Latest NewsSports

ഇനി പ്രതീക്ഷയുടെ നാളുകള്‍ ; കോടികള്‍ മുടക്കി യുവതാരത്തെ സ്വന്തമാക്കി ബാഴ്‌സ

664 കോടി രൂപയ്ക്ക് അയാക്സില്‍ നിന്നും ബാഴ്സലോണയിലെത്തിയ ഫ്രാങ്കി ഡി ജോങ് ഇനി ടീമിന് പുതിയ പ്രതീക്ഷ. 86 ദശലക്ഷം യൂറോക്കാണ് (ഏകദേശം 664 കോടി രൂപ) 21കാരനായ ഡി ജോങിനെ ബാഴ്സലോണ സ്വന്തം ക്യാമ്പിലെത്തിച്ചത്. കരാറിന്റെ ഭാഗമായി 84.85 കോടി രൂപ മുന്‍കൂറായി അയാക്സിന് കൈമാറുകയും ചെയ്തു. അയാക്സിനെ ഡച്ച് ലീഗിലെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതാണ് ഡി ജോങില്‍ ബാഴ്സലോണയുടെ കണ്ണു പതിപ്പിച്ചത്. ചാമ്പ്യന്‍ലീഗ് സെമിയിലും അയാക്സ് എത്തിയിരുന്നു.

കഴിഞ്ഞ മൂന്നു സീസണുകളില്‍ അയാക്സിന്റെ താരമാണ് ഡിജോങ്. അയാക്സിനുവേണ്ടി 89 മത്സരങ്ങള്‍ കളിച്ച ഡി ജോങ് ആറ് ഗോളുകള്‍ നേടിയിട്ടുണ്ട്. 13 തവണ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ക്ലബ് എന്ന നിലയില്‍ ഡിജോങിനുമേല്‍ വലിയ നിക്ഷേപമാണ് ബാഴ്സലോണ നടത്തിയിരിക്കുന്നത്. ഈ യുവതാരത്തിന് മേല്‍ ക്ലബിനുള്ള പ്രതീക്ഷകളും ഈ വന്‍തുക പ്രതിഫലിപ്പിക്കുന്നുണ്ട്. മധ്യനിരയില്‍ കളിമെനയുന്ന ഡി ജോങിനെ ദീര്‍ഘകാല നിക്ഷേപമെന്ന നിലയിലാണ് ബാഴ്സലോണ വാങ്ങിയിരിക്കുന്നത്. അഞ്ചുവര്‍ഷത്തേക്കാണ് നിലവില്‍ ഡി ജോങുമായുള്ള ബാഴ്സലോണയുടെ കരാര്‍.

ബാഴ്സയിലെത്തിയതിലെ സന്തോഷം ഡി ജോങ് പങ്കുവെക്കുകയും ചെയ്തു. ‘ഇവിടെയെത്തിയതില്‍ വളരെ സന്തോഷം. ബാഴ്സക്കുവേണ്ടി കളിക്കുകയെന്നത് കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ്. കാംപ് നൗവിലെ ആദ്യ മത്സരത്തിനായി ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. കേളീശൈലിയിലും സമീപനത്തിലും ബാഴ്സലോണയും അയാക്സും തമ്മില്‍ സാമ്യതകളേറെയാണ്. ഇതിനേക്കാളേറെ സന്തോഷം മെസിക്കൊപ്പം കളിക്കുന്നതിലാണ്. ഏറെ ആരാധിക്കുന്ന മെസിക്കൊപ്പം ഒരേ ടീമില്‍ കളിക്കുന്നത് ആവേശകരമാണ്’ ഡി ജോങ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button