Latest NewsKerala

ആനവണ്ടി വീണ്ടും രക്ഷകനായി, ഡോക്ടര്‍ക്കും കുടുംബത്തിനും ജീവന്‍ തിരിച്ചു കിട്ടി, സംഭവം ഇങ്ങനെ

കട്ടപ്പന: എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും ആനവണ്ടിക്ക് ആരാധകര്‍ ഏറെയാണ്. സാധാരണക്കാരന്റെ ജീവിതത്തില്‍ പലപ്പോഴും രക്ഷകനായി കടന്നു വരാറുണ്ട്. അത്തരത്തില്‍ ഒരു ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവന്‍ രക്ഷിച്ച സംഭവം ഇങ്ങനെ. രണ്ടാഴ്ച മുന്‍പ് കോട്ടയം കോടിമതയില്‍ അപകടത്തില്‍പെട്ടു റോഡില്‍ കിടന്ന ഓട്ടോറിക്ഷ ഡ്രൈവറെ രക്ഷിച്ച ഇതേ ജീവനക്കാരാണ് വീണ്ടും രക്ഷകരായി എത്തിയതെന്നതു യാദൃച്ഛികമായി. കട്ടപ്പന ഡിപ്പോയില്‍ നിന്നുള്ള മിന്നല്‍ സര്‍വീസ് തിരുവനന്തപുരത്തു നിന്ന് രാത്രി 11.55നാണു പുറപ്പെട്ടത്.

വാഗമണ്‍ പൈന്‍വാലി സ്വദേശിയായ കെ.ജെ.മാത്യുവും ഏലപ്പാറ നാലാംമൈല്‍ സ്വദേശിയായ അനൂപ് സ്‌കറിയയുമാണ് ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായി ബസില്‍ ഉണ്ടായിരുന്നത്. 1.45ന് അടൂര്‍ കൂരമ്പാലയില്‍ എത്തിയപ്പോഴാണ് മരത്തിലേക്ക് ഇടിച്ചു കയറിയ നിലയില്‍ അപകടത്തില്‍പെട്ടു കിടക്കുന്ന കാര്‍ ശ്രദ്ധയില്‍പെട്ടത്. ഏതാനും ആളുകള്‍ വാഹനത്തിനു ചുറ്റും കൂടി നിന്‍ക്കുന്നുമുണ്ട്.

അടൂര്‍ ഹോളിക്രോസ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിലെ ഡോക്ടര്‍ ഫൈസല്‍ മുഹമ്മദും കുടുംബവുമാണ് അപകടത്തില്‍പെട്ടത്. ചെന്നൈയ്ക്കു പോയശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഇവരുടെ വാഹനം അപകടത്തില്‍പെട്ടത്. ജൂണ്‍ 25ന് പുലര്‍ച്ചെ 2ന് കോട്ടയം മണിപ്പുഴ ജംക്ഷനില്‍ ഓട്ടോറിക്ഷ മറിഞ്ഞു പരുക്കേറ്റു കിടന്ന ഡ്രൈവറെ രക്ഷിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയതും ഈ ജീവനക്കാര്‍ ആയിരുന്നു.

അപകട സ്ഥലത്തേക്കു വെളിച്ചം എത്തുന്ന രീതിയില്‍ ഏതാനും ദൂരത്തില്‍ ബസ് നിര്‍ത്തിയശേഷം ഇരുവരും അപകട സ്ഥലത്തേക്ക് എത്തി. വാഹനത്തില്‍ പരുക്കേറ്റു കിടന്ന ഡോക്ടറെയും ഭാര്യയെയും മകളെയും രക്ഷിച്ചു പുറത്തിറക്കി. ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ മറ്റു വാഹനങ്ങള്‍ ലഭിക്കാതെ വന്നതോടെ ബസില്‍ കയറ്റി പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

നില ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാനായിരുന്നു നിര്‍ദേശം. അതോടെ പരുക്കേറ്റവരെ വീണ്ടും ബസില്‍ കയറ്റി യാത്ര തുടര്‍ന്നു. ബസ് പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോയി. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരുടെ പൂര്‍ണ പിന്തുണയും ജീവനക്കാര്‍ക്കു ലഭിച്ചു. അങ്ങനെ തിരക്കിട്ട ഓട്ടങ്ങള്‍ക്കിടയിലും പലരുടെയും ജീവന് രക്ഷകരായി ഈ ആനവണ്ടിക്കാര്‍ ഏവരുടെയും കയ്യടി നേടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button