Latest NewsIndia

കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയത് ഭരണഘടനാലംഘനം: പോപുലര്‍ ഫ്രണ്ട്

ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനവും അത് നടപ്പാക്കിയ രീതിയും ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അന്തസത്തയുടെ ലംഘനമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കള്‍ 370, 34 എ എന്നിവ റദ്ദാക്കാനുള്ള തീരുമാനം നമ്മുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും ഗുണപരമായ താല്‍പ്പര്യം കണക്കിലെടുത്തുകൊണ്ടുള്ളതല്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പ്രത്യേക ഭരണഘടനാപദവിയുള്ള ജമ്മു കശ്മീര്‍ സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി തരംതാഴ്ത്തിയ നീക്കവും അടുത്ത ദിവസങ്ങളില്‍ പാര്‍ലമെന്റ് പാസാക്കിയ എന്‍.ഐ.എ, യു.എ.പി.എ, ആര്‍.ടി.ഐ ഭേദഗതികളും, ജനാധിപത്യവും പൗരാവകാശവും നേരിടാന്‍ പോകുന്ന കറുത്തദിനങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

രാജ്യം റിപബ്ലിക് ആയതു മുതല്‍, ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവയിലൂടെ ജമ്മു കശ്മീര്‍ അനുഭവിച്ചുവന്ന പ്രത്യേക ഭരണഘടനാപദവി എടുത്തുകളഞ്ഞ നടപടി, ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച നടത്താതെ നിസാരമായി ചെയ്യേണ്ട കാര്യമായിരുന്നില്ല. പാര്‍ലമെന്ററി തലത്തില്‍ പോലും നടക്കേണ്ട അനിവാര്യമായ ചര്‍ച്ചകളെ കുറിച്ച് ആശങ്കപ്പെടാതെ, മുന്നോട്ടുപോകാനുള്ള ബി.ജെ.പി നീക്കം മുന്‍കൂട്ടി തയ്യാറാക്കിയ തികച്ചും വിചിത്രമായ ഒരു രാഷ്ട്രീയ തീരുമാനമാണ്. പാര്‍ലമെന്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ ബില്‍ അവതരിപ്പിക്കുകയും അത് പരസ്യപ്പെടുത്തി എല്ലാവരുടെയും അഭിപ്രായം കേള്‍ക്കാനുമായിരുന്നു സര്‍ക്കാര്‍ തയ്യറാവേണ്ടിയിരുന്നത്. അതിനുപകരം നാടകീയമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് പ്രസിഡന്‍ഷ്യല്‍ ഉത്തരവ് ഇറക്കുകയായിരുന്നു. ഇത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്.

ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ സമ്മതത്തോടു കൂടിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന സര്‍ക്കാരിന്റെ അവകാശവാദത്തെ ഫലിതമായല്ലാതെ കാണാന്‍ കഴിയില്ല. നിലവില്‍ രാഷ്ട്രപതി ഭരണത്തിലുള്ള ജമ്മു കശ്മീരില്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പു നടത്താമായിരുന്നിട്ടും മന:പൂര്‍വം അത് ചെയ്തില്ല. ഒരു സംസ്ഥാനത്തിന്റെ ഭരണഘടനാ പദവിയില്‍ പോലും മാറ്റം വരുത്തുന്നതിന്, കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയമിച്ച ഗവര്‍ണറില്‍ നിന്നുള്ള സമ്മതം, സംസ്ഥാന സര്‍ക്കാരിന്റേതിനു തുല്യമായി പരിഗണിക്കുകയാണെങ്കില്‍ അത് ഫെഡറല്‍ സംവിധാനത്തിന്റെ ദുര്‍വിധിയാണ്. മറ്റേതൊരു സംസ്ഥാനത്തും ഏതു സമയത്തും ഇത് നടപ്പാക്കാനാവും. ആര്‍ട്ടിക്കിള്‍ 370 പ്രകാരം പ്രത്യേക ഭരണഘടനാ പദവി ലഭ്യമായിട്ടുള്ള ഇന്ത്യന്‍ സംസ്ഥാനം കശ്മീര്‍ മാത്രമല്ലെന്നതും ശ്രദ്ധേയമാണ്. ചര്‍ച്ചക്കോ, സംവാദത്തിനോ, അഭിപ്രായ സമന്വയത്തിനോ ശ്രമിക്കുക പോലും ചെയ്യാതെ, ഇത്തരം മൗലീകമായ മാറ്റങ്ങള്‍ ഭാവിയില്‍ മറ്റു സംസ്ഥാനങ്ങളിലും കൊണ്ടുവന്നേക്കാം.

കശ്മീര്‍ വിഷയത്തില്‍ സ്വീകരിച്ച തികച്ചും ദുരന്തപൂര്‍ണമായ ഈ നയംമാറ്റത്തിന് സംഘപരിവാരത്തിന്റെ വിദ്വേഷ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്തില്‍പപ്പെട്ട വര്‍ഗീയഭ്രാന്ത് മൂത്ത ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താനാവും. എന്നാല്‍, കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ചര്‍ച്ചകളിലൂടെ മാത്രമെ, കശ്മീരില്‍ സമാധാനം കൈവരിക്കാന്‍ സാധിക്കൂ എന്ന് ഇ അബൂബക്കര്‍ പറഞ്ഞു. ഭരണകക്ഷിയുടെ ധാര്‍ഷ്ട്യം മൂലവും പ്രതിപക്ഷ പാര്‍ട്ടികളുടെ അവസരവാദവും മൂലം ദിനംപ്രതി തകര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ മതേതര, ജനാധിപത്യ ഇടത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൗരസമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button