Latest NewsGulf

ആറു മാസമായി ശമ്പളമില്ലാതെ വലഞ്ഞ വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം•സ്പോൺസർ ആറു മാസമായി ശമ്പളം നൽകാത്തതിനെത്തുടർന്ന് ദുരിതത്തിലായ വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് ചെന്നൈ സ്വദേശിനിയായ അഫ്സൽ അശറഫ് എന്ന വനിതയാണ് ദമ്മാം അഭയകേന്ദ്രത്തിൽ നിന്നും നാട്ടിലേയ്ക്ക് മടങ്ങിയത്. എട്ടു മാസങ്ങൾക്ക് മുൻപാണ് അഫ്സൽ അശറഫ് സൗദി അറേബ്യയിലെ ഹഫർ അൽ ബത്തീൻ എന്ന പട്ടണത്തിലെ ഒരു ഭവനത്തിൽ വീട്ടുജോലിക്കാരിയായി നാട്ടിൽ നിന്നും എത്തിയത്. നല്ല ശമ്പളവും, ജോലി സാഹചര്യങ്ങളും ഉറപ്പ് നൽകിയ ട്രാവൽ ഏജന്റിനെ വിശ്വസിച്ചാണ്, സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക പരാധീനത അവസാനിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ അവർ പ്രവാസജോലിയ്ക്ക് എത്തിയത്.

ALSO READ: ഐഫോൺ ആണോ നിങ്ങൾ ഉപയോഗിക്കുന്നത്, എങ്കിൽ സൂക്ഷിക്കുക : മുന്നറിയിപ്പുമായി ഗൂഗിൾ

എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായിരുന്നു ജോലിസ്ഥലത്തെ സാഹചര്യങ്ങൾ. പകലന്തിയോളം വിശ്രമമില്ലാതെ ആ വീട്ടുകാർ അവരെക്കൊണ്ട് പണി ചെയ്യിച്ചു. എന്നാൽ ഒരു റിയാൽ പോലും ശമ്പളമായി നൽകിയില്ല. ഓരോ മാസവും ചോദിയ്ക്കുമ്പോൾ, അടുത്ത മാസം ഒരുമിച്ചു തരാം എന്ന് പറയും. അവർ പ്രതിഷേധിച്ചെങ്കിലും, ആ വീട്ടുകാരുടെ ശകാരം കിട്ടിയതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല. ജോലിയ്ക്ക് ചേർന്നിട്ട് ആറു മാസം കഴിഞ്ഞിട്ടും, ഒരു മാസത്തെ ശമ്പളം പോലും അവർക്ക് കിട്ടിയില്ല.

ഗതികേട്ടപ്പോൾ, അഫ്സൽ അശറഫ് ആരുമറിയാതെ ആ വീടിന് പുറത്തു കടന്ന്, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസുകാർ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട് ചെന്നാക്കി.
അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണികുട്ടനോട് അഫ്സൽ അശറഫ് സ്വന്തം അവസ്ഥ പറഞ്ഞു, നാട്ടിലേയ്ക്ക് പോകാൻ സഹായിയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. മഞ്ജു മണിക്കുട്ടൻ അഫ്സൽ അശറഫിന്റെ സ്‌പോൺസറെ ഫോണിൽ വിളിച്ചു സംസാരിച്ചെങ്കിലും, അവർ യാതൊരു ഒത്തുതീർപ്പിനും തയ്യാറായില്ല. അഫ്സൽ അശറഫിന്റെ കാര്യത്തിൽ തനിയ്ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന നിലപാടായിരുന്നു സ്പോൺസർ സ്വീകരിച്ചത്.

കുടിശ്ശിക ശമ്പളം കിട്ടിയില്ലെങ്കിലും വേണ്ട, തനിയ്ക്ക് നാട്ടിലേയ്ക്ക് തിരികെ പോയാൽ മതി എന്ന തീരുമാനം എടുത്ത അഫ്സൽ അശറഫ്, അതിനാൽ ലേബർ കോടതിയിൽ കേസിന് പോകാൻ തയ്യാറായില്ല.

തുടർന്ന് മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ അഫ്സൽ അശറഫിന് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു കൊടുക്കുകയും ചെയ്തു. മണിക്കുട്ടന്റെ സുഹൃത്തും ജുബൈലിലെ സാമൂഹ്യപ്രവർത്തകനുമായ മുഹമ്മദ് യാസിം വിമാനടിക്കറ്റ് എടുത്തു കൊടുത്തു.

അങ്ങനെ അഫ്സൽ അശറഫ്, പരാജയപ്പെട്ട ഒരു പ്രവാസജീവിതം അവസാനിപ്പിച്ചു. നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button