KeralaLatest NewsIndia

ജയിലില്‍ പ്രതികള്‍ക്ക് ‘പി എസ് സി പരീക്ഷ’ മാര്‍ക്ക് പൂജ്യം: എസ് എഫ് ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും പെട്ടുപോയത് ഇങ്ങനെ

ജയിലില്‍ പരീക്ഷാ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ഒന്നാം റാങ്കുകാരനു കിട്ടിയത് പൂജ്യം മാര്‍ക്കായിരുന്നു

തിരുവനന്തപുരം : പിഎസ് സി കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ ആര്‍. ശിവരഞ്ജിത്തും 28-ാം റാങ്കുകാരന്‍ എ.എന്‍.നസീമും ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചു നിൽക്കാൻ ആവുന്നത് ശ്രമിച്ചിരുന്നു. കോപ്പിയടിയുടെ രഹസ്യം പി എസ് സി തന്നെ കണ്ടെത്തിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിക്കുകയായിരുന്നു. കത്തികുത്ത് കേസില്‍ ജയിലിലുള്ള ഒന്നാം റാങ്കുകാരന്‍ ആര്‍. ശിവരഞ്ജിത്തും 28-ാം റാങ്കുകാരന്‍ എ.എന്‍.നസീമും ഇന്നലെ അതേ പരീക്ഷ ജയിലിലും നേരിട്ടു.

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ എഴുതിയ ചോദ്യങ്ങളുടെ ഉത്തരം വീണ്ടും അവര്‍ പറഞ്ഞു. ജയിലില്‍ പരീക്ഷാ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ഒന്നാം റാങ്കുകാരനു കിട്ടിയത് പൂജ്യം മാര്‍ക്കായിരുന്നു. ക്രൈംബ്രാഞ്ചാണ് ജയിലിലെത്തി അതേ ചോദ്യങ്ങള്‍ വീണ്ടും ശിവരഞ്ജിത്തിനോട് ചോദിച്ചത്. അപ്പോള്‍ ഒന്നും ഉത്തരമില്ല. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാതെ നസീമും കുഴങ്ങി. അതായത് പി എസ് സി പരീക്ഷയില്‍ കൃത്യമായി ഉത്തരമെഴുതിയ ചോദ്യങ്ങള്‍ക്കൊന്നും ഇപ്പോള്‍ കൃത്യമായ ഉത്തരം രണ്ട് പേര്‍ക്കും അറിയില്ല.

ഇരുവരെയും ജയിലിലെത്തിയായിരുന്നു ക്രൈംബ്രാഞ്ചിന്റെ 5 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. പഠിച്ചാണ് ജയിച്ചതെന്ന നിലപാടില്‍ ആദ്യം ഉറച്ചു നിന്ന ഇരുവരും ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ. ഹരികൃഷ്ണന്റെയും എസ്‌ഐ അനൂപിന്റെയും തന്ത്രപരമായ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. എന്നാല്‍, എസ്‌എംഎസ് നോക്കിയാണ് ഉത്തരം എഴുതിയതെന്നു പൂര്‍ണമായി സമ്മതിക്കാന്‍ ഇരുവരും തയാറായില്ല. പരീക്ഷ എഴുതിയ ഒന്നേകാല്‍ മണിക്കൂറിനിടെ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും രണ്ടാം റാങ്കുകാരനായ പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പിഎസ്‌സിയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഒടുവില്‍ തെളിവുകള്‍ മുഴുവന്‍ മുന്നില്‍ നിരന്നതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ചോദ്യക്കടലാസ് ചോര്‍ന്നത് യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നാണെന്നു സൂചിപ്പിക്കുന്ന രേഖകള്‍ പിഎസ്‌സി വിജിലന്‍സ് നേരത്തെ പൊലീസിനു കൈമാറിയിരുന്നു. പൊലീസുകാരന്‍ ഉള്‍പ്പെടെ 5 പേരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരും ഇവര്‍ക്ക് പരീക്ഷാ സമയത്ത് സന്ദേശങ്ങള്‍ ഫോണിലൂടെ നല്‍കിയ പേരൂര്‍ക്കട എസ്‌എപി ക്യാംപിലെ ഗോകുല്‍, കല്ലറ സ്വദേശി സഫീര്‍ എന്നിവരുമാണ് കേസിലെ പ്രതികള്‍.

ഗോകുലും സഫീറും ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. രണ്ടുപേരും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തന രഹിതമാണ്. നേരത്തെ കേസില്‍ പ്രതിയായതു കൊണ്ട് പി എസ് സി പരീക്ഷ എഴുതി ജയിക്കാനാകില്ലേ എന്ന ചോദ്യവും സജീവമായി. പി എസ് സിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. പരീക്ഷയില്‍ ക്രമക്കേടൊന്നുമില്ലെന്നായിരുന്നു എസ് എഫ് ഐയുടേയും ഡിവൈഎഫ്‌ഐയുടേയും നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button