ArticleKeralaLatest News

ആലത്തൂര്‍ എംപിക്ക് യൂത്തന്‍മാരുടെ സ്‌നേഹസമ്മാനം; രമ്യ ഹരിദാസ് പറയണമായിരുന്നു ആ കാര്‍ എന്റേതല്ല ആലത്തൂരിന്റേതാണെന്ന് 

മഹീന്ദ്രയുടെ മരാസോ എന്ന കാര്‍ ഇതിനകം രമ്യ ഹരിദാസിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി ബുക്ക് ചെയ്ത് കഴിഞ്ഞു.

ചരിത്രവിജയവുമായി ആലത്തൂരുനിന്നും പാട്ടും പാടി പാര്‍ലമെന്റിലേക്ക് വിജയിച്ചുകറിയ ആളാണ് രമ്യ ഹരിദാസ്. ആലത്തൂരിന്റെ സ്വന്തം എംപിക്ക് യൂത്ത് കോണ്‍ഗ്രസ് സമ്മാനമായി കാര്‍ വാങ്ങി നല്‍കും.  ഓഗസ്റ്റ് 9 ന് വടക്കഞ്ചേരി മന്ദം മൈതാനിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാറിന്റെ താക്കോല്‍ കൈമാറും. കാറിന് പതിനാലു ലക്ഷം രൂപയാണ് വില. ഇതിനായി കൂപ്പണ്‍ പിരിവിലൂടെയാണ്  പണം കണ്ടെത്തുന്നത്.  പൊതുജനങ്ങളില്‍ നിന്ന് പിരിക്കാതെ യൂത്തു കോണ്‍ഗ്രസില്‍ നിന്ന് മാത്രം പിരിവു നടത്തി സുതാര്യത ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.  മഹീന്ദ്രയുടെ മരാസോ എന്ന കാര്‍ ഇതിനകം രമ്യ ഹരിദാസിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി ബുക്ക് ചെയ്ത് കഴിഞ്ഞു. ടോപ് മോഡലിന് ഏകദേശം 14 ലക്ഷം രൂപയാണ് ഈ കാറിന് കേരളത്തിലെ വില.  രമ്യയ്ക്കു സഞ്ചരിക്കാന്‍ വാഹനം വാങ്ങി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയാണ് തീരുമാനിച്ചത്. അനില്‍ അക്കര എംഎല്‍എ ഉള്‍പ്പെടെയുളളവരുടെ പിന്തുണയുണ്ട്.

സംഭവം ആദ്യം കേള്‍ക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് അവരുടെ നാടിന്റെ പെങ്ങളൂട്ടിക്ക് ഒരു കാര്‍ സമ്മാനമായി നല്‍കുന്നതില്‍ എന്താണ് തെറ്റെന്ന് തോന്നും. പക്ഷേ വീണ്ടും ഒന്നു കൂടി ആലോചിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പിരിച്ചെടുത്ത്  ഇങ്ങനെയൊരു കാര്‍ സമ്മാനം നടത്തേണ്ടതുണ്ടോ എന്നൊരു മറുചോദ്യം കൂടി ചോദിക്കാം. നാട്ടില്‍ നിന്നോ ഏതെങ്കിലും സമുദായത്തില്‍ നിന്നോ അതുമല്ലെങ്കില്‍ സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നോ ഒരാള്‍ക്ക് പിരിവെടുത്ത് സമ്മാനം നല്‍കിയാല്‍ അത് ഉചിതം. ഒരു രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് അവരുടെ സംഘടന തന്നെ പിരിവെടുത്ത് കാര്‍ സമ്മാനിക്കുമ്പോള്‍ അതില്‍ ഒരു ഉചിതക്കുറവില്ലാതില്ല. സംഘടനയില്‍ ഇത് നല്ലൊരു കീഴ്വഴക്കമാകില്ല സൃഷ്ടിക്കുന്നത് എന്നത് തന്നെയാണ് ആദ്യം. നാളെ ഇതേ സംഘടനയില്‍പ്പെട്ട ഒരാള്‍ക്ക് സാമ്പത്തികപരാധീനതവന്നു കഷ്ടപ്പെടുമ്പോള്‍ സംഘടന സഹായിക്കുമോ. ഇല്ലെങ്കില്‍ അതേ സംഘടനയിലെ  പ്രവര്‍ത്തകരില്‍ ചിലരെങ്കിലും രമ്യയ്ക്ക് കാര്‍ നല്‍കിയതിനെ ചോദ്യം  ചെയ്യില്ല എന്ന് എന്താണുറപ്പ്.

പോരാത്തതിന് സോഷ്യല്‍മീഡിയയില്‍ ചിലര്‍ ചോദിക്കുന്നതുപോലെ  എംപി എന്ന നിലയില്‍ പ്രതിമാസം മോശമല്ലാത്ത  ശമ്പളവും അലവന്‍സും അടക്കം ലഭിക്കുമ്പോള്‍ കാര്‍ വാങ്ങാന്‍ പണപ്പിരിവ് എന്തിനാണ്.  ആലത്തൂര്‍ എന്ന കോട്ട പിടിച്ചടക്കിയ ഞങ്ങളുടെ എംപിക്ക് ഒരു വാഹനം വാങ്ങി നല്‍കുന്നതില്‍ എന്താണ് പ്രശ്നമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി ഉന്നയിക്കുന്ന മറുചോദ്യം. അപ്പോള്‍ സംഘടനയ്ക്കാണോ വ്യക്തിക്കാണോ പ്രധാന്യമെന്ന് വിമര്‍ശകര്‍ക്ക് വീണ്ടും ചോദ്യമാകാം. രമ്യ ഹരിദാസിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ടവരാണ് വ്യാജ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും  പാര്‍ലമെന്റ് കമ്മിറ്റി എടുത്ത തീരുമാനം സുതാര്യമായാണ് ചെയ്യുന്നതെന്നും കോണ്‍ഗ്രസ് നേതാക്കളുടെ പൂര്‍ണപിന്തുണ ഇതിനുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കുന്നുണ്ട്. ആലത്തൂര് പിടിച്ചെടുത്തത് കോണ്‍ഗ്രസിന്റെയോ യൂത്ത് കോണ്‍ഗ്രസിന്റെയോ സംഘടനാശക്തികൊണ്ടല്ലെന്നും രമ്യ ഹരിദാസിന്റെ വ്യക്തിപരമായ കഴിവ് കൊണ്ടാണെന്നും അപ്പോള്‍ ഉറപ്പിക്കാം. വ്യക്തിപൂജക്ക് കോണ്‍ഗ്രസ് പണ്ടേ മുന്നിലായതിനാല്‍ രമ്യക്ക് കിട്ടുന്ന കാര്‍ തീരെ പോരാ എന്ന് പറയേണ്ടിവരും.

പക്ഷേ ഇക്കാര്യത്തില്‍ രമ്യ ഹരിദാസ് നടത്തിയ പ്രതികരണം എതിരാളികളുടെ വായടപ്പിക്കുന്നതാണെന്നാണ് യൂത്തന്‍മാര്‍ പറയുന്നത്. താന്‍ വെറും മൂന്ന് ജോഡിഡ്രസുമായാണ് ആലത്തൂരെത്തിയതെന്നും ഇപ്പോള്‍ കാറുടമയായതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. യൂത്ത ്‌കോണ്‍ഗ്രസ്‌കാരി എന്ന നിലയില്‍ ജീവിതത്തിലെ അഭിമാനകരമായ നിമിഷമാണിതെന്നും രമ്യ പറയുന്നു. യൂത്ത് കോണ്‍ഗ്രസുകാരിയായ തനിക്ക് അവര്‍ തരുന്ന സമ്മാനം നിരാകരിക്കേണ്ട കാര്യമില്ല. എംപി എന്ന  നിലയില്‍ കിട്ടുന്ന പണം കൊണ്ട് കാര്‍ വാങ്ങാന്‍ കഴിയുമോ എന്ന് വിര്‍ശിക്കുന്നവര്‍ അന്വേഷിക്കണമെന്നും രമ്യ ഓര്‍മ്മിപ്പിക്കുന്നു. ചുരുക്കത്തില്‍ മൂന്ന് ജോഡി ഡ്രസുമായി ആലത്തൂരെത്തിയ തനിക്ക് ഇനി അത് 66 ജോഡിയായാലും ആലത്തൂര്‍ തന്നതാണെന്നും അവര്‍ അഭിമാനത്തോടെ വ്യക്തമാക്കി. എന്തായാലും കോണ്‍ഗ്രസിലായതുകൊണ്ട് ഇത്രയും വിമര്‍ശനത്തില്‍ കാര്യം ഒതുങ്ങിയെന്ന് കരുതാം, കാര്യമെന്ത് പറഞ്ഞാലും മോദിയെയാണ്   തോല്‍പ്പിക്കുന്നതെങ്കിലും  ആ  സഖാവിന് സ്‌നേഹസമ്മാനം പോയിട്ടും ഒരു മുറിബീഡി പോലും എകെജി സെന്ററില്‍ നിന്ന് പ്രതീക്ഷിക്കാനാകില്ല. പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ ഇങ്ങനെയൊക്കെ ആണെങ്കില്‍ കേരളത്തില്‍ ആദ്യം താമര വിരിയിച്ച ഒ രാജഗോപാലിനും നല്‍കണമായിരുന്നു ബിജെപി ഒരു സ്‌നേഹസമ്മാനം.

Tags

Post Your Comments


Back to top button
Close
Close