KeralaLatest News

വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥികളോട് പ്രതികാരം തീര്‍ത്ത് അധികൃതര്‍; ഹാജര്‍ രജിസ്റ്ററില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണം

വര്‍ക്കല: വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജിലെ ക്രമക്കേടുകള്‍ക്കെതിരെ പരാതിപ്പെട്ട വിദ്യാര്‍ത്ഥികളോട് പ്രതികാര നടപടിയുമായി അധികൃതര്‍. കോളേജിനെതിരെ പരാതിപ്പെട്ട എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നിഷേധിച്ചെന്ന് പരാതി. ഇതിനായി വിദ്യാര്‍ത്ഥികളുടെ ഹാജര്‍ രജിസ്റ്ററില്‍ മാനേജ്മെന്റ് കൃത്രിമം കാണിച്ചെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് അധ്യാപകരില്ലെന്നും അടിസ്ഥാന സൗകര്യമില്ലെന്നുമായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി. മെഡിക്കല്‍ കൗണ്‍സിലിന്റ കണ്ണില്‍ പൊടിയിടാന്‍ പണം കൊടുത്ത് ആളുകളെ രോഗികളാക്കി എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം വിദ്യാര്‍ത്ഥികള്‍ പുറത്ത് വിട്ടിരുന്നു.

ആരോഗ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടില്ലെങ്കിലും പരാതി അന്വേഷിക്കുമെന്ന് ആരോഗ്യസര്‍വ്വകലാശാല അറിയിച്ചിട്ടുണ്ട്. വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടു വന്നതും കോളേജിനെതിരേ ഹൈക്കോടതിയെ സമീപിച്ചതുമായ വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാന്‍ കഴിയാത്ത സ്ഥിതിയിലായത്. ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴില്‍ ഇന്ന് തുടങ്ങിയ രണ്ടാം വര്‍ഷ എം ബി ബി എസ് പരീക്ഷ എഴുതാനുള്ള അവസരമാണ് ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമായത്. ഹാജരില്ലെന്ന് കാണിച്ച് മാനേജ്മെന്റ് സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയതാണ് കാരണം. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടയ്ക്കാനും കഴിഞ്ഞിട്ടില്ല. അതേസമയം, കോളേജ് രജിസ്റ്ററില്‍ കൃത്രിമം കാണിച്ചെന്ന വാദം ശരിയല്ല എന്നാണ് കോളേജ് പ്രിന്‍സിപ്പാള്‍ കെ. ഇ. രാജന്റെ വിശദീകരണം. ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞദിവസം പരാതി നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ആരോഗ്യ സര്‍വകലാശാല പ്രൊ വി.സി ഡോ.എ.നളിനാക്ഷന്‍ പരിശോധിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റൊരു കോളേജിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം അടുത്തിടെ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടും പുറത്ത് വരാനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button