KeralaLatest NewsIndia

പ്രളയ ദുരിതാശ്വാസ നിധിയുടെ പേരിൽ ലജ്ജാകരമായ തട്ടിപ്പും, പിടിക്കപ്പെട്ടപ്പോൾ ന്യായീകരണവും നവോത്ഥാന കേരളത്തിന്റെ വിപ്ലവ നക്ഷത്രങ്ങളെ സന്ദീപ് വാര്യർ തുറന്നു കാട്ടുമ്പോൾ

പരിപാടി പൊളിഞ്ഞുവെന്ന വസ്തുത അവരെ അറിയിക്കേണ്ട ബാധ്യത കൊച്ചി മ്യൂസിക് ഫൗണ്ടേഷനുണ്ടല്ലോ.അതിനു മൂന്നുമാസം വരെ കാത്തിരുന്നതെന്തിന്?

ഒരു ജനത മുഴുവൻ പ്രളയത്തിൽ വിറങ്ങലടിച്ച് നിന്നപ്പോൾ, മുങ്ങിപ്പോയവരെ നീന്തിയെടുക്കാനും നീന്തിയെടുത്തവരെ അന്നമൂട്ടാനും ഇറങ്ങിത്തിരിച്ചവർ അതുവരെ അവർ പേറിയിരുന്ന ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൊടിയടയാളങ്ങളെയും കിന്നരങ്ങളെയും പേമാരിപ്പെയ്ത്തിനൊപ്പം ഒഴുക്കിവിട്ടുക്കൊണ്ട് ഒറ്റക്കെട്ടായി രംഗത്തിറങ്ങിയപ്പോൾ അതിന്റെ മറവിൽ ദുരിതാശ്വാസധനസമാഹരണമെന്ന ഓമനപ്പേരിൽ തട്ടിപ്പിനിറങ്ങുകയായിരുന്നു സാംസ്കാരികകേരളവും ഇടതുപക്ഷപ്രാമാണികന്മാരും നവോത്ഥാനനായകന്മാരും യുവത്വത്തിന്റെ ശബ്ദമെന്ന് വാനോളം പാടിപ്പുകഴ്ത്തിയിരുന്ന ദമ്പതികൾ. അല്ലെങ്കിലും എന്നും ഇത്തരക്കാർക്ക് ചെങ്കൊടി ഒരു മറവ് തന്നെയായിരുന്നു.പുരോഗമനാശയങ്ങളുടെ മറപ്പിടിച്ച് ആര് എന്തുതരം പേക്കൂത്ത് നടത്തിയാലും അതിനൊത്ത് ആടാനും പാടാനും അതിനുവേണ്ടി കുഴലൂത്ത് നടത്താനും ഇവർക്കൊപ്പം എന്നും വിപ്ലവപ്രസ്ഥാനമുണ്ട്.അതിന്റെ മറയിലാണ് ഇവിടെ സാമൂഹ്യവിരുദ്ധർ പലപ്പോഴും പല തരം തട്ടിപ്പ് നടത്തുന്നതും.

അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് 2019 നവംബർ ഒന്നിന് കൊച്ചിയിൽ കരുണ ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടി. ഈ പരിപാടി സംവിധാനം ചെയ്തത് പ്രശസ്ത ഇടതുപക്ഷസഹയാത്രികനായ സഖാവ് ആഷിക് അബുവാണ്. ആ പരിപാടി വൻ വിജയമാണെന്ന് അവകാശപ്പെട്ടത് ആഷിക് അബു തന്നെയാണ്.2019 നവംബർ ഒന്നിലെ പരിപാടിവഴി സമാഹരിച്ച പണം ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ എത്തിയിട്ടില്ല.എൻ.ശിവകുമാർ എന്ന വ്യക്തി വിവരാവകാശപ്രകാരം അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടിയും ഫണ്ടിലേക്ക് തുക ലഭിച്ചിട്ടില്ലെന്നാണല്ലോ.യുവമോർച്ചാ പ്രസിഡന്റ് സന്ദീപ് വാര്യർ ഇങ്ങനൊരു വസ്തുത കുത്തിപ്പൊക്കിയില്ലായിരുന്നെങ്കിൽ പുറംലോകം ഈ വാർത്ത അറിയുമായിരുന്നില്ല.

പ്രബുദ്ധകേരളമെന്നു വാഴ്ത്തിപ്പാടുന്ന സംസ്ഥാനത്ത്,ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി ആഭ്യന്തരം കയ്യാളുന്ന നാട്ടിലാണ് ചാരിറ്റിയുടെ മറവിൽ പ്രമുഖവ്യക്തികൾ അതേ മുഖ്യമന്ത്രിയുടെ പേരിലുളള മുരിതാശ്വാസനിധിയുടെ മറവിൽ ഈ തട്ടിപ്പ് നടത്തിയതെന്ന് ഓർക്കുമ്പോൾ ഓരോ മലയാളിയും ലജ്ജിക്കണം!ഈ തട്ടിപ്പിനെക്കുറിച്ചും പിരിച്ചെടുത്ത പണമെന്തുചെയ്തുവെന്നതിനെ കുറിച്ചും അന്വേഷിക്കേണ്ട ചുമതല കേരളമുഖ്യമന്ത്രിക്കുണ്ട്.

സന്ദീപ് വാര്യർ ഈ വിഷയം പൊതുസമൂഹത്തിനുമുന്നിൽ കൊണ്ടുവന്നശേഷമാണ് സംഭവത്തിൽ വിശദീകരണവുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ രംഗത്തെത്തിയത് തന്നെ. ചിലവായ പണം പോലും പരിപാടി നടത്തിയതിലൂടെ ലഭിച്ചില്ല എന്നതാണ് പണം ദുരതാശ്വാസ നിധിയിലേക്ക് നൽകാത്തതിന് കാരണമെന്നായിരുന്നു വിശദീകരണം. അങ്ങനെയെങ്കിൽ പരിപാടി കഴിഞ്ഞ ഉടൻ അത് വൻവിജയമായിരുന്നുവെന്ന് സംവിധായകൻ പറഞ്ഞത് എന്തിന്? പൊളിഞ്ഞുപാളീസായ ഒരു പരിപാടിയെ വൻവിജയമെന്നു പെരുപ്പിച്ചുകാട്ടുന്നതെന്തിന്? ദുരിതാശ്വാസനിധിയിലേയ്ക്കുള്ള ധനസമാഹരണം എന്ന രീതിയിൽ നടത്തിയ പരിപാടി ആയതുക്കൊണ്ട് ടിക്കറ്റെടുത്തവരാരും അതിലെ കലാമേന്മയ്ക്കാവില്ല മുൻതൂക്കം കൊടുക്കുകയെന്നത് തീർച്ചയാണ്.ആ സ്ഥിതിക്ക് പരിപാടി പൊളിഞ്ഞുവെന്ന വസ്തുത അവരെ അറിയിക്കേണ്ട ബാധ്യത കൊച്ചി മ്യൂസിക് ഫൗണ്ടേഷനുണ്ടല്ലോ.അതിനു മൂന്നുമാസം വരെ കാത്തിരുന്നതെന്തിന്? ഈ പരിപാടിക്കായി കടവന്ത്രയിലെ റീജിയണൽ സ്പോർട്ട്സ് സെന്റർ നൽകിയത് സൗജന്യമായാണ്, പങ്കെടുത്ത കലാകാരൻമാർ പ്രതിഫലം മേടിച്ചിട്ടില്ല എന്നാണ് പറയപ്പെടുന്നത്.

ആകാശത്തിനു കീഴേ എന്തിനെക്കുറിച്ചും വാചാലരാകുന്ന ആഷിക് അബു-റിമ ദമ്പതികൾ എന്തുകൊണ്ട് ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ല? താരങ്ങൾക്കിടയിലെ നികുതിയടവുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യർ ഇട്ടൊരു പോസ്റ്റിനെ ട്രോളാൻ ധൈര്യംകാട്ടിയ റിമ എന്തേ ഇപ്പോൾ മൗനിയായി മാറുന്നു.? സെലിബ്രിട്ടിസ്റ്റാറ്റസിനുള്ളിൽ ഭംഗിയായി ഒളിപ്പിച്ച കബളിപ്പിക്കലിന്റെ രാഷ്ട്രീയം പൊതുജനം കണ്ടുക്കഴിഞ്ഞു.അന്യന്റെ അദ്ധ്വാനത്തിന്റെ വിയർപ്പും അവരുടെ ഹൃദയത്തിലെ കനിവും മുതലെടുത്ത് സമൂഹമാദ്ധ്യമവിപണി ലക്ഷ്യമാക്കി കൃത്യമായ,സമർത്ഥമായ മാർക്കറ്റിങ്ങ് ചെയ്യാനറിയാവുന്ന 916 കച്ചവടക്കാരനാണ് നിങ്ങളുടെ നല്ലപ്പാതിയെന്ന് കേരളസമൂഹം ഉറക്കെപ്പറയാതിരിക്കാനെങ്കിലും നിങ്ങൾ പ്രതികരിക്കേണ്ടേ? വേറെ വരുമാനമാർഗം ഒന്നുമില്ലാതെ അന്യന്റെ പണം കൊണ്ട് ജീവകാരുണ്യ പ്രവർത്തനം ഒരു തൊഴിലായി കൊണ്ട് നടക്കുന്നവരെക്കൊണ്ട് തട്ടിയും മുട്ടിയും നടക്കാൻ പറ്റാതായിട്ടുണ്ട് ഈ കൊച്ചുകേരളത്തിൽ . സ്വയം പ്രഖ്യാപിതനന്മമരങ്ങളും വെട്ടുക്കിളി പോലെ കൂട്ടമായെത്തുന്ന നന്മമരഫാൻസ് അസോസിയേഷനുകളുമെല്ലാം മുതലെടുത്ത് മുതലെടുത്ത് അഴുകിപിഞ്ചിയ വാക്കായി മാറിയ ജീവകാരുണ്യപ്രവർത്തനത്തിന്റെ പുത്തൻ മുഖമാണ് സെലിബ്രിട്ടികൾ നേരിട്ടുനടത്തുന്ന ഇത്തരം തട്ടിപ്പുകൾ.

ആഷിക് അബു ഇത് സംബന്ധിച്ചു വ്യക്തമായ കണക്കുകൾ പൊതുസമൂഹത്തിനു മുന്നിൽ വയ്ക്കണം. അതല്ലെങ്കിൽ ആ പരിപാടിയിൽ ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ ആത്മാർത്ഥമായി പങ്കു ചേർന്ന കലാകാരന്മാരെല്ലാം പൊതുസമൂഹത്തിനു മുന്നിൽ സംശയത്തിന്റെ നിഴലിലാവും. ആഷിക് അബു അതിന് തയ്യാറല്ലെങ്കിൽ സർക്കാർ ഈ സംഭവത്തിൽ അന്വേഷണം നടത്തിയേ തീരൂ. ആഷിക് അബു തങ്ങളുടെ
സഹയാത്രികനാണെന്നത് അഭിമാനത്തോടെ വിളിച്ചുപ്പറയുന്ന സി.പി.എം. നേതൃത്വത്തിന്റെ ഈ വിഷയത്തിലെ മൗനം വിളിച്ചുപ്പറയുന്നത് പ്രതി സഖാവാണെങ്കിൽ ഏത് അധമപ്രവൃത്തിക്കും തങ്ങൾ കുടപ്പിടിക്കാൻ ഉണ്ടാവും എന്നു മാത്രമാണ്. ഫിറോസ് കുന്നുംപറമ്പിലിന്റെ ചാരിറ്റി പ്രവർത്തനത്തിനെതിരെ വാളെടുത്തു പ്രതിഷേധിച്ച സൈബർ സഖാക്കളുടെയും മാധ്യമവേശ്യകളുടെയും മൗനം അടയാളപ്പെടുത്തുന്നുണ്ട് കാരണവർക്ക് അടുപ്പിലും ആകാമെന്ന്!

അഞ്ജു പാർവതി പ്രഭീഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button