Latest NewsKerala

കസ്റ്റഡിമരണം ; ക്രൈംബ്രാഞ്ച് ഇന്ന് തെളിവെടുപ്പ് നടത്തും

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ദൂരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് തുടങ്ങും. എറണാകുളം ക്രൈംബ്രാഞ്ച് ഐജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്.

പോലീസ് സംഘം ഇന്ന് നെടുങ്കണ്ടം സ്‌റ്റേഷനിലെത്തി സംഘം തെളിവെടുപ്പ് ആരംഭിക്കും. മരിച്ച രാജ് കുമാറിന്റെ ധനകാര്യ സ്ഥാപനമായ ഹരിതാ ഫൈനാന്‍സിയേഴ്‌സിലെത്തിയും തെളിവെടുപ്പ് നടത്തും. കൂടാതെ പീരുമേട് സബ് ജയില്‍, താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തിയേക്കും.

അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കാന്‍ ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് നാല് പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി സസ്‌പെൻഡ് ചെയ്‌തിരുന്നു. ആകെ 17 പോലീസുകാർക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

നെടുങ്കണ്ടം തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പീരുമേട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് പ്രതി രാജ്കുമാര്‍ മരണപ്പെട്ടത്. നെഞ്ചുവേദനയെ തുടര്‍ന്ന് ജയിലില്‍ നിന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച പ്രതി വൈകാതെ മരിക്കുകയായിരുന്നു. രാജ്കുമാറിന് മര്‍ദ്ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button