Latest NewsIndia

ചാന്ദ്രയാന്‍ 2 വിന്റെ അഭിമാനകുതിപ്പിന് കയ്യടിച്ച് രാജ്യം : സെപ്റ്റംബര്‍ 7 ല്‍ കണ്ണും നട്ട് ഐ.എസ്.ആര്‍.ഒ

ലോകരാഷ്ട്രങ്ങളെ അതിശയിപ്പിച്ചും വിസ്മയിപ്പിച്ചും ഇന്ത്യയുടെ ചന്ദ്രയാന്‍ -2 പര്യവേക്ഷണ പേടകം കുതിച്ചുയര്‍ന്നിരിക്കുന്നു. ഞായറാഴ്ച വൈകീട്ട് 6 .43 നാണ് ഇരുപത് മണിക്കൂര്‍ നീണ്ട കൌണ്ട് ഡൌണ്‍ തുടങ്ങിയത്. നേരത്തെ അവസാന നിമിഷത്തില്‍ ദൗത്യം മാറ്റി വയ്ക്കുകയായിരുന്നു. അതിനുശേഷം ഒരാഴ്ച തികയുമ്പോഴാണ് ഐ എസ് ആര്‍ ഒ ആ ചരിത്ര വിജയം കുറിച്ചത്. ഇതോടെ എല്ലാ കണ്ണുകളും ഇപ്പോള്‍ സെപ്റ്റംബര്‍ 7 ലാണ്. അന്നാണ് ബഹിരാകാശ പേടകത്തിന്റെ ലാന്‍ഡറും റോവര്‍ മൊഡ്യൂളുകളും ചന്ദ്രന്റെ ഉപരിതലത്തില്‍ മൃദു ലാന്‍ഡിംഗ് നടത്തുന്നത്. പുതുക്കിയ ഫ്‌ലൈറ്റ് സീക്വന്‍സ് അനുസരിച്ച്, ചന്ദ്രയാന്‍ -2 ഭൂമിയുടെ ഭ്രമണപഥത്തില്‍ 23 ദിവസം ചെലവഴിക്കും

ലാന്‍ഡറും റോവറും ഒരു ചാന്ദ്ര ദിവസത്തിന് തുല്യമായ 14 ദിവസം മാത്രം പ്രവര്‍ത്തിക്കുന്നവിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ സമയത്ത് വിവിധ പരീക്ഷണങ്ങള്‍ നടത്തുകയും ഡാറ്റ ശേഖരിക്കുകയും ചെയ്യും. 43 ആം ദിവസം അല്ലെങ്കില്‍ സെപ്റ്റംബര്‍ 2 ന് ലാന്‍ഡര്‍ മൊഡ്യൂള്‍ ഓര്‍ബിറ്ററില്‍ നിന്നും വേര്‍തിരിക്കും. എന്നാലും കുറച്ച് ദിവസത്തേക്ക് ഭ്രമണപഥത്തില്‍ അവ ചന്ദ്രനെ ചുറ്റുന്നത് തുടരും. ശരിക്കുമുള്ള ലാന്‍ഡിംഗ് നടക്കുന്നത് സെപ്റ്റംബര്‍ ആറിനോ അല്ലെങ്കില്‍ സെപ്റ്റംബര്‍ 7 ന്റെ തുടക്കത്തിലോ സംഭവിക്കും. ചന്ദ്രയാന്‍ രണ്ട് കുതിച്ചുയര്‍ന്ന ആദ്യനിമിഷങ്ങളില്‍തന്നെ ജ്വലിച്ച എസ് 200 സോളിഡ് റോക്കറ്റുകള്‍ വിജയകരമായി വേര്‍പ്പെട്ടു. ഖര ഇന്ധനമാണ് ആദ്യ റോക്കറ്റുകളില്‍ ഉപയോഗിച്ചത്. ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍(വിക്രം), പര്യവേക്ഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവയടങ്ങിയതാണ് ചന്ദ്രയാന്‍-2. ‘ബാഹുബലി’ എന്ന വിളിപ്പേരുള്ള ജി എസ് എല്‍ വി മാര്‍ക്ക് ത്രീ റോക്കറ്റിലാണ് ചാന്ദ്ര ദൗത്യം ബഹിര്‍കാശത്തേക്ക് കുതിച്ചത്.

അതേസമയം, ഏഴ് ഉപകരണങ്ങളുള്ള 2,379 കിലോഗ്രാം ബഹിരാകാശവാഹനമായ ഓര്‍ബിറ്റര്‍ ഒരു വര്‍ഷത്തേക്ക് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടരും. ഉപരിതലത്തിന്റെ മിഴിവാര്‍ന്ന 3-ഡി മാപ്പുകള്‍ ചിത്രീകരിക്കാന്‍ വിവിധ തരം ക്യാമറകള്‍ ഓര്‍ബിറ്ററില്‍ സജ്ജീകരിച്ചിട്ടുണ്ട്. ചന്ദ്രനിലെ ധാതുക്കളുടെ ഘടനയെയും ചന്ദ്ര അന്തരീക്ഷത്തെയും പഠിക്കുന്നതിനും ജലത്തിന്റെ സമൃദ്ധി വിലയിരുത്തുന്നതിനുമുള്ള ഉപകരണങ്ങളും ഇവിടെയുണ്ട്. ചന്ദ്രനെ പരിക്രമണം ചെയ്യുന്നതിനും ഉപകരണങ്ങള്‍ ഉപയോഗിച്ച് നിരീക്ഷണങ്ങള്‍ നടത്തുന്നതിനുമായിരുന്നു ചന്ദ്രയാന്‍ -1 രൂപകല്‍പ്പന ചെയ്തത്. അതേസമയം ചന്ദ്രയാന്‍ -2 ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ച് പഠിക്കും, ഈ സൈറ്റില്‍ മുമ്പ് ഒരു ദൗത്യവും നടന്നിട്ടില്ല. ജലസാന്നിധ്യത്തിന്റെ സാധ്യത നിലനില്‍ക്കുന്ന മേഖലയാണ് ചന്ദ്രന്റെ ദക്ഷിണധ്രുവം. കൂടാതെ ഈ പ്രദേശത്തുള്ള പുരാതന പാറകളും ഗര്‍ത്തങ്ങളും ചന്ദ്രന്റെ ചരിത്രത്തിന്റെ സൂചനകള്‍ നല്‍കാന്‍ കഴിയുന്നവയാണ്. , കൂടാതെ ആദ്യകാല സൗരയൂഥത്തിന്റെ ഫോസില്‍ രേഖകളുടെ സൂചനകളും ഇവയില്‍ അടങ്ങിയിരിക്കുന്നുണ്ട്.

978 കോടി രൂപയാണ് ചാന്ദ്ര ദൗത്യത്തിന് വേണ്ടി വരുന്ന ചെലവ്. ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കേണ്ടിയിരുന്നത് . പുതിയ പ്ലാന്‍ പ്രകാരം 23 ദിവസമായി കൂടിയിട്ടുണ്ട്. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയത്തിലും മാറ്റമുണ്ട്. അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം 7 ആക്കി മാറ്റി. ഏറ്റവും വലിയ മാറ്റം ചന്ദ്രനെ ചുറ്റാന്‍ നിശ്ചയിച്ചിരിക്കുന്ന സമയത്തിലാണ്. നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്ററിനെ ചന്ദ്രനില്‍ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. വിക്രം ലാന്ററും ഓര്‍ബിറ്ററും തമ്മില്‍ വേര്‍പെടാന്‍ പോകുന്നത് നാല്പത്തി മൂന്നാം ദിവസമാണ്. നേരത്തെ ഇത് അന്‍പതാം ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്.

48 ദിവസത്തിനകം ലാന്‍ഡര്‍ വിക്രം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യും. ഇതിലുള്ള പ്രഗ്യാന്‍ എന്ന റോവര്‍ ചന്ദ്രനില്‍ പര്യവേക്ഷണം നടത്തും. അധികം പര്യവേക്ഷണങ്ങള്‍ നടക്കാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് റോവര്‍ പര്യവേക്ഷണം നടത്തുക എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചാന്ദ്ര ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button