ദീര്‍ഘകാല ആവശ്യം പ്രധാനമന്ത്രിയുടെ മുമ്പില്‍ അവതരിപ്പിച്ചു. വിശദമായ റിപ്പോര്‍ട്ട് ദേശീയ വ്യവസായ ഇടനാഴി വികസന ട്രസ്റ്റിന് നല്‍കിയിട്ടുള്ളതാണ്. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന കാര്യം പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

വാതക പൈപ്പ് ലൈന്‍ പദ്ധതി മുടങ്ങിക്കിടക്കുന്നതുകൊണ്ട് കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുന്ന വസ്തുത ആദ്യ കൂടിക്കാഴ്ച്ചയില്‍തന്നെ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. എല്ലാ തടസങ്ങളുംനീക്കി പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് പ്രധാനമന്ത്രിക്ക് അന്ന് ഉറപ്പു നല്‍കിയിരുന്നു. അത് യാഥാര്‍ഥ്യമാകുന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെട്രോള്‍ കെമിക്കല്‍ കോംപ്ലക്സ് നിര്‍മ്മിക്കുന്നതിനും കൊച്ചി റിഫൈനറിയുടെ വികസനത്തിനുമായി 600 ഏക്കര്‍ ഭൂമി കൈമാറാന്‍ കേന്ദ്ര രാസവള രാസവസ്തു വകുപ്പ് മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ഇതിനും പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button