KeralaLatest NewsIndia

രാമേശ്വരത്തെ മുക്കുവക്കുടിലിൽ നിന്ന് ഇന്ത്യൻ പ്രസിഡന്‍റ്, അദ്ദേഹം പകര്‍ന്നു തന്ന അഗ്നിയില്‍ ഇന്ന് ലോകത്തിന്റെ അഭിമാനമായി ഇന്ത്യ മാറിയിരിക്കുന്നു: കലാമിന് ആദരപൂർവ്വം…

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം. പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ മുക്കുവ കുടിലിൽ ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. അബ്ദുല്‍ കലാം ഓര്‍മയില്‍ ഇന്ന് നാല് വയസ്സ്.

ഇന്ത്യയുടെ അഭിമാനമായി ചന്ദ്രയാന്‍ കുതിച്ചു ഉയര്‍ന്നപ്പോള്‍ ഒരു നിമിഷമെങ്കിലും നമ്മള്‍ ഈ മുഖം ഓര്‍ത്തിരിക്കാം. നമ്മുടെ സ്വപ്‌നങ്ങള്‍ അഗ്നിചിറകുകള്‍ നല്‍കിയ വ്യക്തി. 2015 ജൂലൈ 27 ന് ഷില്ലോങില്‍ വിദ്യാര്‍ത്ഥികളുമായി സംവാദിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണു നമ്മെ വിട്ടുപോകുമ്പോള്‍ ഏതൊരു ഇന്ത്യന്‍ പൗരന്റെയും മനസ്സ് പിടഞ്ഞിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ‘ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ’ എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്.

പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.രാഷ്ട്രപതി, ശാസ്ത്രജ്ഞന്‍ എന്നതിലുപരി നമ്മള്‍ ഇഷ്ടപ്പെട്ടിരുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയാണ്. എത്ര ഉയരങ്ങള്‍ കീഴടക്കിയാലും ഒരു വ്യക്കി എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഡോ. എ പി ജെ അബ്ദുല്‍ കലാം. ഹൈന്ദവ ക്ഷേത്രങ്ങൾക്ക് പേരുകേട്ട തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ 1931 ഒക്ടോബർ 15ന് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയമകനായാണ് എ.പി.ജെ. അബ്ദുൽ കലാം ജനിച്ചത്. നല്ല മതഭക്തിയുള്ള ആളായിരുന്നു അദ്ദേഹത്തിന്റെ പിതാവ്, ധനുഷ്കോടി – രാമേശ്വരം യാത്രയ്ക്കുള്ള ബോട്ടുകൾ വാടകയ്ക്ക് കൊടുക്കുന്ന തൊഴിലായിരുന്നു അദ്ദേഹത്തിന്റേത്.

രാമേശ്വരത്തെ ഹൈന്ദവ മതനേതാക്കളുമായും സ്കൂൾ അദ്ധ്യാപകരുമായും മറ്റും അദ്ദേഹം ഊഷ്മളമായ സുഹൃദ്ബന്ധം പുലർത്തുകയും ചെയ്തിരുന്നു. അബ്ദുൾ കലാമിന്റെ ബന്ധുവായിരുന്ന ഷംസുദ്ദീൻ അവിടത്തെ ഒരു പത്രവിതരണക്കാരനായിരുന്നു. രാമേശ്വരത്തു കൂടി കടന്നുപോയിരുന്ന ട്രെയിനുകൾ അവിടെ നിർത്താതിരുന്ന അക്കാലത്ത് പത്രങ്ങൾ വണ്ടിയിൽ നിന്നും പുറത്തേക്കു കെട്ടുകളായി വലിച്ചെറിയുകയായിരുന്നു പതിവ്. ഈ കെട്ടുകൾ എടുത്തുകൂട്ടുന്നതിൽ ഷംസുദ്ദീനെ അബ്ദുൾ കലാം സഹായിച്ചിരുന്നു. ഈ സഹായത്തിന് ഷംസുദ്ദീൻ കലാമിന് ചെറിയ പാരിതോഷികം നൽകുമായിരുന്നു. ഇതായിരുന്നു തന്റെ ആദ്യത്തെ വേതനം എന്നും അദ്ദേഹം തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

കലാം ജനിച്ച വീട് രാമേശ്വരത്തെ മോസ്ക് സ്ട്രീറ്റിൽ ഇന്നും കാണാവുന്നതാണ്. അദ്ദേഹത്തിന്റെ സഹോദരൻ നടത്തുന്ന അപൂർവകൗതുകവസ്തുക്കൾ വിൽക്കുന്ന ഒരു കടയും ഇതിനോടുചേർന്നുതന്നെ കാണാം.രാമനാഥപുരത്തെ ഷെവാർട് സ്കൂളിലായിരുന്നു കലാമിന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസകാലത്ത് അബ്ദുൾകലാം ഒരു ശരാശരി വിദ്യാർത്ഥിമാത്രമായിരുന്നു.എങ്കിലും, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. പഠനത്തിനുവേണ്ടി മണിക്കൂറുകളോളം അബ്ദുൾകലാം ചിലവഴിക്കാറുണ്ടായിരുന്നു. ഗണിതം ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം.

കലാമിന്റെ മുതിർന്ന സഹോദരിയുടെ ഭർത്താവ് ജലാലുദ്ദീൻ ആയിരുന്നു ആ ഗ്രാമത്തിൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കാനറിയാവുന്നവരിൽ ഒരാൾ. ജലാലുദ്ദീൻ പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചും, ശാസ്ത്രനേട്ടങ്ങളെക്കുറിച്ചും അബ്ദുൾ കലാമിനോടു പറയുമായിരുന്നു. കലാമിന്റെ വിദ്യാഭ്യാസത്തിൽ ജലാലുദ്ദീൻ നല്ല പങ്കു വഹിച്ചിട്ടുണ്ട്.രാമേശ്വരം സ്കൂളിൽ പ്രാഥമികപഠനം പൂർത്തിയാക്കിയശേഷം, കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ ഉപരിപഠനത്തിനായി ചേർന്നു. 1954-ൽ കലാം, ഈ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് സാഹിത്യത്തോടും കലാമിനു താൽപര്യമുണ്ടായിരുന്നു.

‘ആകാശങ്ങളിൽ പറക്കുക’ എന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാകണമെങ്കിൽ ഭൗതികശാസ്ത്രപഠനംകൊണ്ടു മാത്രം കാര്യമാവില്ല എന്ന് മനസ്സിലാക്കിയ കലാം, 1955-ൽ എയ്റോസ്പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി മദ്രാസിലേക്കു പോയി. അക്കാലത്ത് സാങ്കേതികവിദ്യാ പഠനത്തിൽ പ്രശസ്തമായ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനത്തിനായി ചേർന്നു. വിമാനത്തിന്റെ സാങ്കേതികവശങ്ങൾ മനസ്സിലാക്കുവാൻ കോളേജിൽ പ്രദർശിപ്പിച്ചിരുന്ന രണ്ടു വിമാനങ്ങൾ കലാം സൂക്ഷ്മതയോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പഠനത്തിന്റെ രണ്ടാം വർഷത്തിൽ ഏതെങ്കിലും ഒരു വിഷയം ഐച്ഛികമായി എടുത്തു പഠിക്കേണ്ടിയിരുന്നു.

എയ്റോനോട്ടിക്സ് അഥവാ വ്യോമയാനവിജ്ഞാനീയം എന്ന വിഷയമാണ് തന്റെ ഐച്ഛികമായി കലാം തിരഞ്ഞെടുത്തത്. 1958ൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ട്രെയിനിയായി ചേർന്നു. വിമാനങ്ങളുടെ പൈലറ്റാവാനായിരുന്നു കലാമിനു ആഗ്രഹം. വ്യോമസേനയുടെ പൈലറ്റ് പരീക്ഷയിൽ പരാജയപ്പെട്ടത് കലാമിനെ കുറച്ചൊന്നുമല്ല നിരാശനാക്കിയത്. എട്ട് ഒഴിവുകളിലേക്കുള്ള ഇൻറർവ്യൂവിൽ കലാമിൻെറ സ്ഥാനം ഒമ്പതാമതായിരുന്നു.1960-ൽ ബിരുദം നേടിയ ശേഷം കലാം, ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷൻ (എയർ) എന്ന സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായി ജോലിക്കു ചേർന്നു.ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ളതായിരുന്നു ഈ സ്ഥാപനം.

പ്രതിരോധ മേഖലയ്ക്കായി സാങ്കേതികവിദ്യയും ഉപകരണങ്ങളും വികസിപ്പിക്കുന്ന ഒരു കേന്ദ്രമായിരുന്നു ഇത്. ഇന്ത്യൻ സൈന്യത്തിനു വേണ്ടി ഒരു സൂപ്പർസോണിക്ക് ടാർജറ്റ് എയർക്രാഫ്റ്റ് നിർമ്മിക്കുക എന്നതായിരുന്നു ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ കലാമിന്റെ ആദ്യ ദൗത്യം. ഈ ഉദ്യോഗത്തിൽ കലാം പൂർണ്ണ സംതൃപ്തനല്ലായിരുന്നു.ജലത്തിലും കരയിലും ഒരുപോലെ സഞ്ചരിക്കാനാകുന്ന ഹോവർക്രാഫ്ടിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു കലാമിനെ ഏല്പിച്ച അടുത്ത ദൗത്യം. ദിവസവും പതിനെട്ടു മണിക്കൂർ ജോലിചെയ്ത് മിഷൻ ‘നന്ദി’ അദ്ദേഹം പൂർത്തിയാക്കി. പ്രതിരോധമന്ത്രിയായ വി.കെ. കൃഷ്ണമേനോൻ നന്ദി യെ കാണാൻ വന്നു.

അദ്ദേഹത്തിന് നന്ദിയിൽ പറക്കണമെന്ന ആഗ്രഹം തോന്നി. മാത്രമല്ല കലാം തന്നെ അത് പറപ്പിക്കണമെന്നും മന്ത്രിക്ക് നിർബന്ധമുണ്ടായിരുന്നു. കലാം മന്ത്രിയേയും കൊണ്ട് സുരക്ഷിതമായി പറന്ന് തിരിച്ചെത്തി. സാങ്കേതികമായി നന്ദി വിജയിച്ചെങ്കിലും സാമ്പത്തിക കാരണങ്ങളാൽ പദ്ധതി നിർത്തിവെച്ചു. തന്നെ ഒരുപാട് വേദനിപ്പിച്ച സംഭവങ്ങളിലൊന്നായി കലാം ഇത് രേഖപ്പെടുത്തിയിരിക്കുന്നു.ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിന്റെ ഡയറക്ടർ പ്രൊഫ. എം.ജി.കെ. മേനോൻ ആയിടയ്ക്കാണ് എച്ച്.എ.എല്ലിൽ എത്തിയത്. മേനോനാണ് കലാമിലെ റോക്കറ്റ് എൻജിനീയറെ കണ്ടെത്തിയത്. തുടർന്ന് കലാമിന്റെ പ്രതിഭ കണ്ടറിഞ്ഞ പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന ഡോക്ടർ.വിക്രം സാരാഭായി താൻ നേതൃത്വം നൽകിയിരുന്ന ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് എന്ന സ്ഥാപനത്തിൽ ചേരുവാനായി അദ്ദേഹത്തെ ക്ഷണിച്ചു.

അദ്ദേഹം തുമ്പയിൽ ഒരു വിക്ഷേപണ കേന്ദ്രം തുടങ്ങാൻ കലാമിനെ ഏല്പിച്ചു. 1962-ലായിരുന്നു അത്. തിരുവനന്തപുരത്തുള്ള തുമ്പയിൽ അബ്ദുൾകലാമിന് എല്ലാം ആദ്യം മുതൽ തുടങ്ങേണ്ടിയിരുന്നു. “തിരുവനന്തപുരത്തെ തുമ്പ മേരി മഗ്ദലിൻ പള്ളിയിലെ പ്രാർഥനാമുറിയിലായിരുന്നു എന്റെ ആദ്യ ലബോറട്ടറി. ഡിസൈൻ ആൻഡ് ഡ്രോയിങ്‌റൂം ബിഷപ്പിന്റെ മുറിയായിരുന്നു” എന്ന് കലാം തന്റെ ആത്മകഥയായ അഗ്നിച്ചിറകുകളിൽ അനുസ്മരിക്കുന്നു. ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ആദ്യ റോക്കറ്റായ നൈക്കി-അപാച്ചി, കലാമിന്റെ നേതൃപാടവത്തിന്റെ ഫലമായി, അധികം താമസിയാതെ, 1963 നവംബർ 1-ആം തീയതി തുമ്പയിൽ നിന്ന് ആകാശത്തിലേക്ക്കുതിച്ചു.

1967-ൽ സാരാഭായി കലാമിനെയും എയർ ഫോഴ്‌സിലെ ക്യാപ്റ്റൻ വി.എസ്. നാരായണനെയും വിളിച്ചുവരുത്തി ഉപഗ്രഹവിക്ഷേപിണികളേക്കുറിച്ച് സംസാരിച്ചു. ദില്ലി അശോകാ ഹോട്ടലിലെ ഈ ചർച്ചയാണ് ഇന്ത്യൻ റോക്കറ്റുകൾക്കും മിസൈലുകൾക്കും വഴിമരുന്നിട്ടത്. 1969-ൽ കലാം, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ നിയമിതനായി. ഇതോടേ കലാം, ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണവാഹനം വികസിപ്പിച്ചെടുക്കാനുള്ള സംഘത്തിന്റെ തലവനായി നിയമിക്കപ്പെട്ടു. ഇന്ത്യ ആദ്യ റോക്കറ്റ് വിക്ഷേപിക്കുമ്പോൾ റേഞ്ച് സേഫ്റ്റി ഡയറക്ടർ ആയിരുന്ന കലാം, മനസ്സും ശരീരവും പൂർണമായി അർപ്പിച്ചു കൊണ്ട് തന്റെ സംഘത്തോടൊപ്പം എസ്.എൽ.വി. 3 എന്ന വിക്ഷേപണവാഹനം വികസിപ്പിച്ചെടുത്തു.

പന്ത്രണ്ട് വർഷത്തെ കഠിനതപസ്യയുടെ ഫലമായി 1979 ആഗസ്ത് 10-ന് ശ്രീഹരിക്കോട്ടയിൽ എസ്.എൽ.വി-3 വിക്ഷേപണത്തിന് തയ്യാറായി. 23 മീറ്റർ നീളവും 17 ടൺ ഭാരവുമുള്ള റോക്കറ്റ് ഭ്രമണപഥത്തെ ലക്ഷ്യമാക്കി ഉയർന്നു. രാഷ്ട്രം മുഴുവൻ ഉറ്റുനോക്കിയ വിക്ഷേപണമായിരുന്നു അത്. എന്നാൽ, 317 സെക്കൻഡുകൾക്ക് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ റോക്കറ്റ് തകർന്ന് വീണു. വിക്ഷേപണപരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്ത് തന്നിലേക്ക് ഒതുങ്ങിക്കൂടിയ കലാമിന്ന് അന്നത്തെ വി.എസ്.എസ്.സി. ഡയറക്ടർ ഡോ. ബ്രഹ്മപ്രകാശ് വീണ്ടും ആത്മവീര്യം പകർന്നു. തുടർന്ന് നടന്ന എസ്. എൽ. വി മൂന്നിന്റെ അടുത്ത പരീക്ഷണപ്പറക്കലിൽ, 1980 ജൂലായ് 17-ന് രോഹിണി കൃത്രിമോപഗ്രഹം എന്ന കൃത്രിമോപഗ്രഹത്തെ അദ്ദേഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.

എസ്.എൽ.വി.-3യുടെ വിജയം കലാമിനെ ആഗോളപ്രശസ്തനാക്കി. ഹൈദരാബാദിലെ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ തലവനായി കലാം 1982-ൽ ചുമതലയേറ്റത് ഇന്ത്യൻ മിസൈൽ സാങ്കേതികവിദ്യയിലെ വഴിത്തിരിവാകുകയായിരുന്നു. ‘ ദീർഘകാലമായി സുഖനിദ്രയിലായിരുന്ന ഈ സ്ഥാപനത്തിന് പുതുജീവൻ കൈവരാൻ ഈ നിയമനം സഹായിക്കും ’ ഡി.ആർ.ഡി.ഒ തലവനായി കലാമിനെ തെരഞ്ഞെടുത്തതിനെപ്പറ്റി പ്രമുഖ ആണവ ശാസ്ത്രകാരൻ ഡോ. രാജാ രാമണ്ണ പറഞ്ഞത് പിന്നീട് ചരിത്രമായി. ഭാരതത്തിന്റെ തെക്കേ അറ്റത്തുള്ള ഒരു യോദ്ധാവിനെ മറ്റൊരു ഭൂഖണ്ഡത്തിന്റെ ഗവേഷണകേന്ദ്രത്തിൽ ആദരിക്കുന്നത് കലാം അതിശയത്തോടെ നോക്കി കാണുകയുണ്ടായി.

ഇക്കാലയളവിലും മറ്റും അദ്ദേഹം എസ്.എൽ.വി-III ന്റെ മെച്ചപ്പെടുത്തലിലും, പോളാർ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിളിന്റെ നിർമ്മാണത്തിലും ഇഴുകിച്ചേർന്നിരിക്കുകയായിരുന്നു. ഈ രണ്ടു പദ്ധതികൾക്കും തുടക്കത്തിൽ പല തടസ്സങ്ങൾ നേരിട്ടെങ്കിലും ഒടുവിൽ അവ വിജയകരമായി പര്യവസാനിക്കുകയാണുണ്ടായത്. 1600 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ, 620 കിലോമീറ്റർ അകലെയുള്ള ധ്രുവ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ളവയായിരുന്നു പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ.കെ.ആർ.നാരായണനുശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനിൽ പ്രവേശിക്കുന്നത്.

ഇന്ത്യയുടെ മുൻനിര രാഷ്ട്രീയകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഭാരതീയ ജനതാ പാർട്ടിയും ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാർത്ഥിയായിരുന്നു അബ്ദുൾ കലാം. തന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയേക്കാൾ 815548 വോട്ട് അധികം നേടിയാണ് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയാവുന്നത്. 10 ജൂൺ 2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം പ്രതിപക്ഷപാർട്ടിയായിരുന്ന കോൺഗ്രസ്സിനോട് തങ്ങൾ രാഷ്‌ട്രപതി സ്ഥാനത്തേക്ക് അബ്ദുൾ കലാമിനെ പിന്തുണയ്ക്കാൻ പോകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചു. സമാജ് വാദി പാർട്ടി കൂടി കലാമിനുള്ള പിന്തുണ അറിയിച്ചതോടെ ഒരു രണ്ടാംവട്ടം സാധ്യത കൂടി കല്പിക്കപ്പെട്ടിരുന്ന കെ.ആർ. നാരായണൻ താൻ ഇനി രാഷ്ട്രപതിയായി മത്സരിക്കാനില്ല എന്നു പറഞ്ഞ് കലാമിനുള്ള വഴി സുഗമമാക്കി.

ജൂലൈ പതിനെട്ടിനായിരുന്നു വോട്ടെണ്ണൽ. കലാം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൾ കലാം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി മാറി. ഭാരതരത്ന പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുൾ കലാമിനുണ്ട്. ഡോക്ടർ.എസ്.രാധാകൃഷ്ണനും ഡോക്ടർ.സക്കീർ ഹുസ്സൈനുമായിരുന്നു കലാമിനു മുമ്പ് ഈ ബഹുമതിക്ക് അർഹരായവർ.രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ കൂടിയായിരുന്നു കലാം. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടർന്നു പോന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാൻ കലാം തയ്യാറായിരുന്നില്ല. പാദരക്ഷകൾ പോലും സ്വയം അണിയുകയും അഴിച്ചുമാറ്റുകയും ചെയ്തിരുന്നു.

ഇത്തരം കാര്യങ്ങൾ ചെയ്യാൻ രാഷ്ട്രപതി ഭവനിൽ ജോലിക്കാർ ഉള്ളപ്പോളായിരുന്നു ഇത്. ഭാരതത്തിന്റെ ഭാവിതലമുറയെ വാർത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. കുട്ടികൾ അദ്ദേഹത്തെ ചാച്ചാ കലാം എന്നു വിളിക്കുമായിരുന്നു.പൂർണ്ണ സസ്യഭുക്കായിരുന്ന കലാമിന് മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന അബ്ദുൽ കലാം പ്രകൃതിയുടെ സംഹാരസ്വഭാവത്തെ മനസ്സിലാക്കാനിടവന്ന ഒരു സംഭവത്തെപ്പറ്റി തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.

1934ൽ മണിക്കൂറിൽ 100 മൈലിലധികം വേഗതയുള്ള കൊടുങ്കാറ്റ് പിതാവിന്റെ യാനത്തേയും സേതുക്കരയുടെ ഏതാനും ഭാഗങ്ങളേയും തകർത്തുകളഞ്ഞു എന്നും പാമ്പൻ പാലം, അതിലൂടെ ഓടിക്കൊണ്ടിരുന്ന യാത്രക്കാരുള്ള തീവണ്ടിസഹിതം തകർന്ന് സമുദ്രത്തിൽ പതിച്ചു എന്നും ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്.അതുവരെ സമുദ്രത്തിന്റെ സൌന്ദര്യം മാത്രം ആസ്വദിച്ചിരുന്ന തനിക്ക് അതിന്റെ അനിയന്ത്രിതമായ ഊർജ്ജത്തെപറ്റി മനസ്സിലാക്കാൻ ഈ സംഭവം ഇടവരുത്തി എന്ന് കലാം ഓർമ്മിക്കുന്നു.ശാസ്ത്രജ്ഞനായിരുന്ന ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി എന്നതിനു പുറമേ രാഷ്ട്രപതിസ്ഥാനം അലങ്കരിച്ച ഏക അവിവാഹിതൻ എന്ന പദവിയും കലാമിന് സ്വന്തമാണ്.

എസ്. രാധാകൃഷ്ണന് ശേഷം ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയും അദ്ദേഹമാണ്. അസംബ്ലി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ ഇന്ത്യൻ രാഷ്ട്രപതിയും ഇദ്ദേഹമാണ്.മുപ്പതോളം സർ‌വ്വകലാശാലകളിൽ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഭാരത സർക്കാർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു. 1981 ൽ പദ്മഭൂഷൺ, 1990ൽ പദ്മവിഭൂഷൺ,1997ൽ ഭാരത രത്നം എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. 2015 ജൂലൈ 27ന് ഷില്ലോംഗിൽ വച്ച് കലാം അന്തരിച്ചു. ഷില്ലോംഗിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വച്ച്, ‘വാസയോഗ്യമായ ഗ്രഹങ്ങൾ’ എന്ന വിഷയത്തിന്റെ പേരിൽ കുട്ടികൾക്ക് ക്ലാസെടുത്തുകൊണ്ടിരിയ്ക്കൂമ്പോൾ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.

സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. പിന്നീട് മൃതദേഹം ആദ്യം ഡൽഹിയിലെ വസതിയിലേയ്ക്ക് കൊണ്ടുപോയി. തുടർന്ന് ജന്മനാടായ രാമേശ്വരത്തെത്തിച്ചു. അവിടെയുള്ള പൈക്കറുമ്പ് ശ്മശാനത്തിൽ വച്ച് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ ശവസംസ്കാരത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button