KeralaLatest NewsIndia

പോലീസ് ടെസ്റ്റ് ‘റാങ്കുകാരുടെ ‘ വീടുകളില്‍ റെയ്ഡ്, ഫോണും മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തു

പരീക്ഷാഹാളിന് പുറത്തുവച്ച മൊബൈല്‍ഫോണ്‍ ബ്ലൂടൂത്ത് വഴി കൈയിലെ സ്‌മാര്‍ട്ട് വാച്ചുമായി ബന്ധിപ്പിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്നാണ് സൂചന.

തിരുവനന്തപുരം: പി.എസ്.സിയുടെ കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പു നടത്തിയെന്ന് ‘റാങ്കുകാരായ’ ശിവരഞ്ജിത്തും നസീമും സമ്മതിച്ചതിനു പിന്നാലെ ഇവരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ രണ്ട് മൊബൈലുകളും മൂന്ന് മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തു. ഹൈടെക്ക് കോപ്പിയടിക്ക് ഉപയോഗിച്ച ഫോണുകളാണ് ഇവയെന്നാണ് സൂചന.പിടിച്ചെടുത്ത ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തിയാലെ ഇവയുപയോഗിച്ചാണോ തട്ടിപ്പു നടത്തിയതെന്ന് വ്യക്തമാകൂ. പരീക്ഷാഹാളിന് പുറത്തുവച്ച മൊബൈല്‍ഫോണ്‍ ബ്ലൂടൂത്ത് വഴി കൈയിലെ സ്‌മാര്‍ട്ട് വാച്ചുമായി ബന്ധിപ്പിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്നാണ് സൂചന. നാലു സെറ്റ് ചോദ്യപേപ്പറുള്ളതിനാല്‍ ഉത്തരമയയ്ക്കാന്‍ നാലുപേരെ ചുമതലപ്പെടുത്തിയിരുന്നു.

ഇവര്‍ എസ്.എം.എസ് ആയി ഫോണിലേക്ക് അയച്ച ഉത്തരങ്ങള്‍ ബ്ലൂടൂത്ത് വഴി വാച്ചില്‍ സ്വീകരിക്കുകയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഉത്തരങ്ങള്‍ എസ്.എം.എസായി അയച്ചുകൊടുത്ത പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ ഗോകുല്‍, വി.എസ്.എസ്.സിയിലെ താത്കാലിക ജീവനക്കാരനായ കല്ലറ സ്വദേശി സഫീര്‍ എന്നിവരുടെ വീടുകളില്‍ നേരത്തേ നടത്തിയ റെയ്ഡില്‍ രണ്ട് ലാപ്ടോപ്പുകള്‍ പിടിച്ചെടുത്തിരുന്നു. പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പി.എസ്‌.സി ആഭ്യന്തര വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പരീക്ഷയില്‍ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 28-ാം റാങ്കുമാണ്. രണ്ടാം റാങ്കുകാരന്‍ പ്രണവിന്റെ ഫോണിലേക്കാണ് സഫീര്‍ സന്ദേശമയച്ചത്. ഇവരെല്ലാം പരീക്ഷയെഴുതിയത് വിവിധ കേന്ദ്രങ്ങളിലായിരുന്നെങ്കിലും, ഇവര്‍ പഠിക്കുന്ന യൂണിവേഴ്സിറ്റി കോളേജില്‍ നിന്നാണ് ചോദ്യപേപ്പര്‍ പുറത്തുപോയതെന്നാണ് നിഗമനം. പരീക്ഷയ്ക്കെത്താത്തവരുടെ ചോദ്യപേപ്പര്‍ കോളേജിലെ ജീവനക്കാരോ അദ്ധ്യാപകരോ വാട്സ്‌ആപ്പിലൂടെ പുറത്തേക്ക് അയച്ചതായാണ് സംശയം.

കേസില്‍ അഞ്ചുപേരെ പ്രതികളാക്കിയെങ്കിലും സന്ദേശങ്ങളയച്ച സഫീര്‍, ഗോകുല്‍, രണ്ടാം റാങ്കുകാരന്‍ പ്രണവ് എന്നിവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഗോകുലിന്റെ ബൈക്ക് ഇപ്പോഴും എസ്.എ.പി ക്യാമ്പിലുണ്ട്. തുടര്‍ച്ചയായി 21 ദിവസം ഹാജരാകാതിരുന്നാല്‍ ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാം.ഗോകുലിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ നിരവധി പി.എസ്‌.സി ഗൈഡുകള്‍ കണ്ടെത്തി. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായും വിവരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button