KeralaLatest News

മെട്രോക്ക് വേണ്ടി ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്ത കേസ്; പുനരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കൊച്ചി : മെട്രോക്ക് വേണ്ടി ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്ത കേസില്‍ വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി മടക്കി. ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനും കെ.എം.ആര്‍.എല്ലിനും സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്ന കണ്ടെത്തല്‍ കോടതി സ്വീകരിച്ചില്ല. അധിക വില ലഭിക്കുന്ന വിധം ശീമാട്ടിയും ജില്ലാകലക്ടറും ഉണ്ടാക്കിയ കരാര്‍ സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. കേസ് കോടതി ആഗസ്റ്റ് 17ന് വീണ്ടും പരിഗണിക്കും.

ജില്ലാ ഭരണകൂടം ശീമാട്ടിയുടെ ഭൂമി സെന്റിന് 52 ലക്ഷം രൂപ നഷ്ടപരിഹാരം നല്കിക്കൊണ്ടായിരുന്നു എറ്റെടുത്തത്. എന്നാല്‍ പിന്നീട് ഭൂഉടമകളുടെ വാദത്തെ തുടര്‍ന്ന് സെന്റിന് 80 ലക്ഷം രൂപ വില നിശ്ചയിച്ചതില്‍ അഴിമതി നടന്നുവെന്നതാണ് പരാതി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ വിലയില്‍ വരുത്തിയ മാറ്റം ഇവര്‍ സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ലെന്ന് കണ്ടെത്തിയാണ് കോടതി റിപ്പോര്‍ട്ട് മടക്കിയത്.

കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കായി എറണാകുളത്തെ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിലാണ് വിണ്ടും അന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മെട്രോ സ്ഥലമേറ്റെടുപ്പിന്റെ വ്യവസ്ഥകളില്‍ ശീമാട്ടിക്ക് മാത്രമായി ഇളവുവരുത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം നടത്തുക. മെട്രോ നിര്‍മ്മാണത്തിനായി ശീമാട്ടി വിട്ടുനല്‍കിയ 32 സെന്റില്‍ പുറമ്പോക്ക് ഭൂമിക്കും വില നല്‍കിയിട്ടുണ്ടോ എന്നും അന്വേഷിക്കാനും കോടതി ആവശ്യപ്പെട്ടു. ഭൂഉടമയും ജില്ലാ കലക്ടറും ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ സംബന്ധിച്ചും കൃത്യമായ അന്വേഷണം നടത്തണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button