KeralaLatest NewsIndia

ഉരുൾ പൊട്ടലിൽ മണ്ണിനടിയിലായവരെ രക്ഷിക്കാൻ ശ്രമിക്കാതെ ടിക്ക് ടോക്ക് എടുക്കാനും ചിലർ, വേദനയോടെ മാധ്യമ പ്രവർത്തകന്റെ കുറിപ്പ്

മനുഷ്യജീവന്റെ പിടച്ചിൽ പോലും ടിക്ക് ടോക്ക് വീഡിയോ ആക്കാൻ ശ്രമിക്കുന്ന കഴുകന്മാരെ തുറന്നു കാട്ടി മാധ്യമ പ്രവർത്തകൻ. മാധ്യമ പ്രവർത്തകനായ അഭിലാഷിന്റെ വേദനയും രോഷവും കലർന്ന കുറിപ്പിങ്ങനെ,

ഒന്ന് സെൽഫി എടുക്കണം..
ടിക് ടോക് ചെയ്യണം…..!

ഇന്ന് അതിരാവിലെ മുതൽ കോഴിക്കോട് വിലങ്ങാട് മലയിൽ ഉരുൾ പൊട്ടിയ ഭാഗത്തായിരുന്നു…..തിരിച്ചെത്തിയതേയുള്ളു…
സംഭവസ്ഥലത്ത് കണ്ട ചില കാഴ്ചകൾ മനസ്സിനെ അസ്വസ്ഥമാക്കുന്നു….
അതിനാലാണീ കുറിപ്പ്….

ഉരുൾ പൊട്ടിയൊഴുകിയ മലവെള്ള പ്പാച്ചിൽ കുത്തിയൊഴുകിപ്പോയത് നിരവധി പേരുടെ സ്വപ്നമാണ്… 4 പേരാണ് മരിച്ചത്….ഇന്നലെ രാത്രി വരെ ഒരു പാട് സ്വപ്നങ്ങളുമായിക്കഴിഞ്ഞ വർ….

വാർത്ത റിപോർട് ചെയ്യാൻ എത്തുമ്പോൾ….ഏതു സമയവും വീണ്ടും ഉരുൾപൊട്ടാമെന്ന് പോലിസും രക്ഷാപ്രവർത്തകരും നാട്ടുകാർക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു.മണ്ണിനടിയിൽ ആണ്ടു പോയ മൃതദേഹങ്ങൾ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർ പാടുപെടുകയായിരുന്നു.

ഈ സമയത്തെല്ലാം മൊബൈലും പൊക്കിപ്പിടിച്ച് സെൽഫി എടുക്കാനും, ദൃശ്യങ്ങൾ പകർത്തി ടിക് ടോക് ഇടാനും ചിലർ മത്സരിക്കുന്നത് കണ്ടു.
കൂട്ടം കൂടി നിന്ന് ,മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റുന്നതിന് പോലും ഇക്കൂട്ടർ തടസ്സം സൃഷ്ടിച്ചു. മലയിറങ്ങി വരുന്ന ഭാഗങ്ങളിൽ ഇത്തരക്കാരുടെ വാഹനം ആംബുലൻസിന് തടസ്സമുണ്ടാക്കി.

തിരിച്ചു വരുന്ന വഴിയിലുടനീളം പലരും അവധി ആഘോഷിക്കുന്ന ലാഘവത്തിൽ , ലക്ഷ്വറി വാഹനങ്ങളടക്കം എടുത്ത് റോഡിലിറങ്ങി മലവെള്ളത്തിൽ ആഹ്ലാദിക്കുന്നത് കാണാമായിരുന്നു.30 ഉം ,40 ഉം കി.മി. സഞ്ചരിച്ച് ഉരുൾപൊട്ടലും, വെള്ള പ്പൊക്കവും കാണാൻ വന്നവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു’..

വിലങ്ങാട് അടുപ്പിൽ വനവാസി കോളനി യിൽ ഉരുൾ പൊട്ടിയ ഭാഗത്ത് അപകടകരമാം രീതിയിൽ നിന്ന ഒരു പയ്യനോട് , മല വെള്ളപ്പാച്ചിൽ പൊടുന്നനെ ഉണ്ടാവാം എന്ന് സൂചിപ്പിച്ചപ്പോൾ ,ഇപ്പ മാറാം ചേട്ടാ… ഒരു ടിക് ടോക് ചെയ്തോട്ടെ.. ‘ എന്നായിരുന്നു മറുപടി.
അതേ സമയം തൊട്ടടുത്ത്.. ഉരുൾ പൊട്ടലിൽ മരിച്ചവരുടെ ബന്ധുവെന്ന് തോന്നിക്കുന്ന മറ്റൊരാൾ ശവമടക്കിന്റെ വിവരം മറ്റാരെയോ ഫോൺ വഴി അറിയിക്കുകയായിരുന്നു…!

ഒന്നോർപ്പിക്കാൻ മാത്രമാണീ കുറിപ്പ്….ദുരന്ത മുഖത്ത് നിങ്ങൾ കാണിക്കുന്ന ഈ സെൽഫി അഭ്യാസം അരോചകം എന്ന് മത്രമല്ല ശുദ്ധ തെമ്മാടിത്തം കൂടിയാണ്…സഹായിച്ചില്ലെങ്കിലും …
ഉപദ്രവിക്കരുത്…നിങ്ങൾ രക്ഷാ പ്രവർത്തനത്തിന് തടസ്സമാണ്…ടിക് ടോക്കും ചെയ്ത് വീട്ടിൽ എത്തുമ്പോഴേക്കും നിങ്ങടെ വീടും വെള്ളമെടുത്തിട്ടുണ്ടാവാം …
അതു പോലെയാണ് മഴ പെയ്ത് തിമിർക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button