Latest NewsCarsIndiaBusiness

ഇന്ത്യയിൽ ഇനി വാഹനവില കുത്തനെ കുറയും, കാരണം

രാജ്യത്തെ വാഹനവിപണിയില്‍ ഇത് വന്‍ ചലനങ്ങള്‍ സൃഷ്‍ടിക്കുമെന്നും വരുന്ന മാസങ്ങളിൽ ഇത് കനത്ത വിലക്കിഴിവിനു വഴിവയ്ക്കുമെന്നാണ് ബജാജ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ പറയുന്നത്.

രാജ്യത്തെ വാഹനവിൽപ്പനയിലുള്ള പുതിയ നിയമം മൂലം ഇനിയുള്ള മാസങ്ങളില്‍ വാഹനവിലയില്‍ വന്‍ വിലക്കിഴിവിന് ഇടയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലിനീകരണ നിയന്ത്രണം സംബന്ധിച്ചുള്ള കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ ബി എസ് 6 നിയമം 2020 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരികയാണ്. ഈ നിലവാരത്തിലുള്ള വാഹനങ്ങൾ മാത്രമേ പിന്നെ വിൽക്കാനാവൂ. രാജ്യത്തെ വാഹനവിപണിയില്‍ ഇത് വന്‍ ചലനങ്ങള്‍ സൃഷ്‍ടിക്കുമെന്നും വരുന്ന മാസങ്ങളിൽ ഇത് കനത്ത വിലക്കിഴിവിനു വഴിവയ്ക്കുമെന്നാണ് ബജാജ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ പറയുന്നത്.

ഈ തീരുമാനത്തിന്റെ പ്രത്യാഘാതം പ്രവചനാതീതമാവുമെന്നാണ് ബജാജ് പറയുന്നത്. 2018 – 19ലെ വാർഷിക റിപ്പോർട്ടിലാണ് ബജാജ് ഇക്കാര്യങ്ങല്‍ വ്യക്തമാക്കുന്നത്.തങ്ങളുടെ എല്ലാ മോഡലുകളും 2020 ഏപ്രിലിനു മുമ്പു തന്നെ ബി എസ് ആറ് നിലവാരം കൈവരിക്കുമെന്നാണ് ബജാജ് ഓട്ടോ വ്യക്തമാക്കുന്നത്. എന്നാൽ എതിരാളികൾ ഈ വെല്ലുവിളി സ്വീകരിക്കാന്‍ പ്രാപ്‍തരാണോ എന്നു വ്യക്തമല്ലെന്നും ബജാജ് പറയുന്നു. പല നിർമാതാക്കളുടെ പക്കലും ബി എസ് നാല് നിലവാരമുള്ള സ്റ്റോക്ക് വൻതോതിൽ കെട്ടിക്കിടക്കാനും സാധ്യതയുണ്ടെന്നും 2020 ഏപ്രിലിനു മുമ്പേ ഇവ വിറ്റഴിക്കാനുള്ള തീവ്രശ്രമം വമ്പൻ വിലക്കിഴിവിനു വഴി വച്ചേക്കുമെന്നുമാണ് ബജാജിന്‍റെ കണക്കുകൂട്ടല്‍.

ഈ വിലക്കിഴിവ് നിർമാതാക്കൾക്കാകെ ഹാനികരമാകുമെങ്കിലും ആഭ്യന്തര വാഹന വിപണി കൂടുതൽ മത്സര ക്ഷമമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് ബജാജ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ബി എസ് 6 നിലവാരത്തിലുള്ളവയായിരിക്കണമെന്ന് 2018 ഒക്ടോബറിലാണ് സുപ്രീം കോടതി വാഹനനിര്‍മ്മാതാക്കല്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണായക തീരുമാനം. രാജ്യത്ത് വാഹന എഞ്ചിനില്‍ നിന്നും ബഹിര്‍ഗമിക്കുന്ന മലിനീകരണ വായുവിന്‍റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ്.

ഇതിന്‍റെ ചുരുക്കെഴുത്താണ് ബി എസ്. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. ഘട്ടംഘട്ടമായാണ് നിലവാര പരിധി നടപ്പാക്കുക. ബിഎസ് 1-ല്‍ തുടങ്ങി നിലവില്‍ ഇത് ബിഎസ് 4-ല്‍ എത്തി നില്‍ക്കുന്നു.ബിഎസ് 4 ഇന്ധനവും ബിഎസ് 6 ഇന്ധനവും തമ്മിലുള്ള പ്രധാന വ്യത്യാസം അതിലെ സൾഫറിന്റെ അംശമാണ്. ബിഎസ് 4 ഇന്ധനത്തിൽ 50പിപിഎം സർ‌ഫർ അടങ്ങിയിട്ടുണ്ടെങ്കിൽ ബിഎസ്6 അത് 10 പിപിഎം മാത്രമായി ഒതുങ്ങുന്നു.

ബിഎസ് 6 ന്റെ വരവോടു കൂടി പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് പുറം തള്ളുന്ന നൈറ്റജൻ ഓക്സൈഡിന്റെ അളവ് പകുതിയിൽ അധികം കുറയും. ബിഎസ് 6 നിരവാരത്തിൽ ഒരു വാഹനം നിർമിക്കുക എന്നാൽ അതിന്റെ ആദ്യ ഘട്ടം മുതൽ മാറ്റങ്ങൾ ആവശ്യമാണ്. ഉപയോഗിക്കുന്ന ഘടകങ്ങളും സുരക്ഷയ്ക്കും അടക്കം ബിഎസ് 6 നിലവാരത്തിലെത്തിക്കണം.ഇന്ത്യയില്‍ മലിനീകരണ തോത് വളരെക്കൂടുതലായതിനാല്‍ 2020-ഓടെ ബി എസ് 6 നിലവാരം കൈവരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ബി എസ് 5 നിലവാരത്തില്‍ തൊടാതെയാണ് ഒറ്റയടിക്ക് ബി എസ് 6-ലേക്ക് കടക്കുന്നത്. വായു മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.

2010-ലെ കണക്കനുസരിച്ച് പ്രതിവർഷം 6,20,000 ആളുകൾ ശ്വാസകോശ സംബന്ധ രോഗങ്ങളാലും ഹൃദയ രോഗങ്ങളാലും മരണത്തിനു കീഴടങ്ങുന്നുണ്ട്. ഈ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം മരണത്തിനു കാരണമാകുന്നത് വായു മലിനീകരണമാണ്.വായു മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നത്തിനു വേണ്ടി മാത്രം ജനങ്ങൾ ജി ഡി പിയുടെ മൂന്നു ശതമാനം തുക ചിലവഴിക്കുന്നു. യൂറോപ്പിൽ പുറത്തിറങ്ങുന്ന കാറുകളെ അപേക്ഷിച്ച് നാലര മടങ്ങധികം ഇന്ത്യന്‍ കാറുകൾ കാൻസർ പോലുള്ള മാരക രോഗങ്ങൾക്കു കാരണമാകുന്ന നൈട്രജൻ ഓക്സൈഡ് പുറന്തള്ളുന്നുവെന്നാണ് കണക്കുകള്‍. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണം ഇന്ത്യയിലാണുള്ളത്.

മെട്രോ നഗരങ്ങളുടെ അതിവേഗ വളർച്ച അക്ഷരാർത്ഥത്തിൽ അവയെ വാസയോഗ്യമല്ലാതാക്കുന്നു. ഇതു മൂലമാണ് ബി എസ് 4ൽ നിന്നും ബി എസ് 5 നിലവാരത്തെ മറികടന്ന് മൂന്നു വർഷം കൊണ്ട് ബി എസ്6 ലേക്ക് പോകുന്നത്.2018 – 19ലെ വാർഷിക റിപ്പോർട്ടിലാണ് ബജാജ് ഇക്കാര്യങ്ങല്‍ വ്യക്തമാക്കുന്നത്. ഈ തീരുമാനത്തിന്റെ ഫലമായി നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് ഒഴിവാക്കാൻ നീതീകരിക്കാനാവാത്ത ആദായ വിൽപ്പന പ്രതീക്ഷിക്കാമെന്നാണ് കമ്പനി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button