Latest NewsIndia

എം.പി എന്നത് ഒരു വ്യക്തിക്ക് ചാര്‍ത്തുന്ന കീര്‍ത്തി മുദ്രയല്ല; വയനാടിന് വേണ്ടിയിരുന്നത് ദുരന്തഭൂമിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഒപ്പം.. രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തെക്കുറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസ്‌

കേരളം പേമാരിയും ഉരുൾപൊട്ടലും കൊണ്ട് ഭയാനക സ്ഥിതിയിലായിരിക്കുന്നു.. സംസ്ഥാനത്തിന്റെ ഏതാണ്ട് 90 ശതമാനം പ്രദേശവും റെഡ് അലെർട്ടിൽ. 1100 ലേറെ ദുരിതാശ്വാസ ക്യാമ്പുകൾ, അതിൽ ഒരു ലക്ഷത്തിലേറെ പേരും. മരിച്ചവരുടെ എണ്ണത്തിന് ഇനിയും വ്യക്തതയില്ല. ഉരുൾപൊട്ടലിൽ ഒരു വലിയ ഭൂപ്രദേശം മുഴുവൻ മണ്ണിനടിയിലാണ്, പലയിടത്തും . അവിടെ അതിനടിയിൽപെട്ടത് എത്രപേരാണ് എന്ന് ആർക്കും ഒരു ധാരണയുമില്ല എന്നതാണ് വസ്തുത. ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല. എല്ലാവരും അവരവരുടെ നിലക്ക് സേവനത്തിൽ വ്യാപൃ തരാണ്. സൈന്യമുണ്ട്, നാവികസേനയും എത്തുന്നുണ്ട്; ദ്രുത കർമ്മ സേന, ദുരന്ത നിവാരണസേന, പോലീസ് ഉണ്ട്, ഫയർ ഫോഴ്‌സ്, റവന്യു , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെയൊക്കെ ജീവനക്കാർ …… ജനപ്രതിനിധികൾ, നാട്ടുകാർ, പൊതു പ്രവർത്തകർ, ‘സേവാഭാരതി’ പോലുള്ള സന്നദ്ധ സേവന സംഘടനകൾ ഒക്കെയും രാപകലില്ലാതെ അദ്ധ്വാനിക്കുന്നു. കടലോരങ്ങളിൽ നിന്ന് മത്സ്യ ബന്ധനമൊക്കെ നിർത്തി ആ കടലിന്റെ മക്കളും എത്തിയിട്ടുണ്ട്. അത്രക്ക് ഭീകരമാണ് സാഹചര്യം…….. എന്നാൽ അതിനിടയിൽ ഒരാളെ മാത്രം ജനങ്ങൾ ശ്രദ്ധിച്ചു, തന്റെ അസാന്നിധ്യം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയയാൾ …. വയനാട് നിന്നുള്ള ലോകസഭാംഗം രാഹുൽ ഗാന്ധി. വയനാട് മണ്ഡലത്തിലാണ് യഥാർഥത്തിൽ ദുരിതം പെയ്തിറങ്ങിയത് എന്നത് കൂടി ഓർമ്മിക്കുക.

ഇതുപോലെ ഒരു അവസ്ഥ കേരളം മുൻപ് ദർശിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. കഴിഞ്ഞ വര്ഷം ഏതാണ്ട് ഇതേ സമയത്താണ് വലിയ പ്രളയം കയറിവന്നത്. അത് കേരളത്തെ ആകെ തളർത്തി; തകർത്തു. അതിൽനിന്ന് കഷ്ടിച്ച് കരകയറാൻ ശ്രമിക്കുമ്പോഴാണ് പുതിയ പ്രതിസന്ധി ഉണ്ടായത്. കോട്ടയം- ആലപ്പുഴ മുതൽ കാസർഗോഡ് വരെ അത് ബാധിച്ചിരിക്കുന്നു. മഴ ശക്തമായി പെയ്തുതുടങ്ങിയിട്ട് ദിവസങ്ങളായി; കാലാവസ്ഥ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. അതുകൊണ്ട് കുറെയൊക്കെ മുൻകരുതൽ സ്വീകരിക്കാൻ മലയാളിക്കായി. കടലിൽ മീൻ പിടിക്കാൻ ഒന്നും ഏറെപ്പേർ ഇത്തവണ ഈ കാലത്ത് പോയിട്ടില്ല എന്നത് ആ മുന്കരുതലിൻറെ ഗുണമാണ്. എന്നാൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ പെയ്തിറങ്ങിയത് പുതിയ മേഖലകളിലാണ്; വടക്കൻ ജില്ലകളിലാണ്. പാലക്കാട് മുതൽ കാസർഗോഡ് വരെ. തൃശൂരും എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും ആലപ്പുഴയിലും മഴ ശക്തമായുണ്ടെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥ ഉണ്ടായിട്ടില്ല. എറണാകുളത്ത് ആലുവ, പറവൂർ, അങ്കമാലി, പെരുമ്പാവൂർ മുവാറ്റുപുഴ, കോതമംഗലം എന്നിവയാണ് കാര്യമായി വിഷമത്തിലായ പ്രദേശങ്ങൾ.

ഇവിടെ രാഷ്ട്രീയം ചർച്ചചെയ്യുകയല്ല; അതിനുള്ള സമയമല്ലിത്. എന്നാൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാവുമ്പോൾ ഒരു ജന പ്രതിനിധി ചെയ്യേണ്ടത് എന്താണ് എന്നതോർക്കാതെ, ഓർമ്മിപ്പിക്കാതെ പറ്റില്ലല്ലോ. തന്റെ ജനതക്കൊപ്പം നിന്ന് സഹായിക്കാനുള്ള ചുമതല ജനപ്രതിനിധികൾക്കില്ലേ? കേരളത്തിലെ എല്ലാ എംപിമാരും എംഎൽഎമാരും ത്രിതല പഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയ നേതാക്കളും ആർഎസ്എസ് പോലുള്ള സന്നദ്ധ സേവന പ്രസ്ഥാനങ്ങളും അവിടെയുണ്ട്. സ്വന്തം താല്പര്യങ്ങളൊക്കെ മാറ്റിവെച്ചുകൊണ്ട് അവർ ജനങ്ങളെ സഹായിക്കാൻ രക്ഷിക്കാൻ തയ്യാറായി രംഗത്തിറങ്ങിയിരുന്നു. അതാണ് കേരളത്തിന്റെ ഒരു ശൈലി. കഴിഞ്ഞ വർഷത്തെ പ്രളയകാലത്തും നാം അത് കണ്ടതാണ്. അപ്പോഴാണ്, അവിടെയാണ് രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടുന്നത്.

ഇവിടെ നാം ഓർക്കുന്നത് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പാണ്. അന്ന് ചാലക്കുടി മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി ഇന്നസെന്റ് അഭിമുഖീകരിച്ച ഒരു പ്രശ്നമുണ്ടല്ലോ. കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നില്ല എന്ന്. നമുക്കൊക്കെ അറിയാം, ഇന്നസെന്റ് അസുഖ ബാധിതനായിരുന്നു; ചികിത്സയിലുമായിരുന്നു. അത്തരമൊരു വേളയിൽ ഒരു പക്ഷെ പ്രളയം കടന്നുവന്നപ്പോൾ എല്ലായിടത്തും എത്തിപ്പെടാൻ സാധിച്ചിരിക്കില്ല. അതാണ് കോൺഗ്രസുകാർ, യുഡിഎഫുകാർ ചാലക്കുടിയിൽ ചർച്ചാ വിഷയമാക്കിയത്; തിരഞ്ഞെടുപ്പ് വിഷയമാക്കിയത്. കഴിഞ്ഞ വർഷത്തെ പ്രളയ സമയത്ത് രക്ഷാ പുനരധിവാസ പ്രവർത്തനത്തിൽ നമ്മുടെ ജനപ്രതിനിധികൾ വഹിച്ച പങ്ക് ചെറുതല്ല. പല എംഎൽഎമാരും രാവും പകലുമെന്നില്ലാതെ ജനങ്ങൾക്കൊപ്പമായിരുന്നുതാനും. ആലപ്പുഴയിൽ ജി സുധാകരൻ, തോമസ് ഐസക്, പറവൂരിൽ വിഡി സതീശൻ, ആലുവയിലെ അൻവർ സാദത്ത്,വൈപ്പീനിലെ എസ്‌ ശർമ്മ, കോട്ടയത്തെ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പത്തനംതിട്ട ജില്ലയിലെ എല്ലാ എംഎൽഎമാരും എന്നിവരെയൊക്കെ എടുത്തുപറയേണ്ടത് തന്നെ. അവരിൽ പലരും വീട്ടിൽ പോയിട്ടുണ്ടാവില്ല, ദിവസങ്ങളോളം. അതാണ് ഒരു കേരളാ രീതി. ഇന്നിപ്പോൾ അതേവിധത്തിലാണ് പ്രളയവും ദുരന്തവും ബാധിച്ചിടങ്ങളിൽ എംഎൽഎമാരും മറ്റും പ്രവർത്തിക്കുന്നത്.

എന്തുകൊണ്ട് പക്ഷെ വയനാട്ടിലെ എംപി മാത്രം മാറിനിന്നു?. അദ്ദേഹം ഇപ്പോൾ പാർട്ടി അധ്യക്ഷനൊന്നുമല്ല , വെറും ഒരു ലോകസഭാംഗം മാത്രം. പാർലമെന്റ് സമ്മേളിക്കുന്നു എങ്കിൽ തിരക്കാണ് എന്ന് പറയാം. എന്നാൽ പാർലമെന്റ് സമ്മേളനം അവസാനിച്ചിട്ട് ദിവസങ്ങളായി. പാർലമെന്റ് സമ്മേളിക്കുമ്പോൾ തന്നെ നിത്യവും അവിടേക്ക് കയറി വരാറുണ്ട് അദ്ദേഹം എന്ന് തോന്നിയിട്ടില്ല; അദ്ദേഹത്തെ പതിവായി അവിടെ കാണാറില്ലായിരുന്നു എന്ന് മാധ്യമങ്ങൾ പറയുന്നത് കണ്ടിരുന്നല്ലോ. പിന്നെന്താണ് ഇത്ര പ്രശ്നം?. ഓർക്കേണ്ടത്, കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാട് മണ്ഡലത്തിൽ സംഭവിച്ചത്……. ആ മണ്ഡലത്തിൽ മൂന്ന് ജില്ലകളിലെ അസംബ്ലി മണ്ഡലങ്ങൾ ഉൾപ്പെടുന്നുണ്ട്; വയനാട്, കോഴിക്കോട്, മലപ്പുറം. മൂന്നിടത്തും പ്രശ്നമാണ്; ഏറ്റവുമധികം പ്രശ്നങ്ങൾ ഉണ്ടായത് അവിടെയാണ് എന്ന് പറയാമെന്ന് തോന്നുന്നു. അപ്പോൾ അവിടെ അദ്ദേഹം വരേണ്ടതായിരുന്നില്ലേ? സേവന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടതായിരുന്നില്ലേ?.

രാഹുലിന് യാതൊന്നുമില്ല തിരക്ക്, വെറും പാർട്ടി യോഗം മാത്രം. രണ്ടുദിവസം മുൻപ് കോൺഗ്രസ് നേതൃയോഗം നടന്നു; അതിൽ രാഹുൽ പങ്കെടുത്തത് നാം കണ്ടു. ഇന്നിപ്പോൾ പ്രവർത്തക സമിതി യോഗം ചേർന്നു; അപ്പോഴും അധ്യക്ഷ വേദിയിൽ അദ്ദേഹമുണ്ടായിരുന്നു. അവിടെ ചർച്ച നടന്നത് പാർട്ടി അധ്യക്ഷൻ ആരാവണം എന്നതാണ്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ആ പാർട്ടിക്ക് അധ്യക്ഷനില്ല. ഇനി ഈ മഹാ ദുരന്തം നടക്കുമ്പോൾ അവിടെ ശ്രദ്ധിക്കാതെ ഡൽഹിയിൽ കൂടി അത് ചർച്ചചെയ്യണമായിരുന്നോ?. അതുമല്ല, അധ്യക്ഷ പദം രാജിവെച്ചയാളാണ് രാഹുൽ; പാർട്ടി തീരുമാനിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന് സ്വന്തം മണ്ഡലത്തിലേക്ക് പോരാമായിരുന്നല്ലോ . അതും ചെയ്തില്ല. അപ്പോൾ ഈ ദുരന്തം നടക്കുമ്പോൾ അദ്ദേഹത്തിന് പ്രധാനപ്പെട്ടത് അതൊന്നുമായിരുന്നില്ല എന്നല്ലേ ഒരു സാധാരണക്കാരൻ വിചാരിക്കേണ്ടത്?.

താൻ മുഖ്യമന്ത്രി, കളക്ടർമാർ എന്നിവരുമായി സംസാരിച്ചു; വരേണ്ടതില്ല എന്ന് അവർ പറഞ്ഞു എന്നൊക്കെയാണ് രാഹുൽ പത്രക്കാരെ അറിയിച്ചത്. ഡൽഹിയിലിരുന്നുകൊണ്ട് കാര്യങ്ങൾ ചെയ്യുമെന്നും പറയുന്നത് കണ്ടു . എന്ത് അദ്ദേഹം ചെയ്തു, ഫോൺ വിളിക്കലോ?. താൻ സംഭവ സ്ഥലത്ത് വന്നാൽ സുരക്ഷാ ഏർപ്പാടുകൾ കൊണ്ട് അധികൃതർക്ക് ബുദ്ധിമുട്ടുണ്ടാകും എന്നതാണ് മറ്റൊന്ന്. ശരിയാണ് ‘ഇസഡ് പ്ലസ്’ സെക്യൂരിറ്റി അദ്ദേഹത്തിനുണ്ട്. അതൊക്കെ ഒഴിവാക്കിക്കൊണ്ടല്ലേ അദ്ദേഹം വിദേശത്തേക്ക് ഇടയ്ക്കിടെ പോകുന്നത്. അപ്പോഴില്ലാത്ത പ്രശ്നം സ്വന്തം മണ്ഡലത്തിലുണ്ടാവുമോ?. അങ്ങനെയൊന്ന് എഴുതിക്കൊടുത്തുകൊണ്ട്, സുരക്ഷ ഒഴിവാക്കിക്കൊണ്ട് എന്തുകൊണ്ട് സ്വന്തം വോട്ടർമാരെ കാണാൻ വന്നുകൂടാ?. അതോ നാട്ടിലാണ് ഇറങ്ങി നടക്കാൻ വയ്യാത്തത് എന്നതാണോ രാഹുൽ ഗാന്ധി കരുതുന്നത്?.

ഇപ്പോൾ അതൊക്കെ കണക്കിലെടുത്തുകൊണ്ടാണല്ലോ നാളെ ഈ എംപി വയനാട്ടിലേക്ക് വരുന്നത്. എന്നിട്ട് കളക്ടറേറ്റിൽ ഇരുന്നു കാര്യങ്ങൾ നിയന്ത്രിക്കുമത്രേ. അപകടസ്ഥലത്തേക്ക് പോകാൻ സാധ്യതയില്ലെന്നാണോ ഉദ്ദേശിക്കുന്നത് എന്നതറിയില്ല. അതൊക്കെ ജനങ്ങളെ കബളിപ്പിക്കലാണ് എന്നതാർക്കാണ് അറിയാത്തത്‌. ഇനി അതാണ് രാഹുലിന്റെ സമ്പ്രദായമെങ്കിൽ എന്തുകൊണ്ട് നേരത്തെ വന്നില്ല എന്ന ചോദ്യവും ബാക്കി നിൽക്കുന്നു. കളക്ടറേറ്റിൽ സുരക്ഷാ പ്രശ്നമില്ലാതെയിരുന്ന് ഇപ്പോൾ കാര്യങ്ങൾ ചെയ്യാമെങ്കിൽ അത് മൂന്ന് ദിവസം മുൻപേ വരാമായിരുന്നില്ല?

shortlink

Related Articles

Post Your Comments


Back to top button