Latest NewsInternational

ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പിന്‍വലിച്ചാല്‍ ആകാശവിലക്ക് നീക്കാമെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: അതിര്‍ത്തിയിലെ വ്യോമതാവളങ്ങളില്‍ നിന്ന് പോര്‍വിമാനങ്ങള്‍ പിന്‍വലിക്കാതെ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി തുറന്നുകൊടുക്കില്ലെന്ന് പാക്കിസ്ഥാന്‍. വ്യോമാതിര്‍ത്തി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യയെ നിലപാട് അറിയിച്ചതായി പാക്ക് വ്യോമയാന സെക്രട്ടറി ഷാരുഖ് നുസ്രത്ത് വ്യോമയാന സെനറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയെ അറിയിച്ചു.

‘ വ്യോമപാത തുറന്നു നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യ, പാക് വ്യോമയാന വിഭാഗത്തെ സമീപിച്ചിരുന്നു. എന്നാല്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള വ്യോമതാവളങ്ങളില്‍ വിന്യസിച്ച യുദ്ധവിമാനങ്ങള്‍ ഇന്ത്യ ആദ്യം പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ വ്യോമപാത തുറന്നു നല്‍കാനാവില്ലെന്നും അവരെ അറിയിച്ചു’ നുസ്രത്ത് പാക് പാര്‍ലമെന്ററി സമിതിയില്‍ വ്യാഴാഴ്ച അറിയിച്ചു.

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ പാക്കിസ്ഥാനിലൂടെ വിമാനങ്ങള്‍ പറക്കുന്നത് ജൂലൈ 26 വരെ നിരോധിച്ചതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കിയത്. വ്യോമാതിര്‍ത്തി തുറന്നുകൊടുക്കേണ്ടതുണ്ടോ എന്നതു സംബന്ധിച്ച് ജൂലൈ 26ന് തീരുമാനിക്കും. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഇന്ത്യന്‍ വിമാനങ്ങള്‍ പാക്ക് ആകാശം ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീട്ടുന്നത്. ഫെബ്രുവരി 26ന് ഇന്ത്യ ബാലാക്കോട്ട് നടത്തിയ വ്യോമാക്രമണമാണു പാക്കിസ്ഥാനെ പ്രകോപിപ്പിച്ചത്.

ശരാശരി 400 വിമാനങ്ങളാണ് ദിവസവും പാക്ക് ആകാശം ഒഴിവാക്കി പറക്കുന്നത്. ആകെയുള്ള 11 വ്യോമപാതകളില്‍ ദക്ഷിണ പാക്കിസ്ഥാനിലൂടെയുള്ള രണ്ടെണ്ണം മാത്രമാണ് തുറന്നുകൊടുത്തിട്ടുള്ളത്. പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതോടെ ജൂലൈ രണ്ടു വരെ എയര്‍ ഇന്ത്യയ്ക്ക് 491 കോടി നഷ്ടമുണ്ടായതായി വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യസഭയെ അറിയിച്ചിരുന്നു.

ഇതേ കാലയളവില്‍ സ്വകാര്യ വിമാന കമ്പനികളായ സ്‌പൈസ് ജെറ്റിന് 30.73 കോടി രൂപയും ഇന്‍ഡിഗോയ്ക്ക് 25.1 കോടിയും ഗോ എയറിന് 2.1 കോടിയും നഷ്ടമുണ്ടായി. സ്വന്തം വ്യോമാതിര്‍ത്തി അടച്ച പാക്കിസ്ഥാനു നഷ്ടം 688 കോടി രൂപയാണ്. ബാലാക്കോട്ട് വ്യോമാക്രമണത്തിനുശേഷം സ്വന്തം വ്യോമാതിര്‍ത്തി ഇന്ത്യയും അടച്ചിരുന്നെങ്കിലും എല്ലാ വിലക്കുകളും നീക്കിയതായി മേയ് 31ന് വ്യോമസേന അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button