Latest NewsKerala

വിധിയില്‍ മാറ്റമില്ല; മരട് ഫ്‌ലാറ്റ് പൊളിക്കുന്നതില്‍ സ്റ്റേ വാങ്ങിയതിനെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം

കൊച്ചി : മരടിലെ അനധികൃത ഫ്‌ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന വിധിയില്‍ ഉറച്ച് സുപ്രീംകോടതി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരോട് ജസ്റ്റിസ് അരുണ്‍ മിശ്ര പൊട്ടിത്തെറിച്ചു. ഉത്തരവിനെതിരെ ഫ്‌ലാറ്റുടമകള്‍ നല്‍കിയ ഹര്‍ജി തള്ളി. തന്റെ ബെഞ്ച് വിധി പറഞ്ഞ കേസില്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങിയത് കോടതിയെ കബളിപ്പിക്കാനാണ്. കോടതിയില്‍ തട്ടിപ്പ് നടത്താനുള്ള ആസൂത്രിതമായ ശ്രമമാണ് അഭിഭാഷകരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.

ഒന്നിലധികം തവണ പരിഗണിക്കാന്‍ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുന്‍പാകെ ഉന്നയിച്ചത് കോടതിയെ കബളിപ്പിക്കാനാണ്. പണം മാത്രം ലക്ഷ്യമിട്ട് ധാര്‍മികതയ്ക്ക് നിരക്കാത്ത നടപടിയാണ് അഭിഭാഷകരുടേതെന്നും കൊല്‍ക്കത്തക്കാരനായ മുതിര്‍ന്ന അഭിഭാഷകന്‍ ദേബള്‍ ബാനര്‍ജിയെ കൊണ്ടുവന്നത് തന്നെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. തുടര്‍ന്ന് എല്ലാ റിട്ട് ഹര്‍ജികളും തള്ളി, ഫ്‌ളാറ്റ് പൊളിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കോടതി വ്യക്തമാക്കി.

തീരദേശപരിപാലന നിയമം ലംഘിച്ച് കൊച്ചിയിലെ മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്‌ലാറ്റുകള്‍ മുപ്പത് ദിവസത്തിനകം പൊളിച്ച് നീക്കണമെന്ന് നേരത്തെ വിധിച്ചിരുന്നു. ഇതില്‍ ഇളവ് തേടി ഫ്‌ലാറ്റ് ഉടമകള്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചിനെ സമീപിച്ചു. വിധി പറഞ്ഞ ബെഞ്ചിന് മുമ്പാകെ ഹര്‍ജി ലിസ്റ്റ് ചെയ്യാനും ആറാഴ്ചത്തേക്ക് കെട്ടിടം പൊളിക്കുന്നതിന് നിര്‍ത്തിവെക്കാനും അവധിക്കാല ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെയാണ് കോടതി വിമര്‍ശനം വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button