KeralaLatest News

കാക്കിയിട്ട ഗുണ്ടായിസം; ക്രിമിനല്‍ കേസില്‍ ഉള്‍പെട്ട പൊലീസുകാരുടെ റിപ്പോര്‍ട്ട് വന്നിട്ടും കേസ് ഇഴഞ്ഞ് നീങ്ങുന്നു

തിരുവനന്തപുരം : ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ ഇഴയുന്നു. സംസ്ഥാനത്തു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 772 പൊലീസുകാരാണു നിലവിലുള്ളത്. 8 പേര്‍ വനിതകള്‍. കൂടുതലുള്ളത് തിരുവനന്തപുരം റൂറലില്‍ 110പേര്‍. കുറവ് വയനാട്ടില്‍ 11.

എന്തെല്ലാം കേസുകള്‍ വന്നാലും അന്വേഷണം വൈകിപ്പിക്കും. പിന്നീട് തെളിവില്ലെന്ന് റിപ്പോര്‍ട്ട് എഴുതി ഇവരെ രക്ഷിക്കും. ഇതാണ് നിലനവില്‍ പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ നടക്കുന്ന നടപടി. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 59 പൊലീസുകാരുണ്ടെന്നു ഒരു വര്‍ഷം മുന്‍പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പട്ടികയില്‍ ഇപ്പോള്‍ 12 ആയി. ആരെയും പിരിച്ചുവിട്ടതുമില്ല.

പൊലീസുകാര്‍ക്കെതിരായ കേസുകളും വകുപ്പുതല അന്വേഷണവും നടത്തുന്നതു പൊലീസുകാര്‍ തന്നെയാണ്. സത്യസന്ധമായ അന്വേഷണം ചുരുക്കം കേസുകളില്‍ മാത്രമാണു നടക്കുന്നതെന്നാണു പരാതി. കോണ്‍സ്റ്റബിള്‍ മുതല്‍ ഡിവൈഎസ്പി വരെയുള്ളവര്‍ പട്ടികയിലുണ്ട്. അഞ്ഞൂറിലധികം പേര്‍ കോണ്‍സ്റ്റബിള്‍മാരാണ്. കുട്ടികളെ പീഡിപ്പിച്ചവരും സ്ത്രീകളോടു മോശമായി പെരുമാറിയവരും കസ്റ്റഡിമരണക്കേസ്, അടിപിടിക്കേസ്, സ്ത്രീധനക്കേസ് തുടങ്ങിയവയില്‍ ഉള്‍പ്പെട്ടവരും പട്ടികയിലുണ്ട്. ഗുരുതര കേസുകളില്‍ ഉള്‍പ്പെട്ടത് 12 പേര്‍, പോക്‌സോ കേസ് 3, പീഡനക്കേസ് 5.

കേസില്‍ ഉള്‍പ്പെട്ട പൊലീസുകാരുടെ എണ്ണം ഇങ്ങനെ

തിരുവനന്തപുരം സിറ്റി – 84, റൂറല്‍ – 110
കൊല്ലം സിറ്റി – 48, റൂറല്‍ 42
പത്തനംതിട്ട – 35
ആലപ്പുഴ – 64
കോട്ടയം – 42
ഇടുക്കി – 26
കൊച്ചി സിറ്റി – 50
എറണാകുളം റൂറല്‍ – 40
തൃശൂര്‍സിറ്റി 36, റൂറല്‍ 30
പാലക്കാട് – 48
മലപ്പുറം – 37
കോഴിക്കോട് സിറ്റി – 18, റൂറല്‍ – 16
വയനാട് – 11
കണ്ണൂര്‍ 18
കാസര്‍കോട് – 17

shortlink

Post Your Comments


Back to top button