KeralaCricketLatest News

‘കോലി, ഈ തോല്‍വി നിങ്ങളുടെ പിഴയാണ്, നിങ്ങളെന്ന ക്യാപ്റ്റനോടാണ് ഈ പരാതി’; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

ലോകകപ്പിലെ ഇന്ത്യ നേരിട്ട ആദ്യതോല്‍വിയുടെ ഉത്തരവാദിത്തം ആര്‍ക്കെന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പുരോഗമിക്കുകയാണ്. അവസാന ഓവറുകളില്‍ പതുക്കെ കളിച്ച ധോണിയും കേദാര്‍ ജാദവുമാണ് തോല്‍വിക്കു കാരണക്കാരെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാതിരുന്ന ഓപണിങ് ബാറ്റ്‌സ്മാന്‍മാരെ മുതല്‍ വന്‍ സ്‌കോര്‍ വിട്ടുകൊടുത്ത ബോളര്‍മാരെവരെ ‘പ്രതിസ്ഥാനത്തു’ നിര്‍ത്തുന്നുണ്ട് ക്രിക്കറ്റ് ആരാധകര്‍. എന്നാല്‍ ഇന്ത്യയുടെ തോല്‍വിയില്‍ വേറിട്ട നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു മലയാളി യുവാവ്. കോഴിക്കോട് സ്വദേശി ലിജീഷ് കുമാറാണ് തന്റെ നിരീക്ഷണങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ഒരു ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെ പിഴവാണ് ഇന്ത്യയുടെ തോല്‍വിക്കു കാരണമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. കോലിയെന്ന ബാറ്റ്‌സ്മാനല്ല, മറിച്ച് കോലിയെന്ന ക്യാപ്റ്റനാണ് ഇംഗ്ലണ്ടിനെതിരെ തെറ്റു പറ്റിയതെന്നാണു നിലപാട്.

ലിജീഷ് കുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഇംഗ്ലണ്ടിനോടു തോറ്റു ധോണിയും കേദാര്‍ ജാദവും തലകുനിച്ചു മടങ്ങുമ്പോള്‍, ഒരാള്‍ ഗ്രൗണ്ടിലേക്കിറങ്ങി വന്നു. ഇന്റര്‍നാഷനല്‍ മാധ്യമങ്ങളുടെ ഫ്‌ലാഷുകള്‍ തുരുതുരാ മിന്നി. കമന്റേറ്ററുടെ മൈക്കിനു മുന്നില്‍ അയാള്‍ പുഞ്ചിരിച്ചു നിന്നു, തോറ്റ ക്യാപ്റ്റന്‍ – വിരാട് കോലി. ഒറ്റവാക്കില്‍ അയാളുടെ കണ്ടെത്തല്‍ കഴിഞ്ഞു, ‘ബാറ്റ്‌സ്മാന്‍മാര്‍ കുറച്ചു കൂടെ ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നു’. നിങ്ങളോ എന്നു കേള്‍വിക്കാരന്‍ അയാളോടു ചോദിച്ചില്ല. ബോളര്‍മാരോ എന്നും ചോദിച്ചില്ല. പ്രിയപ്പെട്ട വിരാട് കോലി, സത്യത്തില്‍ താങ്കള്‍ക്കല്ലേ തെറ്റു പറ്റിയത്. കുറച്ചു കൂടെ ഉത്തരവാദിത്തം കാണിക്കേണ്ടിയിരുന്നതു താങ്കളല്ലേ?.

ഇന്ത്യന്‍ ടീമിന്റെ ഗെയിം പ്ലാന്‍ തീരുമാനിക്കുന്നത് ആരാണ്, നിങ്ങളോ ശാസ്ത്രിയോ? കുല്‍ദീപും ചാഹലും കാണിച്ച ഉദാര മനസ്‌കത കൊണ്ട് ഇന്ത്യയ്ക്കു മറികടക്കാനുണ്ടായിരുന്നത് 338 റണ്‍സ്, ഒരു ഇന്ത്യന്‍ ബോളറുടെ റണ്‍ദാനത്തില്‍ ചാഹല്‍ റെക്കോഡിട്ട ദിവസമായിരുന്നു ഇന്നലത്തേത്. ക്രീസില്‍ രാഹുലും രോഹിത്തും. ഒന്‍പതു ബോളില്‍ പൂജ്യം റണ്ണെടുത്ത് ഇന്ത്യ പുതുതായി കണ്ടെത്തിയ ഓപണര്‍ കെ.എല്‍.രാഹുല്‍ മടങ്ങി, നിങ്ങള്‍ വന്നു. ആദ്യ പവര്‍പ്ലേയില്‍ നിങ്ങളും രോഹിത് ശര്‍മയും നേടിയത് 28 റണ്‍സ് ! അമ്പത് ഓവര്‍ വരേയ്ക്കും റിക്വയേര്‍ഡ് റണ്‍റേറ്റ് 11 – 12 ആക്കാന്‍ കഴിഞ്ഞ പത്തോവറുകള്‍. പക്ഷേ സെറ്റായാല്‍ – സ്റ്റാന്‍ഡ് ചെയ്ത് കളിച്ചാല്‍ റണ്‍റേറ്റുയര്‍ത്താമെന്നു തെളിയിക്കുന്നതായിരുന്നു അടുത്ത ഓവറുകളില്‍ നിങ്ങള്‍ ഉണ്ടാക്കിയ കൂട്ടുകെട്ട്. രോഹിത് സെഞ്ചുറിയിലേക്ക് അടുക്കുമ്പോഴാണു നിങ്ങള്‍ പുറത്താകുന്നത്. തുടര്‍ന്നു വരുന്ന ഓവറുകളില്‍ രോഹിത് അടിച്ചു കളിച്ചോളുമെന്ന സ്ഥിതിയുള്ളപ്പോള്‍ ഋഷഭ് പന്തിനെ ഗ്രൗണ്ടിലിറക്കാനുള്ള തീരുമാനം ശരിയായിരുന്നോ? ധോണിയെ അല്ലെങ്കില്‍ കേദാര്‍ ജാദവിനെ സ്റ്റാന്‍ഡ് ചെയ്യാനിറക്കാതിരുന്നത് എന്തുകൊണ്ടാണ്?.

പന്തിന് സ്റ്റാന്‍ഡ് ചെയ്തു കളിക്കാനുള്ള അവസരം കൊടുക്കണമെന്നു നിങ്ങള്‍ തീരുമാനിച്ചു കാണും. ശരി, അയാള്‍ ഇറങ്ങി. അടിച്ച് കളിക്കാന്‍ ഋഷഭ് പന്ത് ക്രീസിലുള്ളപ്പോള്‍ സ്റ്റാന്‍ഡ് ചെയ്ത് കളിക്കുന്ന പ്ലേയറെ ഇറക്കേണ്ട നാലാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയെ ഇറക്കിയതിന്റെ ന്യായീകരണമെന്താണ്. രണ്ടടി കൊണ്ട ശേഷം ഷൂ അഴിച്ച് കെട്ടിയാണ് വോക്‌സ് പാണ്ഡ്യയുടെ കോണ്‍സന്‍ട്രേഷന്‍ കളഞ്ഞത്. അവസാന ഓവറുകളില്‍ അടിച്ചു പൊട്ടിക്കേണ്ട പന്തും പാണ്ഡ്യയും മടങ്ങിക്കഴിഞ്ഞു ക്രീസില്‍ നില്‍ക്കേണ്ടവരായിരുന്നോ ധോണിയും ജാദവും ? ആഞ്ഞടിച്ച് അവരുടെ വിക്കറ്റ് വീണാല്‍ പിന്നെ ക്രീസിലെത്തേണ്ടത് കുല്‍ദീപും ഷമിയുമാണ്. ഞങ്ങളും വീണാല്‍ മുന്നൂറു പോലും കാണാതെ ഓള്‍ ഔട്ടായിത്തീരുമെന്ന തോന്നലില്‍ ധോണിയും യാദവും ശ്രദ്ധിച്ചു കളിക്കാന്‍ നിര്‍ബന്ധിക്കപ്പെടുമെന്ന് ഉറപ്പാണ്. 338 റണ്‍സ് പിന്തുടര്‍ന്ന ടീം ആകെ അടിച്ചത് ഒരു സിക്‌സാണ്, അതടിച്ചത് ധോണിയാണ്. സ്റ്റാന്‍ഡ് ചെയ്തു കളിക്കാന്‍ സമയം കൊടുത്തിരുന്നെങ്കില്‍ അത്തരം രണ്ടോ മൂന്നോ സിക്‌സറുകള്‍ അയാളടിച്ചേനെ. ഏകദിനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട 7- 8 പൊസിഷനില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീമിന് ഏത് കളിക്കാരനാണുള്ളത്?

‘അവസാനമാകുമ്പോഴേക്കും പിച്ച് ഭയങ്കര സ്‌ലോ ആയിരുന്നു’- രോഹിത് ശര്‍മ (പ്രസ് മീറ്റ്). ബാറ്റിങ്ങിന് അനുകൂലമായ സമയങ്ങളില്‍ തുഴഞ്ഞിട്ടു പിച്ച് സ്‌ലോ ആയ അവസാന ഓവറുകളില്‍ ധോണി തോല്‍പിച്ചുവെന്നു മുറവിളിക്കുന്നതിന്റെ യുക്തി എന്താണ്? അവരോടാണ്, ആദ്യ പത്തോവറിലെ ബാറ്റിങ് പവര്‍പ്ലേയില്‍ ഔട്ട്ഫീല്‍ഡിലെ ഫീല്‍ഡര്‍മാര്‍ രണ്ടു പേരാണ്. പിന്നെ 40 ഓവര്‍ വരെ മാക്‌സിമം 4 ഫീല്‍ഡര്‍മാര്‍ കാണും. അവസാന 10 ഓവറില്‍ 5 ഫീല്‍ഡര്‍മാരാണ് ഔട്ട് ഫീല്‍ഡിലുണ്ടാവുക. പൊങ്ങി വരുന്ന ബോളും കാത്തു രണ്ട് പേര്‍ നിന്ന നേരങ്ങളില്‍ ഒറ്റബോളും പൊക്കിയടിക്കാത്ത ലോകോത്തര ബാറ്റ്‌സ്മാന്‍മാരെ നോക്കി ഒരു വിസിലെങ്കിലുമടിച്ച ശേഷം അഞ്ചാള്‍ നിന്ന നേരത്തു സിക്‌സര്‍ പൊക്കിയ മനുഷ്യനെ നമുക്കു കൂകി വിളിക്കാം. ആ ഒരു സിക്‌സര്‍ മതിയായിരുന്നോ എന്ന ചോദ്യം ന്യായമാണ്. ഹാര്‍ദിക് പാണ്ഡ്യയും ഋഷഭ് പന്തും വന്നു തകര്‍ക്കേണ്ട ഓവറുകളില്‍ വിക്കറ്റു കളയാതെ നെറ്റ് റണ്‍റേറ്റുയര്‍ത്താന്‍ വിധിക്കപ്പെട്ട മഹേന്ദ്ര സിങ് ധോണിയല്ല അതിനു മറുപടി പറയേണ്ടത്, അയാളുടെ മുന്‍പില്‍ മറ്റു വഴികളില്ലായിരുന്നു.

300 കടന്നിരുന്നു, തോറ്റത് 31 റണ്ണിനാണ്. എങ്കിലും തോല്‍വി തോല്‍വി തന്നെ. കോലി, ഈ തോല്‍വി നിങ്ങളുടെ പിഴയാണ്. നിങ്ങളെന്ന സക്‌സസ്ഫുള്‍ ബാറ്റ്‌സ്മാനോടല്ല – നിങ്ങളെന്ന ക്യാപ്റ്റനോടാണ് ഈ പരാതി. എതിരാളികള്‍ക്കു കൃത്യമായ പ്ലാനുണ്ടായിരുന്നു. ബാറ്റിങ് ഓര്‍ഡറിലോ ബോളിങ് ഓര്‍ഡറിലോ ഫീല്‍ഡിങ് പൊസിഷനിലോ ഏതിലാണു നിങ്ങളിന്നലെ പ്ലാന്‍ഡായിരുന്നത്. തുടര്‍ജയങ്ങളുടെ ആലസ്യം ടീമിനെ ബാധിച്ചിട്ടുണ്ടാകണം, അതുകൊണ്ട് ഈ തോല്‍വി നല്ലതുമാണ്. പക്ഷേ ധോണിയുടെ മേല്‍ കുറ്റമാരോപിച്ചല്ല യുവരക്തങ്ങളെ ചൂടുപിടിപ്പിക്കേണ്ടത്. മഹേന്ദ്രസിങ് ധോണി നല്ല ഫിനിഷറായിരുന്നു, അങ്ങനെ അയാളെ ഉപയോഗിച്ച കാലങ്ങളിലെല്ലാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button