Latest NewsKerala

കർണാടകത്തിൽ യെദിയൂരപ്പ നാളെ വിശ്വാസവോട്ട് തേടും: വിമത എംഎൽഎമാരെ അയോഗ്യരാക്കിയത് കോടതിയിലേക്ക് ജെ.ഡി(എസ്) – കോൺഗ്രസ് ബന്ധം ഉലയുന്നു – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

കെ.വി.എസ് ഹരിദാസ്

കർണാടകത്തിൽ ബിഎസ് യെദിയൂരപ്പ നാളെ വിശ്വാസവോട്ട് തേടാനിരിക്കെ 14 വിമത എംഎൽഎമാരെക്കൂടി അയോഗ്യരാക്കിക്കൊണ്ട് സ്പീക്കർ. ഇതോടെ കഴിഞ്ഞ കുറച്ചു നാളായി മുംബൈയിൽ കഴിഞ്ഞിരുന്ന എംഎൽഎമാരുടെ ഭാവി സുപ്രീം കോടതിയിലേക്ക് എത്തുകയാണ്. നേരത്തെ സ്പീക്കർ രമേശ് കുമാർ അയോഗ്യരാക്കിയ മൂന്ന് പേര് കോടതിയെ സമീപിച്ചിട്ടുണ്ട്; ആ ഹർജി നാളെ സുപ്രീം കോടതിയുടെ പരിഗനക്ക് എത്തുമെന്നാണ് കരുതുന്നത്. അതിനൊപ്പമ ഇന്ന് അയോഗ്യരാക്കപ്പെട്ട 14 സാമാജികരും കോടതിയെ സമീപിക്കും. നേരത്തെ രാജിക്കത്ത് സ്പീക്കർക്ക് സമർപ്പിച്ചവരെയാണ് ഇന്നിപ്പോൾ അയോഗ്യരാക്കിയത്. ഇത് എന്തായാലും യെദിയൂരപ്പക്ക് വിശ്വാസവോട്ട് തേടുമ്പോൾ ആശയക്കുഴപ്പം ഇല്ലാതാക്കാൻ സ്പീക്കറുടെ തീരുമാനം സഹായകരമാവും.

പ്രതാപ ഗൗഡ പാട്ടിൽ, ബിസി പാട്ടിൽ, ശിവറാം ഹെബ്ബാർ, എസ്‌ടി സോമശേഖർ, ബി ബസവരാജ്‌, ആനന്ദ് സിങ്, റോഷൻ ബെയ്‌ഗ്‌, മണിരത്ന, കെ സുധാകർ, എംടിബി നാഗരാജ്, ശ്രിമന്ത് പാട്ടിൽ ( എല്ലാവരും കോൺഗ്രസ്); എ എച്ച് വിശ്വനാഥ്, നാരായൺ ഗൗഡ, കെ ഗോപാലയ്യ ) എല്ലാവരും ജെഡിഎസ്) എന്നിവരെയാണ് ഇന്ന് അയോഗ്യരാക്കിയത് എന്നിവരെയാണ് അയോഗ്യരാക്കിയത്.

നാളെ തിങ്കളാഴ്ച രാവിലെ സഭയിൽ വിശ്വാസ വോട്ട് നേടുന്നതിനൊപ്പം മുൻ സർക്കാർ തയ്യാറാക്കിയ ധന ബില്ലും സഭയിൽ വോട്ടിനിടും. രണ്ടും യഥാർഥത്തിൽ വിശ്വാസ വോട്ടിന് സമാനമാവും. ഇന്നത്തെ നിലക്ക് 105 എംഎൽഎമാരുടെ പിന്തുണയോടെ കർണാടകത്തിലെ സർക്കാരിന് ഭൂരിപക്ഷമാവും. 105 പേരാണ് യെദിയൂരപ്പക്ക് കൂടെ ഇപ്പോഴുള്ളത്; അതിന് പുറമെ സ്വതന്ത്രനായ എച്ച് നാഗേഷും പിന്തുണക്കും. അതുകൊണ്ട് സർക്കാരിന് വേണ്ടുന്ന പിന്തുണയുണ്ട് എന്നതിൽ സംശയമില്ല. ആ ആത്മവിശ്വാസം ഇന്ന് യെദിയൂരപ്പ പ്രകടിപ്പിക്കുകയും ചെയ്തു.

യഥാർഥത്തിൽ 17 പേരെ അയോഗ്യരാക്കിയത് കോൺഗ്രസിന്റെയും ജനതാദൾ എസിന്റെയും നിർദ്ദേശപ്രകാരമാണ്; അവരാണ് പരാതി നൽകിയിരുന്നത്. അത് സ്പീക്കർ അംഗീകരിച്ചു. എന്നാൽ അത് നിയമാനുസൃതമാണോ എന്നത് ചോദ്യചിഹ്നമായി നിലനിൽക്കുന്നു. അയോഗ്യരാക്കുന്നവർക്ക് വിശദീകരണം നൽകാൻ അവസരം നൽകേണ്ടതുണ്ട്. എന്നാൽ അതുണ്ടായില്ല. അവരോട് ഒരു ദിവസം തന്റെ മുന്നിൽ ഹാജരാവാൻ നിർദ്ദേശിച്ചത് മാത്രമാണ് സ്പീക്കർ ചെയ്തത്; ഹാജരാവാമെന്നും അതിന് കൂടുതൽ സമയം വേണമെന്നും സാമാജികർ അഭ്യർത്ഥിച്ചു. അതിന് അവസരം നൽകാതെയാണ് ഇപ്പോൾ അവരെയൊക്കെ അയോഗ്യരാക്കിയത്. അത് മൗലികമായ അവകാശങ്ങളുടെ ലംഘനമാണ് എന്നതിൽ സംശയമില്ല. തീർച്ചയായും കോടതിക്ക് അത് അവഗണിക്കാനും കഴിയില്ല. മറ്റൊന്ന്, വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ നിർബന്ധിക്കരുത് എന്ന് സുപ്രീം കോടതി പറഞ്ഞ എംഎൽഎമാരെയാണ് ഇപ്പോൾ അയോഗ്യരാക്കിയത്. അത് കോടതി വിധിയെ വെല്ലുവിളിക്കുന്നതിന് സമാനമാണല്ലോ. നേരത്തെ, കോടതി അങ്ങിനെയൊക്കെ പറഞ്ഞുവെങ്കിലും വിപ്പ് നല്കാൻ പാർട്ടികൾക്ക് അധികാരമുണ്ടെന്ന് സ്പീക്കർ റൂളിംഗ് നൽകിയിരുന്നു. റൂളിംഗ് കോടതിയിൽ ചോദ്യം ചെയ്യപ്പെടില്ലെങ്കിലും അയോഗ്യരാക്കിയ പ്രശ്നത്തിൽ അതും സ്വാഭാവികമായും ഉയർന്നുവരുമല്ലോ.

സ്പീക്കറുടെ നടപടിയെ കോൺഗ്രസും ജെഡിഎസും സ്വാഗതം ചെയ്തിട്ടുണ്ട്. അവർക്ക് അത് ഇപ്പോൾ ആവശ്യമായിരുന്നു, അഭിമാന പ്രശ്നവുമായിരുന്നു. ഇന്നത്തെ സ്പീക്കർക്ക് അധിക നാൾ ആ പദവിയിൽ തുടരാനാവില്ല എന്നത് എല്ലാവർക്കുമറിയാം. വിശ്വാസവോട്ട് തേടിക്കഴിഞ്ഞാൽ ഉടനെ ബിജെപി ചെയ്യാൻ പോകുന്നത് സ്പീക്കർക്കും ഡെപ്യൂട്ടി സ്പീക്കർക്കും എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരികയാവും. അതിനു മുൻപായി വിമതരെ അയോഗ്യരാക്കുക എന്നത് കോൺഗ്രസ്- ജെഡിഎസ് പദ്ധതിയായിരുന്നു എന്നർത്ഥം.

ഇതിനിടയിൽ കർണാടകത്തിലെ ജെഡി-എസിൽ ഉണ്ടായിട്ടുള്ള ഭിന്നതകൾ പ്രധാനമാണ്. കോൺഗ്രസ് ബന്ധം തുടരുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ മുൻ മുഖ്യമന്ത്രി കുമാരസ്വാമിയെ പാർട്ടി നേതാക്കളുടെ യോഗം ചുമതലപ്പെടുത്തിയിരിക്കുകയാണ്. കോൺഗ്രസ് നിലപാട് എന്താണ് എന്നതറിയാൻ കാത്തിരിക്കുകയാണ് എന്നാണ് ദേവഗൗഡ ഇന്ന് പറഞ്ഞത്. ജെഡിഎസ് ബന്ധം തങ്ങൾക്ക് ഗുണകരമായില്ലെന്ന് കോൺഗ്രസിലും അഭിപ്രായമുണ്ട്. അത് കെസി വേണുഗോപാൽ തന്നെ നേരത്തെ പരസ്യമായി പറഞ്ഞതാണല്ലോ. യെദിയൂരപ്പ സർക്കാർ വിശ്വാസവോട്ട് നേടുന്നതിനൊപ്പം തന്നെ കോൺഗ്രസ് – ജെഡിഎസ് ബന്ധവും മോശമാവും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഒരു വിഭാഗം ജെഡിഎസ് അംഗങ്ങൾ എടുത്ത നിലപാട് ബിജെപിക്കൊപ്പം നീങ്ങണം എന്നതാണ്. അത്രക്ക് കോൺഗ്രസിനെ വെറുത്തവരാണ് ജെഡിഎസ് നേതാക്കൾ എന്നതാണ് അത് കാണിച്ചുതരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button