KeralaLatest News

പീരുമേട് കസ്റ്റഡിമരണം; മര്‍ദനത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ മൃതദേഹത്തോടും ക്രൂരത, പോലീസുകാര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍

ഇടുക്കി : പീരുമേട് കസ്റ്റഡി മരണത്തില്‍ പ്രതി രാജ്കുമാറിനുനേരെ പൊലീസ് മൂന്നാംമുറ പ്രയോഗിച്ചത് പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയില്‍വച്ച്. നെടുങ്കണ്ടം സ്റ്റേഷനിലെ ഒന്നാംനിലയിലാണ് വിശ്രമമുറി. രണ്ട് പൊലീസ് ഡ്രൈവര്‍മാരും ഒരു എഎസ്‌ഐയുമാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയതെന്നാണ് സൂചന. സംഭവത്തില്‍ നാല് പൊലീസുകാരെക്കൂടി സസ്‌പെന്‍ഡു ചെയ്തു.

ഇതോടെ നടപടി നേരിട്ട പൊലീസുകാരുടെ എണ്ണം പതിനേഴായി. അതിനിടെ ക്രൈംബ്രാഞ്ച് സംഘം ഇന്നു നെടുങ്കണ്ടത്ത് എത്തി തെളിവെടുക്കും. അതേസമയം ജയിലില്‍ എത്തിക്കുമ്പോള്‍ രാജ്കുമാറിന്റെ അവസ്ഥമോശമായിരുന്നു എന്ന് ജയില്‍ സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. പോലീസുകാര്‍ എടുത്താണ് ജയിലിനകത്ത് എത്തിച്ചത്. 17 ന് പുലര്‍ച്ച ഒന്നരയ്ക്കാണ് സംഭവം. പിറ്റേന്ന് നില വഷളായതിനെ തുടര്‍ന്ന് പീരുമേട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

വായ്പ തട്ടിപ്പ് കേസിലെ റിമാന്‍ഡ് പ്രതി വാഗമണ് സ്വദേശി കുമാര്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരിക്കെ മരിച്ച സംഭവം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയ്ക്ക് നിര്‍ദ്ദേശം നല്‍കി. പ്രത്യേക അന്വേഷണസംഘത്തില്‍ ഒരു പോലീസ് സൂപ്രണ്ട് ഉണ്ടായിരിക്കും. പൊലീസിലെ മറ്റ് വിഭാഗങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ സംഘത്തില്‍ ഉള്‍പ്പെടുത്താനും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയ്ക്ക് അനുവാദം നല്‍കി. എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജി സംഘത്തിന്റെ ദൈനംദിന പ്രവര്‍ത്തനം അവലോകനം ചെയ്യും. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്‍കാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

12ാം തിയതി രാജ്കുമാറിനെ അറസ്റ്റുചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ മര്‍ദനത്തിന് ശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. സിസിടിവി ഓഫ് ചെയ്താണോ എന്ന സംശയം ഇതോടെ ബലപ്പെടുന്നു. രാജ്കുമാറിന്റെ മൃതദേഹത്തോടും പൊലീസ് അനാദരം കാണിച്ചു. മൃതദേഹത്തിലെ മര്‍ദനത്തിന്റെ തെളിവ് ഇല്ലാതാക്കാനായിരുന്നു ഈ ക്രൂരത. 21ന് രാവിലെ പത്തു മണിക്ക് മരണം സ്ഥിരീകരിച്ചിട്ടും വൈകിട്ട് നാലുമണിവരെ ശീതികരിക്കാത്ത ഇടത്ത് മൃതദേഹം കിടത്തി. മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലെത്തിച്ച് മര്‍ദനത്തിന്റെ തെളിവുകള്‍ നശിപ്പിക്കാനായിരുന്നു ശ്രമം.

പീരുമേട് ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ കുമാര്‍ 21ന് പീരുമേട് താലൂക് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. രാവിലെ 10മണിക്ക് മരണം സ്ഥിരീകരിച്ചെങ്കിലും നടപടി പൂര്‍ത്തീകരിച്ചു മൃതദേഹം മാറ്റിയത് വൈകുന്നേരം നാലിനാണ്. മൃതദേഹം കൈകാര്യം ചെയ്യുന്നതിലും പൊലീസിന് വീഴ്ചയുണ്ടായെന്നാണ് ആരോപണം. ഇതിനിടെ നെടുങ്കണ്ടം സ്റ്റേഷനിലെ 13പൊലീസുകാര്‍ക്കെതിരെ അന്വേഷണ വിധേയമായി നടപടിഎടുത്തു. ഇതുവരെ 8പേര്‍ക്ക് സസ്‌പെന്‍ഷനും, അഞ്ചു പേര്‍ക്ക് സ്ഥലംമാറ്റവും ആണ് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button