Latest NewsIndia

ജാര്‍ഖണ്ഡ് ആള്‍ക്കൂട്ട കൊലപാതകം; മനുഷ്യത്വത്തിനേറ്റ കളങ്കമെന്ന് രാഹുല്‍ ഗാന്ധി

റാഞ്ചി: ജാര്‍ഖണ്ഡില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകം മനുഷ്യത്വത്തിനേറ്റ കളങ്കമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരികളുടെ നിശബ്ദത തന്നെ ഞെട്ടിക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ തബ്രെസ് അന്‍സാരിയുടെ കൊലപാതകത്തില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.  ജാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയില്‍ ജൂണ്‍ 18നാണ് 24കാരനായ തബ്രെസ് അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഗുരുതരാവസ്ഥയില്‍ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്‍സരി ജൂണ്‍ 22 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ആക്രമണത്തില്‍ ക്രൂരമര്‍ദ്ദനമേറ്റ് മരണാസന്നനായ യുവാവിനെ 4 ദിവസം പൊലീസ് കസ്റ്റഡിയില്‍ വെച്ചിരുന്നു. ഈ നടപടി തന്നെ ഞെട്ടിച്ചെന്നും രാഹുല്‍ കുറിച്ചു. ബി ജെ പി ഭരിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിശബ്ദതയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

തബ്രെസ് അന്‍സാരിയെ ആള്‍ക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഒരാള്‍ അന്‍സാരിയെ മരത്തിന്റെ വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു വീഡിയോയില്‍ തബ്രെസ് അന്‍സാരിയെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം എന്നും ജയ് ഹനുമാന്‍ എന്നും വിളിപ്പിക്കുന്നുമുണ്ട്. സംഭവത്തില്‍ പ്രതികളിലൊരാളായ പപ്പു മണ്ഡാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനൈയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുന്ന തബ്രെസ് അന്‍സാരി കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് ജാര്‍ഖണ്ഡിലെ ഗ്രാമത്തിലെത്തിയത്. അന്‍സാരിയുടെ വിവാഹവും നിശ്ചയിച്ചിരുന്നു. ആള്‍ക്കൂട്ട മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ സംഭത്തില്‍ രാജ്യ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button