KeralaLatest NewsIndia

ഋഷിരാജ് സിംഗും യതീഷ് ചന്ദ്രയും മിന്നൽ പരിശോധന നടത്തിയതിൽ ടിപി കേസ് പ്രതികൾക്ക് ജയിൽ മാറ്റം, പ്രതികളെ സിപിഎം സംരക്ഷിക്കില്ലെന്നു സൂചന

ഏതുതരത്തിൽ പാർട്ടി ബന്ധമുള്ളവരായാലും ക്വട്ടേഷൻ സംഘങ്ങളുമായി അവർക്ക് ബന്ധമുണ്ടെങ്കിൽ ഒറ്റപ്പെടുത്തണമെന്ന് തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്.

തൃശ്ശൂര്‍ : ടി.പി വധക്കേസ് പ്രതികളായ കൊടി സുനിയേയും ഷാഫിയേയും ജയില്‍ മാറ്റും. ഇരുവരെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റു. ഇന്ന് പുലര്‍ച്ചെ നാടകീയമായി ജയിലില്‍ നടത്തിയ റെയ്ഡില്‍ ഇവരില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. നേരത്തെയും ഷാഫിയിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് ഫോണുകളാണ് ഷാഫിയുടെ കൈവശം ഉണ്ടായിരുന്നത്.കത്തിയും മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

വിയൂർ ജയിലിൽ നടന്ന പരിശോധനയിലും രണ്ട് സ്മാർട്ട്ഫോണുകൾ കണ്ടെടുത്തിരുന്നു. ഇന്ന് പുലർച്ചെ നാല് മണിക്കാണ് വിയൂരിലേയും കണ്ണൂരിലേയും ജയിലുകളിൽ റെയ്‌ഡുകൾ നടന്നത്.ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലാണ് കണ്ണൂർ ജയിലിൽ റെയ്‌ഡുകൾ നടന്നത്. ജയിലിൽ നിന്ന് മദ്യകുപ്പികളും ബീഡി പാക്കറ്റുകളും പിടിച്ചെടുത്തു. ഐ.ജി അശോക് യാദവ്, കണ്ണൂർ എസ് പി എന്നിവർ സിംഗിന് ഒപ്പം ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജയിലിനുള്ളിൽ ഇത്തരത്തിൽ അനധികൃതമായി വിവിധ സംഭവങ്ങൾ നടക്കുന്നുവെന്ന് നേരത്തെ തന്നെ ഋഷിരാജ് സിംഗിന് വിവരം ലഭിച്ചിരുന്നു. അതിനാലാണ് ഉടൻ തന്നെ റെയ്ഡ് നടത്തിയത്. മാത്രമല്ല തടവുകാരെ പ്രത്യേകം എസ്‌കോർട്ട് ഇല്ലാതെ പുറത്തും മറ്റും ജയിൽ അധികൃതർ വിടുന്നുവെന്നും മറ്റാളുകളുമായി ബന്ധപ്പെടാനും സംസാരിക്കാനും അനുവദിക്കുന്നതായും അദ്ദേഹത്തിന് പരാതി ലഭിച്ചിരുന്നു.ഇതിനെ തുടർന്ന് ഋഷിരാജ് സിംഗ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

അതെ സമയം പ്രതികളെ സിപിഎം സംരക്ഷിക്കില്ല എന്നാണ് റിപ്പോർട്ടുകൾ. പരോളിലിറങ്ങിയും ജയിലിലിരുന്നും ‘ഓപ്പറേഷൻ’ നടത്തുന്ന സംഘം തലശ്ശേരി-കൂത്തുപറമ്പ് മേഖലയിൽ വലിയ ഭീഷണി സൃഷ്ടിക്കുന്നുവെന്ന പോലീസ് റിപ്പോർട്ടാണ് പാർട്ടിയുടെ പുനർവിചിന്തനത്തിന് കാരണമായത്.കഴിഞ്ഞ ജനുവരിയിൽ കൂത്തുപറമ്പിൽ കൊടി സുനിയുടെ നേതൃത്വത്തിൽ കൈതേരിയിലെ റഫ്ഷാൻ എന്നയാളെ തട്ടിക്കൊണ്ടുപോയിരുന്നു.

റഫ്ഷാന്റെ സഹോദരനെതിരേ ഒരാൾ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്താണ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന സുനി പരോളിലിറങ്ങിയത്. റഫ്ഷാന്റെ സഹോദരന്റെ പക്കൽ ഗൾഫിൽനിന്ന് ഒരാൾ കൊടുത്തയച്ച സ്വർണം കൈമാറാത്തതായിരുന്നു കാരണം. വിശ്വാസവഞ്ചന കാട്ടിയതിനും സ്വർണം തിരിച്ചുകൊടുപ്പിക്കുന്നതിനുമായിരുന്നു ക്വട്ടേഷൻ. തട്ടിക്കൊണ്ടുപോയ റഫ്ഷാനെ വയനാട്ടിലെ റിസോർട്ടിൽ ക്രൂരമായി പീഡിപ്പിക്കുകയും 16,000 രൂപയും ഫോണും തട്ടിപ്പറിച്ചുവെന്നുമാണ് പോലീസ് രജിസ്റ്റർചെയ്ത കേസ്.

ജയിലിലേക്ക് തിരിച്ചുപോയ കൊടി സുനിയെ പ്രതിചേർത്തതോടെയാണ് കേസിന് വഴിത്തിരിവായത്.കൊടി സുനിയെയും സംഘത്തെയും കസ്റ്റഡിയിൽവാങ്ങി ചോദ്യംചെയ്ത പോലീസിന് കൂത്തുപറമ്പ് മേഖലയിലെ ഹവാലാ ഇടപാടുകളെയും ക്വട്ടേഷൻ സംഘങ്ങളെയും പറ്റി വിവരം ലഭിച്ചു. കൂത്തുപറമ്പ്-തലശ്ശേരി മേഖലയിലെ അക്രമ-കൊലപാതക കേസുകളിൽ പ്രതികളായ ചില സി.പി.എം. പ്രവർത്തകർ ക്വട്ടേഷൻ സംഘത്തിന് പിന്നിലുണ്ടെന്ന് വ്യക്തമായതിനെത്തുടർന്ന് വിവരം സി.പി.എം. നേതൃത്വത്തെ അറിയിച്ചു. തുടർന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റി ചേർന്ന് ചർച്ചചെയ്തത്.

ഏതുതരത്തിൽ പാർട്ടി ബന്ധമുള്ളവരായാലും ക്വട്ടേഷൻ സംഘങ്ങളുമായി അവർക്ക് ബന്ധമുണ്ടെങ്കിൽ ഒറ്റപ്പെടുത്തണമെന്ന് തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. കൂടാതെ ജയിൽ ഡിജിപിയായി ചാർജെടുത്ത ഋഷിരാജ് സിങ് കടുത്ത നിലപാടാണ് എടുത്തത്. താനറിയാതെ ഒരു തടവുകാരനും പരോൾ അനുവദിക്കരുതെന്ന് ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. ജയിലുകൾ കേന്ദ്രീകരിച്ച് ക്വട്ടേഷൻ ഇടപാടുകൾ നടക്കുന്നതായി വിവരം ലഭിച്ചതിനെതുടർന്നാണിത്. ജയിലുകളിലെ അച്ചടക്കലംഘനത്തിന്റെ കാരണക്കാരിൽ പലരും ഭരണകക്ഷിയുമായി ബന്ധമുള്ള കൊലക്കേസ് പ്രതികളാണെന്ന ആരോപണമുണ്ടായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button