Latest NewsArticle

ലാഭകരമായി നടത്തിക്കൊണ്ടുപോകുന്ന ഒരു സ്ഥാപനം കൂടി പൂട്ടിച്ചു കേരളത്തില്‍ നിന്നും ഓടിക്കാന്‍ സി.ഐ.ടി.യു

ഐ.എം ദാസ്

തൊഴിലാളി സമരം ശക്തമായതോടെ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കേരളം വിടുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സിഐടിയുവിന്റെ നേതൃത്വത്തിലാണ് മുത്തൂറ്റിന്റെ ചില ശാഖകള്‍ കേന്ദ്രീകരിച്ച് സമരം നടക്കുന്നത്.  സമരക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് മുത്തൂറ്റ് കേരളം ഉപേക്ഷിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങുന്നത്. കമ്പനിയുടെ തീരുമാനത്തോടെ  മുന്നൂറോളം ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാന്‍ മാനേജ്മെന്റ് തീരുമാനിച്ചു. ഇത് സംബന്ധിച്ച് ജനറല്‍ മാനേജര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ഇതോടെ രണ്ടായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.

ALSO READ: മുത്തൂറ്റ് ഫിനാൻസിന് ലാഭം 1460 കോടി

മൂന്ന് തലമുറകളിലായി വളര്‍ന്നു പന്തലിച്ച ധനകാര്യസ്ഥാപനമാണ് മുത്തൂറ്റ്. 1970 കളില്‍ സംസ്ഥാനത്തിന് പുറത്തേക്കും പ്രവര്‍ത്തനം തുടങ്ങിയ പണമിടപാട് സ്ഥാപനം രണ്ടായിരത്തിലാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡായത്. കേരളത്തില്‍ മൂത്തൂറ്റിന് അറുന്നൂറോളം ബ്രാഞ്ചുകളാണ് ഉള്ളത്. ഇതില്‍ മുന്നൂറോളം ബ്രാഞ്ചുകളിലാണ് സിഐടിയു സമരം നടത്തുന്നത്. 2016 മുതല്‍ വിവിധ ബ്രാഞ്ചുകളിലായി സിഐടിയു പ്രവര്‍ത്തകര്‍ സമരം നടത്തുന്നുണ്ട്. ഇത്രയും നാള്‍ സമരം തുടര്‍ന്നിട്ടും ഭരിക്കുന്ന സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടിയായിട്ടും ജീവനക്കാരുടെ കാര്യത്തില്‍ സുരക്ഷിതമായ ഒരു തീരുമാനം ഉണ്ടാക്കാന്‍ സമരക്കാരെ അണിനിരത്തിയ തൊഴിലാളി സംഘടനയ്ക്ക് കഴിഞ്ഞില്ല എന്നത് അപലപനീയം തന്നെ. അതുപോലെ തന്നെ വര്‍ഷങ്ങളായി തങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ന്യായമായ വേതനവ്യവസ്ഥയും തൊഴില്‍ സുരക്ഷയും നല്‍കാന്‍ മുത്തൂറ്റിന് കഴിയാത്തതും തീര്‍ത്തും അനുചിതം തന്നെ. വേതന വര്‍ദ്ധനയും മറ്റ് ആനുകൂല്യങ്ങളും  ആവശ്യപ്പെട്ടാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി മുത്തൂറ്റിന്റെ വിവിധ ബ്രാഞ്ചുകളില്‍ സിഐടിയു സമരം നടത്തുന്നത്.

Muthoot Finance

2016 ആഗസ്റ്റ്  ആദ്യത്തോടെയാണ് കമ്പനിയും തൊഴിലാളികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായിത്തുടങ്ങിയത്. സിഐറ്റിയുവിന്റെ നേതൃത്തത്തില്‍ തൊഴിലാളി സംഘടന രൂപികരിച്ചതാണ് കമ്പനിയെ ചൊടിപ്പിച്ചത്. സംഘടനയ്ക്ക് രൂപം നല്‍കാന്‍ നേതൃത്വം നല്‍കിയവരെ മുന്നറിയിപ്പുകള്‍ കൂടാതെ കേരളത്തിനു പുറത്തേക്കുള്‍പ്പെടെ സ്ഥലം മാറ്റുകയായിരുന്നു.  ഇത് ചോദ്യം ചെയ്ത തൊഴിലാളികളില്‍ ഒരാളെ പിരിച്ചു വിടുകയും പറഞ്ഞ സമയത്ത് ജോയിന്‍ ചെയ്യാന്‍ വിസ്സമാതിച്ചവരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഇതോടെ സിഐടിയു ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കമ്പനിക്കെതിരെയുള്ള സമരത്തില്‍ അല്‍പ്പം പോലും വിട്ടുവീഴ്ച്ചയില്ലെന്ന് വ്യക്തമാക്കിയ സംഘടന തൊഴിലാളികള്‍ക്കായി വിവിധ ആവശ്യങ്ങളും കമ്പനിക്ക് മുന്നില്‍ വച്ചു. മൂന്ന് ദിവസങ്ങളിലായി 72 മണിക്കൂര്‍ തുടര്‍ച്ചയായി പണിമുടക്ക് നടത്തിയും സിഐടി തുടക്കത്തില്‍ തന്നെ  ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു

നഷ്ടത്തിലോടുന്ന കമ്പനിയല്ല മുത്തൂറ്റ് ഫിനാന്‍സ്. പ്രതിവര്‍ഷം 810 കോടി രൂപയ്ക്ക് മുകളിലാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ ലാഭമെന്നും എന്നാല്‍ ഈ കമ്പനി ഒട്ടും തൊഴിലാളി സൗഹൃദമല്ലെന്നും ജീവനക്കാര്‍ തന്നെ പറയുന്നു. പത്തും മുപ്പതും വര്‍ഷം സര്‍വീസുള്ളവര്‍ക്ക് പോലും പതിനയ്യായിരം രൂപയില്‍ താഴെ മാത്രം ശമ്പളം നല്‍കിയാണ് കമ്പനി നിലനിര്‍ത്തുന്നതെന്ന ആക്ഷേപവും ഇവര്‍ ഉന്നയിക്കുന്നു. കേരളത്തില്‍ നിന്നാരംഭിച്ച് രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വര്‍ണപണയ കമ്പനിയായി പേരെടുത്ത സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ്. മുത്തൂറ്റിന് ഇന്ത്യയില്‍ മൊത്തം നാലായിരത്തിലധികം ശാഖകളിലായി   26000-ത്തോളം ജീവനക്കാരുണ്ട്.  കേരളത്തില്‍ മാത്രം മൂവായിരത്തിലധികം  ജീവനക്കാര്‍ ജോലി ചെയ്യുന്നു. അതില്‍ 2000-ത്തോളം പേര്‍ തൊഴിലാളി സംഘടനയില്‍ അംഗങ്ങളാണെന്നാണ് നേതാക്കള്‍ പറയുന്നത്.

Muthoot-Group

നികുതിയിനത്തില്‍ നല്ലൊരു തുക സംസ്ഥാനത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന സ്ഥാപനം സേവനം അവസാനിപ്പിക്കുന്നത് സര്‍ക്കാരിനും ക്ഷീണമാണ്. മാത്രമല്ല കേരളം തൊഴിലാളി സംഘടനകളുടെ കീഴിലാണെന്നും ഇവിടെ വ്യവസായനിക്ഷേപം നടത്തുന്നത് പണിയാകുമെന്നുമുള്ള ധാരണയെ ഇത് ഊട്ടിയുറപ്പിക്കുകയും ചെയ്യും. നിരന്തരമായി സമരം നടത്തുമ്പോള്‍ സംസ്ഥാനത്ത് സുഗമമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം നഷ്ടമായെന്നാണ് കമ്പനി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. നിരന്തരമായ സമരം മൂലം ഇടപാടുകാര്‍ക്ക് തങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവര്‍ ആശങ്കയിലാണെന്നനും കമ്പനി ചൂണ്ടിക്കാണിക്കുന്നുണ്ട. അറുനൂറിലധികം  ശാഖകള്‍ ഉള്ളതില്‍ നിലവില്‍ 150 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഈ അവസ്ഥ തുടരാനാകില്ലെന്നും കമ്പനി സ്വന്തം ഭാഗം ന്യായീകരിക്കുന്നു.

എന്നാല്‍  വര്‍ഷങ്ങളായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ശമ്പളം കൂട്ടി നല്‍കാതെ പുതിയതായി എത്തുന്ന ചിലര്‍ക്ക് ശമ്പളം കൂട്ടി നല്‍കുന്ന കമ്പനി നയത്തിനെതിരെ വലിയ പ്രതിഷേധം നിലനില്‍ക്കുന്നുമുണ്ട്. തൊഴില്‍പരമായി തികഞ്ഞ അസമത്വമാണ് ശാഖകളില്‍ നടക്കുന്നതെന്നാണ് സമരത്തിന് പിന്തുണ നല്‍കുന്ന ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. മാന്യമായി  ആവശ്യങ്ങള്‍ മാനേജ്‌മെന്റ്‌നു മുന്നില്‍ അവതരിപ്പിക്കാനാണ് തൊഴിലാളി സംഘടന രൂപീകരിച്ചത്. എന്നാല്‍
ഗത്യന്തരമില്ലാതെ വന്നോപ്പഴാണ് സമരത്തിലേക്ക് കടന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു. കമ്പനിയുടെ തൊഴിലാളി വിരുദ്ധനിലപാട് തിരുത്തിയാല്‍ അവസാനിക്കുന്ന സമരം മാത്രമാണിതെന്ന് സംഘടനാ നേതാക്കളും ഉറപ്പിച്ചു പറയുന്നു.

എന്തായാലും തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സിഐടിയു സമരത്തിനിറങ്ങിയത് നല്ലതുതന്നെ. പക്ഷേ തൊഴിലാളി സുരക്ഷക്കായി തുടങ്ങിയ സമരം അവരെ തെരുവില്‍ ഉപേക്ഷിച്ച് കൊണ്ട് അവസാനിക്കുകയാണെങ്കില്‍ അത് ആത്ഹത്യാപരം തന്നെയായിരിക്കും. തീരുമാനം നടപ്പിലാക്കി കമ്പനി കേരളം വിടുമ്പോള്‍ ജോലി നഷ്ടമാകുന്ന മൂവായിരത്തോളം വരുന്ന ജീവനക്കാരുടെ ഭാവി സുരക്ഷിതമാക്കാന്‍ സമരക്കാര്‍ക്ക് കഴിയുമോ. ഇരുവിഭാഗവും വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറായി കേരളത്തിലെ അനുകൂലസാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി മുന്നോട്ട് പോകുക എന്നതായിരിക്കണം മുത്തൂറ്റിന്റെ കാര്യത്തില്‍ സംഭവിക്കേണ്ടത്. അതിനുള്ള ഇടപെടലുകളും സമവായ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ കേരളത്തിലെ ശക്തമായ തൊഴിലാളി സംഘടനയും തൊഴിലാളി പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാരും അപഹാസ്യരാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button