Latest NewsArticleKerala

ശ്രേയാ ഘോഷാലിന്റെ സ്വരമാധുരിയില്‍ ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ‘പൂവു ചോദിച്ചു’ ഗാനത്തിന്റെ വീഡിയോ പുറത്ത്

ഇന്ത്യയിലെ തന്നെ പല ഭാഷകളിലും മികവു തെളിയിച്ച ശ്രേയാ ഘോഷാല്‍
ആലാപന മികവ് കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ ഗായികയാണ്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഗായികമാരില്‍ ഒരാളായ ശ്രേയാഘോഷാലിന്റെ സ്വര മാധുരിയില്‍ പുറത്തു വന്ന ഗാനങ്ങളെല്ലാം പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ മനോഹരമായ ഒരു ഗാനം ആ സ്വരമാധുരിയില്‍ പുറത്തുവന്നിട്ടുണ്ട്. ആസ്വാദനത്തിന്റെ പുതിയൊരു അനുഭവതലം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ആ ഗാനം ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ‘പൂവ് ചോദിച്ചു ഞാന്‍ വന്നൂ’വെന്ന ഗാനമാണ് ശ്രേയ ആലപിച്ചത്. ജയചന്ദ്രസംഗീതത്തിലും ഈസ്റ്റ് കോസ്റ്റ് വിജയന്റെ തൂലികയാലും പിറന്ന ഗാനത്തിന്റെ സ്റ്റുഡിയോ, ലിറിക്കല്‍ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

വെള്ളിയാഴ്ച തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിക്കുന്നത്. പ്രണയം ഒരിക്കലും സമ്പത്തോ പദവിയോ നോക്കി ആയിരിക്കില്ല. പ്രണയിനിയെ സ്വന്തമാക്കാന്‍ കാമുകന്‍ നടത്തുന്ന സാഹസങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടു കൂടിയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സംഗീതത്തിനും പ്രണയത്തിനും ഹാസ്യത്തിനും കുടുംബബന്ധങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കിയ ചിത്രം കുടുംബസദസുകള്‍ ഏറ്റെടുത്തു ഇതിനോടകം. സസ്പെന്‍സുകളിലൂടെ സഞ്ചരിക്കുന്ന ചിത്രം ഊഹാപോഹങ്ങള്‍ക്കിട നല്‍കുന്നില്ല. കൃത്യമായ അവതരണത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. അശ്ലീലതയോ അര്‍ത്ഥം വെച്ചുള്ള സംഭാഷങ്ങളോ ഇല്ലാതെ കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചുള്ള ചിത്രം ഒരു നിമിഷം പോലും ബോറടിപ്പിക്കില്ല. മലയാള സിനിമയിലിപ്പോള്‍ കോമഡി രംഗങ്ങള്‍ തന്റേതായ ശൈലിയിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയനായിരിക്കുന്ന ഹരീഷ് കണാരന്‍ ചിത്രത്തില്‍ മുഴുനീള വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഒപ്പം ദേശീയ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

Chila NewGen Nattuvisheshangal

പുതുമുഖ താരം അഖില്‍ പ്രഭാകറാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. സോനു, ശിവകാമി എന്നിവര്‍ നായികാ വേഷത്തിലെത്തുന്നു. മികച്ച നര്‍ത്തകിയും നടിയുമായി അറിയപ്പെടുന്ന വിഷ്ണുപ്രിയ ഇതില്‍ ശ്രദ്ധേയമായ ഒരു ഗസ്റ്റ് വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഉപനായകനായി വിനയ് വിജയനും വേഷമിട്ടിരിക്കുന്നു. നെടുമുടി വേണു, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍, കൊല്ലം ഷാ, മണികണ്ഠന്‍, ഹരിമേനോന്‍, സിനാജ്, സുബി സുരേഷ്, അഞ്ജലി, ആവണി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു.

നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ എം. ജയചന്ദ്രന്‍. എം. ജയചന്ദ്രന്‍ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. സന്തോഷ് വര്‍മ, ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്നിവരുടെതാണ് ഗാനരചന. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍ യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്. പ്രണയത്തിന്റെ എല്ലാ ചേരുവകളും ഈ ഗാനങ്ങളിലുണ്ട്.

ചിത്രത്തിലെ ഗാനങ്ങള്‍ നേരെത്തെ പുറത്തുവന്നിരുന്നു. വിഖ്യാതഗായകന്‍ ശങ്കര്‍ മഹാദേവന്റെ ശബ്ദഗാംഭീര്യത്തില്‍ ‘സുരാംഗന.. സുമവദന..’ എന്നു തുടങ്ങുന്ന ഗാനം മികച്ച ദൃശ്യാവിഷ്‌കാരത്തോടു കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്, ബോളിവുഡ് ഹീറോ ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ സ്ഥിരംകോറിയോഗ്രാഫറായ ദേശീയ അവാര്‍ഡു ജേതാവുമായ ദിനേശ് മാസ്റ്ററാണ് ഈ ഗാനരംഗം ചിട്ടപ്പെടുത്തിയത്.

എംജി ശ്രീകുമാര്‍ ആലപിച്ച നരനായി എന്നു തുടങ്ങുന്ന ഗാനം നര്‍മ്മരസ പ്രധാനമായാണ് ഒരുക്കിയിരിക്കുന്നത്. സന്തോഷ് വര്‍മ്മ രചന നിര്‍വഹിക്കുകയും എം ജയചന്ദ്രന്‍ സംഗീത സംവിധാനം ചെയ്യുകയും ചെയ്ത ഗാനം പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള വക നല്‍കുന്നുണ്ട്.

ചിത്രത്തിലെ പി ജയചന്ദ്രന്‍ ആലപിച്ച അവള്‍ എന്ന ഗാനം ഏറെ പ്രണയാര്‍ദ്രമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗായിക ശ്രേയ ഘോഷാല്‍ ആലപിച്ച ‘പൂവ് ചോദിച്ചു ഞാന്‍ വന്നൂ’വെന്ന എന്ന ഗാനം പുറത്തുവന്നപ്പോള്‍ തന്നെ മികച്ച പ്രേക്ഷകപ്രീതി നേടിയിരുന്നു. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ആലാപന മധുരിമയില്‍ പിറന്ന ‘പരിഭവം നമുക്കിനി പറഞ്ഞു തീര്‍ക്കാം’ മെന്നും ഗാനവും ചിത്രത്തിന് മാറ്റുകൂട്ടൂന്നു.

എസ്എല്‍ പുരം ജയസൂര്യ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിവഹിക്കുന്നു. രഞ്ജന്‍ എബ്രഹാം എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്ത് പിരപ്പന്‍കോടാണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: അനി തൂലിക, പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കലാസംവിധാനം :ബോബന്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ്മാന്‍ : പ്രദീപ് രംഗന്‍, അസ്സോ: ഡയറക്ടര്‍ : സുഭാഷ് ഇളംബല്‍, സ്റ്റില്‍സ്: സുരേഷ് കണിയാപുരം, പോസ്റ്റര്‍ ഡിസൈന്‍ : കോളിന്‍സ് ലിയോഫില്‍, പി.ആര്‍.ഒ : എ. എസ് ദിനേശ്. വിതരണം: ഈസ്റ്റ് കോസ്റ്റ് റീല്‍&റിയല്‍ എന്റര്‍ടെയിന്റ്‌മെന്റ്‌സ്.

Tags

Related Articles

Post Your Comments


Back to top button
Close
Close