Latest NewsIndia

രാജ്യസഭയിലെ ടിഡിപി ബിജെപിയിൽ ലയിക്കുന്നു ; രാജ്യസഭയിലും ബിജെപി പിടിമുറുക്കുന്നു, ഞെട്ടൽ മാറാതെ ചന്ദ്രബാബു നായിഡു അമേരിക്കയിൽ

ടിഡിപിയുടെ രാജ്യസഭാ എംപിമാരായ വൈ എസ് ചൗധുരി, ടി ജി വെങ്കടേഷ്, സി എം രമേഷ്, ജി എം റാവു എന്നിവര്‍ തങ്ങള്‍ ബിജെപി ബെഞ്ചിനൊപ്പം ഇരിക്കാന്‍ തീരുമാനിച്ചതായി പാസാക്കിയ പ്രമേയം രാജ്യസഭാ ചെയര്‍മാനും വൈസ് പ്രസിഡന്റുമായ വെങ്കയ്യാ നായിഡുവിന് കൈമാറിയത്.

ഹൈദരാബാദ്: കർണ്ണാടകയ്ക്ക് പിന്നാലെ ആന്ധ്രയിലും പിടിമുറുക്കി ബിജെപി. ഒറ്റ ദിവസം കൊണ്ട് നാല് രാജ്യസഭാ അംഗങ്ങളാണ് ആന്ധ്രയില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ടിഡിപിയുടെ രാജ്യസഭാ എംപിമാരായ വൈ എസ് ചൗധുരി, ടി ജി വെങ്കടേഷ്, സി എം രമേഷ്, ജി എം റാവു എന്നിവര്‍ തങ്ങള്‍ ബിജെപി ബെഞ്ചിനൊപ്പം ഇരിക്കാന്‍ തീരുമാനിച്ചതായി പാസാക്കിയ പ്രമേയം രാജ്യസഭാ ചെയര്‍മാനും വൈസ് പ്രസിഡന്റുമായ വെങ്കയ്യാ നായിഡുവിന് കൈമാറിയത്.

ഇതോടെ രാജ്യസഭയിലെ ടിഡിപി പിളര്‍ന്നു. ബിജെപിയിൽ ചേരുന്നതിനായി തെലുങ്ക് ദേശം പാർട്ടിയുടെ നാല് രാജ്യസഭാംഗങ്ങൾ പാർട്ടി വിട്ടതിനു പിന്നാലെയാണ് പാർട്ടി ലയിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത് .പാർട്ടി നേതാവ് വൈ എസ് ചൗധരി ,ഉപ നേതാവ് സി എം രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രമേയം പാസാക്കിയത് . ഇതു സംബന്ധിച്ച് രാജ്യസഭാ ചെയർമാനു കത്ത് നൽകിയതായും നേതാക്കൾ അറിയിച്ചു . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളിലും ,നേതൃത്വത്തിലും ആകൃഷ്ടരായാണ് തങ്ങൾ ബിജെപിയിൽ ലയിക്കുന്നതെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു .

രാജ്യസഭയില്‍ നിലവില്‍ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് സ്വന്തം കളത്തിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുകയെന്നത് നിര്‍ണായകമാണ്. മുത്തലാഖുള്‍പ്പടെ നിരവധി പ്രധാനപ്പെട്ട ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസ്സാക്കാന്‍ രണ്ട് സഭകളിലും കൃത്യമായ പിന്തുണ ബിജെപിക്ക് ആവശ്യമാണ്. ഇത് മുന്നില്‍ക്കണ്ടാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. നാല് എംപിമാരും ബിജെപി അധ്യക്ഷന്‍ കൂടിയായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.രാജ്യസഭയിൽ ടിഡിപിയ്ക്ക് ആകെ ആറ് എംപിമാരാണുള്ളത്.

രാജ്യസഭാംഗമായ ടിജി വെങ്കിടേഷ് പ്രതികരിച്ചത് താൻ നേരത്തെ മുതൽ എബിവിപിയുടെയും യുവമോർച്ചയുടെയും സജീവ പ്രവർത്തകനായിരുന്നുവെന്നുമാണ് .അതേസമയം, പാളയത്തില്‍ പട നാല് എംപിമാരുടെ ചുവടുമാറ്റത്തില്‍ മാത്രം ഒതുങ്ങില്ലെന്നാണ് സൂചന. ടിഡിപിയുടെ മുതിര്‍ന്ന നേതാക്കളും മുന്‍ എംഎല്‍എമാരും കാക്കിനടയിലെ ഒരു ഹോട്ടലില്‍ രഹസ്യയോഗം ചേരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. മുന്‍ എംഎല്‍എ തോട്ട ത്രിമൂര്‍ത്തുലുവിന്റെ നേതൃത്വത്തില്‍ കാപു വിഭാഗത്തില്‍പ്പെട്ട എംപിമാരാണ് രഹസ്യയോഗം ചേരുന്നത്.

ഭാവി പരിപാടികള്‍ എന്തായിരിക്കണമെന്ന് തീരുമാനിക്കാനാണ് യോഗം. ഇവരും പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.നേരത്തേ തന്നെ, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി നേതാക്കള്‍ പാര്‍ട്ടികളില്‍ നിന്ന് കൊഴിഞ്ഞുപോകുമെന്നും സ്വന്തം പാളയത്തിലെത്തുമെന്നും ചില ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button