KeralaLatest NewsIndia

അഭയ കേസ്: ഫാദർ കോട്ടൂര്‍ സിസ്റ്റർ സ്റ്റെഫിയുമായി ഭാര്യാ-ഭര്‍ത്താക്കന്മാരെ പോലെ ജീവിതം നയിച്ചിരുന്നെന്ന് കുറ്റസമ്മതം

സഭയുടെ മാനം കാക്കാന്‍ സഹായിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടതായും പ്രതികള്‍ ഒരു കോടി രൂപ വാ്ഗ്ദാനം ചെയ്തതായും അദ്ദേഹം കോടതിയെ അറിയിച്ചു

സിസ്റ്റര്‍ അഭയക്കേസില്‍ മുഖ്യപ്രതി കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തിയതായി സാക്ഷിമൊഴി. ഫാദര്‍ തോമസ് എം കോട്ടൂര്‍ കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തിയതായി സാക്ഷി കോടതിയില്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലാണ് കോടതിയില്‍ മൊഴി നല്‍കിയത്.അഭയകേസിലെ മൂന്നു പ്രതികളെ 2008 നവംബര്‍ 18 ന് സിബിഐ അറസ്റ്റ് ചെയ്യുന്നതിന് ആറു മാസം മുന്‍പായിരുന്നു ക്‌നാനായ കത്തോലിക്കാ സഭ അതിരൂപതയുടെ കോട്ടയം ബിഷപ്‌സ് ഹൗസില്‍ വെച്ചു കുറ്റസമ്മതം നടത്തിയത്.രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലും അന്നു കൂടെ ഉണ്ടായിരുന്നുവെന്ന് വേണുഗോപാല്‍ നായര്‍ കോടതിയില്‍ മൊഴി നല്‍കി.

ഈ ളോഹയ്ക്കകത്തു ഒരു കരിങ്കല്ലല്ലെന്നും പച്ചയായ മനുഷ്യനാണെന്നും തനിക്കു വികാരങ്ങള്‍ ഉണ്ടെന്നും താന്‍ തെറ്റു ചെയ്തെന്നും സിസ്റ്റര്‍ സെഫിയുമായി ഭാര്യാഭര്‍ത്താക്കന്മാരെ പോലെയാണ് ജീവിക്കുന്നതെന്നും ഇതു പലര്‍ക്കും അറിയാമെന്നും താന്‍ മാത്രമല്ല ഈ തെറ്റു ചെയ്യുന്നതെന്നും പലരും ഇതു ചെയ്യുന്നുണ്ടെന്നും കരഞ്ഞുകൊണ്ട് ഫാ. തോമസ് കോട്ടൂര്‍ തന്നോട് നേരിട്ടു കുറ്റസമ്മതം നടത്തിയെന്ന് വേണുഗോപാല്‍ നായര്‍ കോടതിയില്‍ മൊഴി നല്‍കി.നാര്‍കോ പരിശോധന നിരോധിക്കുന്നതിനു വേണ്ടി പൊതുഹര്‍ജി കൊടുക്കുവാന്‍ എത്ര ലക്ഷം രൂപ ചെലവ് വന്നാലും താന്‍ അതു വഹിച്ചുകൊള്ളാമെന്നും ഫാ. കോട്ടൂര്‍ പറഞ്ഞതായി വേണുഗോപാല്‍ നായര്‍ കോടതിയില്‍ മൊഴി നല്‍കി.

208 ഡിസംബര്‍ 18 ന് എറണാകുളം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെ ഇതു സംബന്ധിച്ചു രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. സിസ്റ്റര്‍ സെഫിയുമായുള്ള ബന്ധത്തെ പറ്റി ഫാദര്‍ കോട്ടൂരും പൂതൃക്കയിലുമാണ് പറഞ്ഞത്. സഭയുടെ മാനം കാക്കാന്‍ സഹായിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടതായും പ്രതികള്‍ ഒരു കോടി രൂപ വാ്ഗ്ദാനം ചെയ്തതായും അദ്ദേഹം കോടതിയെ അറിയിച്ചു. ളോഹയയ്ക്കുള്ളില്‍ പച്ചയായ മനുഷ്യനാണ് താനെന്ന് ഫാദര്‍ കോട്ടൂര്‍ പറഞ്ഞെതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

ആദ്യം തയാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തിരുത്താന്‍ ആവശ്യപ്പെട്ടിരുന്നതായി നേരത്തെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ അന്നത്തെ എഎസ്‌ഐ വിവി അഗസ്റ്റിനാണ് തന്നോട് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തിരുത്താന്‍ ആവശ്യപ്പെട്ടതെന്ന് അന്ന് കോണ്‍സ്റ്റബിളായിരുന്ന എംഎം തോമസാണു സിബിഐ പ്രത്യേക കോടതിയില്‍ മൊഴി നല്‍കിയത്. കുറ്റപത്രത്തിലെ എട്ടാം സാക്ഷിയും പ്രോസിക്യൂഷന്റെ നാലാം സാക്ഷിയുമാണു തോമസ്.

യഥാര്‍ഥ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തിരുത്തി പുതിയ റിപ്പോര്‍ട്ടാണു രേഖപ്പെടുത്തിയതെന്നു തോമസ് സിബിഐക്കും മൊഴി നല്‍കിയിരുന്നു. 2008ല്‍ വിവി അഗസ്റ്റിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. അഭയയുടെ മരണം നടന്ന കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ അടുക്കളയില്‍ അവരുടെ ശിരോവസ്ത്രം, ചെരിപ്പ്, വാട്ടര്‍ ബോട്ടില്‍, കോടാലി എന്നിവ കണ്ടിരുന്നതായും തോമസ് മൊഴി നല്‍കി. വിചാരണയ്ക്കിടെ 50ാം സാക്ഷി സിസ്റ്റര്‍ അനുപമ കൂറുമാറിയത് ഈ വിഷയത്തിലായിരുന്നു.

സിസ്റ്റര്‍ അഭയ മോട്ടോര്‍ നന്നാക്കുന്നതിനിടയില്‍ കാലു തെറ്റി കിണറ്റില്‍ വീണുവെന്ന് പയസ് ടെന്‍ത് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ തന്നോടു പറഞ്ഞുവെന്ന് കോട്ടയം ഫയര്‍ സ്റ്റേഷനിലെ ഫയര്‍ഫോഴ്‌സ് ഓഫീസറായിരുന്ന കേസിലെ പതിന്നാലാം സാക്ഷി വാമദേവന്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ ഇന്നലെ മൊഴി നല്‍കിയിരുന്നു.

അഭയ മരിച്ച ദിവസം 1992 മാര്‍ച്ച്‌ 27 ന് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റില്‍ വാമദേവന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായിരുന്നു അഭയയുടെ മൃതദേഹം കിണറ്റില്‍ നിന്നും എടുത്തത്. മൃതദേഹത്തില്‍ ഉണ്ടായിരുന്ന വസ്ത്രം നൈറ്റി മാത്രമായിരുന്നു. മൃതദേഹം കിണറ്റില്‍ നിന്നും എടുത്തത് അസിസ്റ്റന്റ് ഫയര്‍മാന്‍ ഗോപിനാഥപിള്ള ആയിരുന്നുവെന്നു മൊഴി നല്‍കി.

കോടതിയില്‍ ഹാജരാക്കിയ ഫയര്‍ഫോഴ്സിന്റെ അന്നത്തെ ഡയറിയില്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നും പയസ് ടെന്‍ത് കോണ്‍വെന്റില്‍ നിന്നും അന്നു വിളിച്ച ലാന്‍ഡ്‌ഫോണ്‍ നമ്പര്‍ സഹിതം രേഖപ്പെടുത്തിയത് പതിന്നാലാം സാക്ഷി വാമദേവന്‍ തിരിച്ചറിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button