Latest NewsIndia

ഇന്ന് ഒന്നരയ്‌ക്കു മുമ്പ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിക്കു ഗവര്‍ണറുടെ നിര്‍ദേശം

ഭരണപക്ഷത്തിന്റെ കണ്ണുവെട്ടിച്ച്‌ ശ്രീമന്ദ്‌ പാട്ടീല്‍ റിസോര്‍ട്ടില്‍നിന്നു ചാടിപ്പോയതും ഞെട്ടലായി.

ബംഗളുരു: ഇന്നലെ നാടകീയമായ പല സംഭവങ്ങളും ഉണ്ടായെങ്കിലും വിശ്വാസ വോട്ടെടുപ്പ് നടക്കാത്ത സാഹചര്യത്തിൽ ഇന്നുച്ചയ്‌ക്ക്‌ ഒന്നരയ്‌ക്കു മുമ്പ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിക്കു ഗവര്‍ണറുടെ നിര്‍ദേശം. വിശ്വാസപ്രമേയ ചര്‍ച്ച രണ്ടാം ദിവസത്തേക്കു നീണ്ട ഘട്ടത്തിലാണു ഗവര്‍ണര്‍ വാജുഭായ്‌ വാല രണ്ടാമതും ഇടപെട്ടത്‌. വിശ്വാസ വോട്ടെടുപ്പ്‌ ഇന്നലെത്തന്നെ നടത്തുന്നതു പരിഗണിക്കാന്‍ സ്‌പീക്കറോടു ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.

ചര്‍ച്ച അനിശ്‌ചിതമായി നീളുന്നതില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി. അംഗങ്ങള്‍ ഇന്നലെ നിയമസഭയിലാണു രാത്രി ചെലവഴിച്ചത്‌. ഇന്നലെ രാവിലെ വിശ്വാസവോട്ടിനായി മുഖ്യമന്ത്രി കുമാരസ്വാമി ഒറ്റവരിയിലുള്ള പ്രമേയമാണ്‌ അവതരിപ്പിച്ചത്‌. എന്നാല്‍, വിമതരെ ചാക്കിടാമെന്ന പ്രതീക്ഷയില്‍ വോട്ടെടുപ്പ്‌ കഴിവതും നീട്ടാനായിരുന്നു ഭരണപക്ഷത്തിന്റെ നീക്കം. അംഗങ്ങള്‍ക്കു വിപ്പ്‌ നല്‍കാന്‍ പാര്‍ട്ടികള്‍ക്കുള്ള അധികാരം നിഷേധിക്കുന്നതാണു സുപ്രീം കോടതിവിധിയെന്നു കോണ്‍ഗ്രസ്‌ നിയമസഭാകക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

സുപ്രീം കോടതിയെ സമീപിച്ച്‌ വ്യക്‌തത വരുത്തിയതിനു ശേഷം അടുത്ത നടപടിയിലേക്കു കടന്നാല്‍ മതിയെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. വിമതനീക്കം അവസാനിപ്പിക്കുകയും രാജിക്കത്തു പിന്‍വലിക്കുകയാണെന്നു പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്‌ നേതാവ്‌ രാമലിംഗ റെഡ്‌ഡി നിയമസഭയിലെത്തുകയും ചെയ്‌തത്‌ അപ്രതീക്ഷിതമായി. എന്നാല്‍, മറ്റു വിമതര്‍ രാജിയില്‍ ഉറച്ചുനിന്നതോടെ സര്‍ക്കാരിനു പ്രതീക്ഷ മങ്ങി. ഭരണപക്ഷത്തിന്റെ കണ്ണുവെട്ടിച്ച്‌ ശ്രീമന്ദ്‌ പാട്ടീല്‍ റിസോര്‍ട്ടില്‍നിന്നു ചാടിപ്പോയതും ഞെട്ടലായി.

ഭരണപക്ഷം 98 പേരായി ചുരുങ്ങിയെന്നും ബി.ജെ.പിക്ക്‌ 105 അംഗങ്ങളുണ്ടെന്നും വ്യക്‌തമായ നിലയ്‌ക്ക്‌ സര്‍ക്കാര്‍ ഉടനടി രാജി വയ്‌ക്കുകയാണു വേണ്ടതെന്ന്‌ മുന്‍ മുഖ്യമന്ത്രി ബി.എസ്‌. യെദിയൂരപ്പ പറഞ്ഞു. വിശ്വാസവോട്ടെടുപ്പ്‌ വൈകിക്കാനാണു ശ്രമമെന്നു ബി.ജെ.പി. പ്രതിനിധികള്‍ പരാതിപ്പെട്ടതോടെയാണ്‌ ഗവര്‍ണര്‍ ആദ്യം ഇടപെട്ടത്‌. വോട്ടെടുപ്പ്‌ ഇന്നലെത്തന്നെ നടത്തണമെന്ന ഗവര്‍ണറുടെ സന്ദേശം സ്‌പീക്കര്‍ കെ.ആര്‍. രമേഷ്‌ കുമാര്‍ നിയമസഭയില്‍ വായിച്ചു. നിയമസഭയില്‍ അധികാരം സ്‌പീക്കര്‍ക്കാണെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഗവര്‍ണറുടെ അഭ്യര്‍ഥന തള്ളി.

വൈകിട്ട്‌ ഏഴരയോടെ നിയമസഭ നിര്‍ത്തിവച്ചു. ഇന്നു 11-നു വീണ്ടും ചേര്‍ന്ന്‌ ചര്‍ച്ച തുടരുമെന്നു സ്‌പീക്കര്‍ അറിയിച്ചതിനു ശേഷമാണു സമയപരിധി നിശ്‌ചയിച്ച്‌ മുഖ്യമന്ത്രിക്കു ഗവര്‍ണറുടെ സന്ദേശമെത്തിയത്‌. 15 എം.എല്‍.എമാര്‍ തന്നെ സന്ദര്‍ശിച്ച്‌ രാജിക്കത്തു നല്‍കിയെന്നും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്നു മറ്റു രണ്ടുപേര്‍ അറിയിച്ചെന്നും ഗവര്‍ണറുടെ കത്തിലുണ്ട്‌. സര്‍ക്കാരിനു ഭൂരിപക്ഷം നഷ്‌ടമായെന്നു പ്രഥമദൃഷ്‌ട്യാ വിലയിരുത്താവുന്ന സാഹചര്യമാണുള്ളത്‌.

വിശ്വാസപ്രമേയത്തില്‍ തീരുമാനമെടുക്കാതെ നിയമസഭ പിരിഞ്ഞിരിക്കുന്നു. ഭരണഘടനാപരമായ ജനാധിപത്യസംവിധാനത്തില്‍ ഇതു നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രിക്കുള്ള കത്തില്‍ ഗവര്‍ണര്‍ വ്യക്‌തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button