Latest NewsArticleKerala

യൂണിവേഴ്‌സിറ്റി കോളേജില്‍ സംഭവിച്ചത് എന്നേ മുന്നില്‍ കണ്ടു ഒരു സിനിമയുടെ ഡയലോഗ് ആക്കി മാറ്റിയ ഭാവനാസമ്പന്നനെ നമിക്കാം- ഈ വീഡിയോ കണ്ടു നോക്കു, അല്ല കേട്ട് നോക്കൂ

പതിറ്റാണ്ടുകളായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് അടക്കി ഭരിക്കുന്ന എസ്എഫ്‌ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ ഗുണ്ടായിസത്തിന്റെ ഏറ്റവും വികൃതമായ മുഖമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ഇവിടുത്തെ ഗുണ്ടായിസത്തിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാത്തതിന്റെ ഫലമായിരുന്നു മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിന് ഏറ്റുവാങ്ങേണ്ടി വന്നത്. മരച്ചുവട്ടിലിരുന്ന് പാട്ടുപാടിയതിന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ നേതാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിനെതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും പ്രതികളായവര്‍ക്ക് തക്ക ശിക്ഷ നല്‍കിയില്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുക തന്നെ ചെയ്യും. ഗുണ്ടകളെ സംരക്ഷിക്കുന്ന ഭരണാധികാരികളെയാണ് നാം കണ്ടു വരുന്നത്. ഇത് നേരത്തെ മുന്നില്‍ കണ്ടൊരു ആളുണ്ട്. മലയാളത്തിന്റെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശന്‍.

മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ട് ഒന്നിച്ച ചിത്രമായിരുന്നു 1987 റിലീസ് ആയി എത്തിയ ചെപ്പ് എന്ന ചിത്രം. തങ്ങളുടെ പതിവ് രീതിയിലുള്ള കോമഡി ട്രാക്കില്‍ നിന്നും മാറി കാലികപ്രസക്തിയുള്ള – ഗൗരവതരമായ ഒരു പ്രമേയം ചര്‍ച്ച ചെയ്ത ചിത്രമായിരുന്നു ചെപ്പ്. കലാലയ ജീവിതത്തിന്റെ ഇരുണ്ട മുഖമാണ് ചെപ്പിലൂടെ പ്രിയദര്‍ശന്‍ അവതരിപ്പിച്ചത്. കോപ്പിയടി – മാര്‍ക്ക് തട്ടിപ്പ് മുതല്‍ വിദ്യാര്‍ത്ഥികളുടെ ലഹരിമരുന്നു ഉപയോഗം , റാഗിംഗ്, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുതലെടുക്കുന്നത് തുടങ്ങി പലവിധ അനീതികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച ചിത്രമായിരുന്നു ചെപ്പ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രിയദര്‍ശന്‍ തന്റെ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചതെന്താണോ അതു തന്നെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും അരങ്ങേറുന്നത്. അന്നത്തെ കലാലയ രാഷ്ട്രീയത്തില്‍ നിന്നും തെല്ലും മാറിയിട്ടില്ലെന്ന് തോന്നിപ്പിക്കും വിധത്തിലാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തനം.

illegal activities

ചെപ്പ് എന്ന സിനിമയുടെ ഏറെ പ്രസക്തിയുള്ള ഭാഗത്തിന്റെ വീഡിയോ ക്ലിപ് കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമ സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രമുഖരുടെ മക്കള്‍ അഴിഞ്ഞാടുന്ന കോളേജില്‍ അധ്യാപകരുടെ വാക്കുകള്‍ക്കൊന്നും യാതൊരു വിലയുമില്ല. ഇതു ഓര്‍മ്മിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായ കൊച്ചിന്‍ ഹനീഫയും ക്യാംപസിലെ അക്രമ രാഷ്ട്രീയത്തോടും ഗുണ്ടായിസത്തോടുമുള്ള മോഹന്‍ലാലിന്റെ കഥാപാത്രം രാമചന്ദ്രനും നെടുമുടി വേണുവുമുള്ള രംഗങ്ങളാണ് വൈറലാവുന്നത്. കോളേജില്‍ കത്തിക്കുത്ത് അക്രമം നടത്തിയ വിദ്യാര്‍ത്ഥികളായ പ്രതികളെ പൊലീസ് വെറുതെ വിടുന്ന രംഗം നോക്കി നില്‍ക്കേണ്ടി വരുന്ന അധ്യാപകരുടെ നിസഹായവസ്ഥയാണ് വീഡിയോയില്‍ കാണിക്കുന്നത്. നീതി ചോര്‍ന്നു പോകാന്‍ പഴുതുകളുള്ള ഓട്ടക്കലമാണ് നമ്മുടെ നാട്ടിലെ നീതിയെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ പറയുന്നു. രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളാണ് വിദ്യാര്‍ത്ഥികളെന്നും രാഷ്ട്രീയക്കാര്‍ നാളത്തെ ഭരണകസേരയെ കുറിച്ച് ഭയക്കുന്നു, നാളത്തെ അവരുടെ ശക്തി കൂട്ടാനാണ് വിദ്യാലയങ്ങളില്‍ യൂത്ത് വിങ്ങുകളെന്ന പേരില്‍ രാഷ്ട്രീയത്തിന്റെ വിത്തുകള്‍ അവര്‍ വിതക്കുന്നത്. യുവത്വത്തെ ചൂഷണം ചെയ്യുകയാണ് ഇവരെന്ന് രാമചന്ദ്രന്‍ പറയുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ അരങ്ങേറുന്ന ഏറ്റവും വികൃതമായ രാഷ്ട്രീയ തോന്നിവാസങ്ങളും ഈ കഥാപാത്രം പറയുന്ന സംഭാഷങ്ങളെ അക്ഷരംപ്രതി ശരിവെക്കുകയാണ്. കഷ്ടപ്പെട്ട് അറസ്റ്റ് ചെയ്യുന്നവരെ പുറത്തിറക്കാന്‍ വരുന്ന പ്രമുഖന്മാരെ കുറിച്ച് ശക്തമായി കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രവും സംസാരിക്കുന്നു. അന്നും ഇന്നും ഏറെ പ്രസക്തിയുള്ള ചിത്രവും രംഗങ്ങളും. ഇത്തരമൊരു സിനിമയെടുത്ത പ്രിയദര്‍ശനെ നമിക്കാതെ വയ്യ.

സംഭവത്തെത്തുടര്‍ന്ന് വന്‍പ്രതിഷേധവുമായി കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ തന്നെ രംഗത്തെത്തിയിട്ടും അധികൃതര്‍ എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരെ ശബ്ദിക്കുന്നില്ല എന്നതാണ് ദയനീയം.ക്യാമ്പസിനുള്ളില്‍ എസ്എഫ്‌ഐയുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ക്യാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇരു വിഭാഗങ്ങളേയും അനുരഞ്ജ ചര്‍ച്ചക്ക് വിളിക്കുകയും ചെയ്തിരുന്നു. ഇതിനിടെ അഖിലിന് കുത്തേല്‍ക്കുകയായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ എസ്ഫ്ഐ ഗുണ്ടായിസത്തിന് ഇരയായ പല വിദ്യാര്‍ത്ഥികളും പ്രതികരിച്ചിട്ടുണ്ടെങ്കിലും അവരുടെ പരാതിയില്‍ കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. പഴയ പോലെ കാമ്പസ് രാഷ്ട്രീയം സജീവമോ സംഘര്‍ഷഭരിതമോ അല്ലാതിരുന്നിട്ടും യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ ഏകാധിപത്യം തുടരുകയാണ്. തങ്ങളുടെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ കാമ്പസില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന കാട്ടുനീതി ഉപേക്ഷിക്കാന്‍ ഇന്നും പുരോമഗനസംഘനയുടെ വിദ്യാര്‍ത്ഥിയൂണിറ്റ് തയ്യാറായിട്ടില്ല എന്നത് അപമാനകരമാണെന്ന് പറയാതെ വയ്യ.

Tags

Related Articles

Post Your Comments


Back to top button
Close
Close