Latest NewsIndia

അര്‍ധരാത്രിയില്‍ റെയ്ഡ്; വര്‍ഷങ്ങള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത്‌ പൊലീസ്, കാരണം ഇങ്ങനെ

ശ്രീനഗര്‍ : മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള കേസിന്റെ പേരില്‍ കശ്മീരിലെ പത്രസ്ഥാപനത്തിന്റെ പ്രസാധകനെ അര്‍ധരാത്രി റെയ്ഡ് നടത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ഉറുദു ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന ഡെയിലി അഫാഖ് എന്ന പത്രത്തിന്റെ പ്രസാധകനും മാധ്യമപ്രവര്‍ത്തകനുമായ ഗുലാം ജിലാനി ക്വാദ്രി (62) ആണ് പൊലീസ് പിടിയിലായത്. 1990ല്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ പേരിലുള്ള വകുപ്പ് ഗുലാം ജിലാനിക്കെതിരെ ചുമത്തിയ, കേസിലാണ് 2019 ല്‍ നടപടിയെടുത്തത്.

തിങ്കളാഴ്ച അര്‍ധരാത്രി മാധ്യമപ്രവര്‍ത്തകന്റെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. 1993 ലെ വാറന്റ് ഇപ്പോഴെന്തിനാണ് ഗുലാം ജിലാനിക്കെതിരായി മാത്രം നടപ്പാക്കുന്നതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ മുഹമ്മദ് മൊറിഫാത്ത് ക്വാദ്രി ചോദിച്ചു. വാറന്റ് പുറപ്പെടുവിച്ചതിനുശേഷം പല തവണ തന്റെ സഹോദരന്‍ പൊലീസ് സ്റ്റേഷനില്‍ പോയിട്ടുള്ളതായും മുഹമ്മദ് മൊറിഫാത്ത്ക്വാദ്രി രാജ്യാന്തര മാധ്യമങ്ങളോടു പറഞ്ഞു. മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അറസ്റ്റെന്ന് കശ്മീര്‍ യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ് ആരോപിച്ചു. ദിവസേന മാധ്യമ സ്ഥാപനത്തിലെ ഓഫിസിലെത്തിയിരുന്ന ക്വാദ്രിയെ അര്‍ധരാത്രി വീട്ടില്‍ കയറി അറസ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും സംഘടന വ്യക്തമാക്കി.

മാധ്യമങ്ങള്‍ക്കെതിരെ കശ്മീരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണു നടപടിയെന്നാണു പ്രധാന ആക്ഷേപം. റിപോര്‍ട്ടേര്‍സ് വിതൗട്ട് ബോര്‍ഡേഴ്‌സ് മാധ്യമ സ്വാതന്ത്രത്തെക്കുറിച്ചു 180 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ 138ാം സ്ഥാനം മാത്രമാണ് ഇന്ത്യയ്ക്കു ലഭിച്ചത്. കശ്മീരിലെ മാധ്യമങ്ങള്‍ക്കെതിരായ നിയന്ത്രണങ്ങളാണ് ഇതിന്റെ മുഖ്യകാരണമെന്നാണു വിലയിരുത്തല്‍. സംഭവം പൊലീസും അറസ്റ്റിലായ വ്യക്തിയുടെ സഹോദരനും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം തിങ്കളാഴ്ച പൊലീസിനു നല്ല തിരക്കായതിനാലാണു മാധ്യമപ്രവര്‍ത്തകനെ രാത്രി അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം.

shortlink

Post Your Comments


Back to top button