KeralaLatest News

ഉരുള്‍പ്പൊട്ടല്‍ ദുരന്തം : മണ്ണിനടിയില്‍ ഉള്ളത് 36 പേര്‍ : ദുരന്ത ഭൂമി ചതുപ്പ് നിലങ്ങളായി മാറി : മൃതദ്ദേഹങ്ങള്‍ എവിടെയാണ് ഉള്ളതെന്ന് തിരിച്ചറിയാനുള്ള സ്‌കാനര്‍ സംവിധാനവും പരാജയപ്പെട്ടു

മലപ്പുറം : മലപ്പുറം-വയനാട് ജില്ലകളെ കണ്ണീരിലാക്കിയ പുത്തുമലയിലും കവളപ്പാറയിലും ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. 36 പേരാണ് ഇപ്പോഴും മണ്ണിനടിയില്‍ പുതഞ്ഞുകിടക്കുന്നത്. : ദുരന്ത ഭൂമി ചതുപ്പ് നിലങ്ങളായി മാറിയതോടെ മൃതദ്ദേഹങ്ങള്‍ എവിടെയാണ് ഉള്ളതെന്ന് തിരിച്ചറിയാനുള്ള സ്‌കാനര്‍ സംവിധാനവും പരാജയപ്പെട്ടു .

നിലമ്പൂര്‍ കവളപ്പാറയില്‍ 14 മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്, മണ്ണിടിഞ്ഞ പ്രദേശം നാല് ഭാഗമായി തിരിച്ചാണ് തെരച്ചില്‍. കവളപ്പാറയില്‍ നിന്ന് 29 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇതുവരെ 30 പേരുടെ മൃതദേഹം കിട്ടിയിരുന്നു.

അതിശക്തമായ മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയില്‍ ഇനി ഏഴുപേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ആകെ 10 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കിട്ടിയത്. പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രത്യേകം തെരച്ചില്‍ നടത്തും. തുടര്‍ച്ചയായ മൂന്നാം ദിവസവും പുത്തുമലയില്‍ നിന്ന് ആരെയും കണ്ടത്താനായില്ല. നാട്ടുകാര്‍ പറഞ്ഞ സാധ്യതകള്‍ക്കനുസരിച്ചായിരുന്നു ഏക്കറുകണക്കിന് ഭൂമിയില്‍ കഴിഞ്ഞ മൂന്ന് ദിവസവും മണ്ണുമാന്തി ഉപയോഗിച്ച് തെരച്ചില്‍ നടത്തിയത്. മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നയിടം പ്രവചിച്ച് ഭൂപടം തയ്യാറാക്കിയും പുത്തുമലയിലെ ഇന്നലത്തെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

പാറക്കല്ലുകളും മരത്തടികളും നിറഞ്ഞു കിടക്കുന്നതിനാല്‍ സ്‌കാനറുകള്‍ അടക്കമുള്ള സാങ്കേതിക വിദ്യ ഇവിടെ പ്രാവര്‍ത്തികമല്ലെന്നാണ് ദുരന്തനിവാര സേനയുടെ വിലയിരുത്തല്‍. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ചതുപ്പായിക്കഴിഞ്ഞു ദുരന്തഭൂമി. മണ്ണുമാന്തിയന്ത്രങ്ങള്‍ പലപ്പോഴും ചതുപ്പില്‍ പുതഞ്ഞു പോവുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ഏറ്റവുമൊടുവില്‍ എറണാകുളത്ത് നിന്ന് മണം പിടിച്ച് മൃതദേഹം കണ്ടെത്തുന്ന നായകളെ കൊണ്ടുവന്ന് തെരച്ചില്‍ നടത്താനാണ് ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button