KeralaLatest News

ആധുനിക മലയാളകവിതയുടെ ഉള്‍ക്കരുത്ത്; കവി ആറ്റൂര്‍ രവിവര്‍മയ്ക്ക് യാത്രാമൊഴി

തൃശൂര്‍ : ആറ്റിക്കുറുക്കിയ വരികളിലൂടെ മലയാള കവിതയില്‍ ആധുനികതയുടെ ഉള്‍ക്കരുത്ത് പകര്‍ന്ന കവി ആറ്റൂര്‍ രവിവര്‍മ ഓര്‍മയായി. ന്യുമോണിയ ബാധിച്ചു ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ വൈകിട്ട് 4.20ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പനിയും ശ്വാസതടസവും മൂലം മൂന്നുദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഭാര്യ ശ്രീദേവിയും മകന്‍ പ്രവീണും മരണസമയം അരികെയുണ്ടായിരുന്നു. കന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. കവിതയ്ക്കും വിവര്‍ത്തനത്തിനും ആശാന്‍ പ്രൈസ്, മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം, മഹാകവി പന്തളം കേരളവര്‍മ കവിതാ പുരസ്‌കാരം, പ്രേംജി പുരസ്‌കാരം, ഒളപ്പമണ്ണ പുരസ്‌കാരം, ഇ.കെ. ദിവാകരന്‍ പോറ്റി പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്.

കമ്പരാമായണത്തിന്റെ മലയാള വിവര്‍ത്തനം എന്ന ചിരകാലാഭിലാഷം പൂര്‍ത്തിയാക്കിയ ധന്യതയുമായാണ് കവി യാത്രയായത്. യാഥാസ്ഥിതിക സാഹിത്യലോകത്തുനിന്ന് വഴിമാറി സഞ്ചരിച്ചിട്ടുള്ള ആറ്റൂരിന് മേളകലയെപ്പറ്റിയും സംഗീതത്തെപ്പറ്റിയും ആഴത്തില്‍ അറിവുണ്ടായിരുന്നു. മദ്രാസ് പ്രസിഡന്‍സി കോളേജിലാണ് അധ്യാപനജീവിതം തുടങ്ങിയത്. പിന്നീട് തലശ്ശേരി ബ്രണ്ണന്‍ കോളേജിലും വിവിധ സര്‍ക്കാര്‍ കോളേജുകളിലും മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

1930 ഡിസംബര്‍ 27ന് തൃശൂര്‍ തലപ്പിള്ളി താലൂക്കിലെ ആറ്റൂരില്‍ മടങ്ങര്‍ളി കൃഷ്ണന്‍ നമ്പൂതിരിയുടെയും ആലുക്കല്‍ മഠത്തില്‍ അമ്മിണി അമ്മയുടെയും മകനായാണ് ജനനം. മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ 11 വരെ തൃശ്ശൂരിലെ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 1.45-ന് പാറമേക്കാവ് ശാന്തിഘട്ടില്‍ ശവസംസ്‌കാരം നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button