KeralaLatest NewsNews

ഇത് പ്രണയ സാഫല്യമല്ല ജീവിത സാഫല്യമാണ്; ആണുടലില്‍ ഇരുന്നൊരു പെണ്ണ് കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ

കവയത്രിയും സാമൂഹിക പ്രവര്‍ത്തകയും ട്രാന്‍സ് വുമണുമായ വിജയരാജ മല്ലിക വിവാഹിതയായി. തൃശൂര്‍ മണ്ണൂത്തി സ്വദേശിയായ ജാസ് ജാഷിമാണ് വരൻ. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ വിജയരാജ മല്ലിക തന്നെയാണ് തന്റെ വിവാഹക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് ഇത് പ്രണയ സാഫല്യമല്ല ജീവിത സാഫല്യമാണെന്നാണ് തന്റെ വിവാഹത്തെക്കുറിച്ച് വിജയരാജമല്ലിക കുറിച്ചിരിക്കുന്നത്. പാരാലീഗല്‍ വോളന്‍റിയറാണ് തൃശൂര്‍ സ്വദേശിയായ വിജയമല്ലിക. ജാസ് ഫ്രീലാന്‍സ് സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറാണ്.

Read also: റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈയുമായി ബന്ധപ്പെട്ട വിവാദങ്ങളും സയേഷയുമായുള്ള പ്രണയവും; വെളിപ്പെടുത്തലുമായി ആര്യ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഞങ്ങള്‍ ഹൃദയംകൊണ്ട് ഒന്നായവര്‍. ഞങ്ങളുടെ ചിറകില്‍ പൂര്‍ണ വിശ്വാസമുള്ളവര്‍. എനിക്ക് ഇത് വെറും പ്രണയസാഫല്യമല്ല. പക്ഷെ ജന്മസാഫല്യം .ഒരുപാട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരുണ്ട് .ഒരു വസന്തസേനന്‍ വരുമെന്ന വിശ്വാസമെനിക്കുണ്ടായിരുന്നു. ആണുടലില്‍ ഇരുന്നൊരു പെണ്ണ് കണ്ട സ്വപ്നം. ജീവിതത്തിലേക്ക് കൈപിടിച്ച്‌ കൂടെ നിര്‍ത്താന്‍ ഒരാള്‍. എന്റെ വസന്തസേനനെപറ്റി ഞാനേറെപറയണ്ടല്ലോ. എല്ലാം നിങ്ങള്‍ക്കറിയാം. വിവാഹം വേണമെന്ന് മനസ്സില്‍ ഉറപ്പിച്ചനാള്‍ മുതലേ ഉള്ള ആഗ്രഹമായിരുന്നു കൂടെ കൂട്ടാന്‍ ഒരു ചങ്കുറപ്പുള്ള മനുഷ്യനെ. പലപ്പോഴും പലരും ചോദിച്ചു, ഞങ്ങള്‍ എങ്ങനെ കണ്ടുമുട്ടി,​ എങ്ങനെ അടുത്ത് എന്നൊക്കെ .

2018 ഓഗസ്റ്റില്‍ തമ്മില്‍ കണ്ടു. കാണുമ്ബോള്‍ ഉള്ളില്‍ ഒന്നുമുണ്ടായിരുന്നില്ല. പക്ഷെ ഒരു കരുതല്‍ സ്നേഹം ഒക്കെ എനിക്ക് അറിയാന്‍ കഴിഞ്ഞു. പിന്നീട് തമ്മില്‍ അടുക്കാന്‍ കാലമായിട്ടുത്തന്നെ ധാരാളം സാഹചര്യങ്ങള്‍ ഉണ്ടാക്കി നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഞാന്‍ ഒരു കവിയാണെന്നോ സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നോ അറിവില്ലായിരുന്നു. എന്റെ കവിസുഹൃത്തുകളില്‍ ഒരാള്‍ എന്റെ പേര് എടുത്തു വിളിക്കുന്നത് കേട്ടപ്പോഴാണ് എന്റെ പേര് പോലും മനസ്സിലാക്കുന്നത്. പിന്നീട് ഇന്റര്‍നെറ്റില്‍ പേരിനെ പറ്റി കൂടുതല്‍ അന്വേഷിച്ചത്രേ. വൈകാതെ സാഹിത്യ അക്കാഡമിയിലെ മറ്റൊരുപൊതുപരിപാടിയില്‍ വെച്ചും കണ്ടു. പക്ഷെ ഇത് എന്റെ വസന്തസേനനാണ് എന്നപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല. കരകള്‍ ഒന്നാകുന്ന പോലെ ഞങ്ങള്‍ നല്ല കൂട്ടുകാരായി .

പിന്നീട് ഒരുപാട് യാത്രകള്‍… ഒരുമിച്ചായി. അച്ഛന്റെ മരണസമയത്ത് എനിക്ക് താങ്ങും തണലുമായി ആ കൈകള്‍ വളരുന്നുണ്ടായിരുന്നു. അച്ഛന്റെ മരണശേഷം ഞാന്‍ ഒറ്റയ്ക്കല്ല എന്നെന്നെ പലപ്പോഴും മനസ്സിലാക്കി നല്‍കിയത്. ഇദ്ദേഹമായിരുന്നു. പാലക്കാടെക്കുള്ള ഒരു യാത്രയില്‍ എനിക്ക് കണ്ണൂരില്‍ നിന്നും ഒരു ഐ.ടി ഉദ്യോഗസ്ഥന്റെ വിവാഹ ആലോചന വന്നതും ആ സമയമായിരുന്നു. ആ ഫോണ്‍ കാള്‍ അറ്റന്‍ഡ് ചെയ്തത് ജാഷിമായിരുന്നു. മല്ലിക അല്പം തിരക്കാണെന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയുകയും ചെയ്തു. ആണവണ്ടിയുടെ ജനലിലൂടെ ഒരു കാറ്റ് ഓടിവന്നെന്റെ തലമുടിയാകെ ഊരി ഉലച്ച നേരം …”ഇനി മല്ലിക വിവാഹം ഒന്നും വേറെ ആലോചിക്കണ്ട …ഞാന്‍ മല്ലികയെ വിവാഹം കഴിച്ചോളാം …എന്നെ ഇഷ്ടമാണോ … പക്ഷെ എനിക്ക് രണ്ട വര്‍ഷത്തെ സമയം നല്‍കണം .ഞാന്‍ ഇപ്പോള്‍ ഒരു ഫ്രീ ലാന്‍സറാണ് “.എനിക്കെന്തോ ആദ്യം ഒരു തമാശയായി തോന്നി .കാരണം ഞങ്ങളുടെ വ്യത്യസ്തതകള്‍ തന്നെയായിരുന്നു.

പ്രായം,മതം വളര്‍ന്നുവന്ന സാഹചര്യങ്ങള്‍, സാമ്ബത്തിക അവസ്ഥകള്‍, ജന്‍ഡര്‍ എന്നിവയെപറ്റി ഓര്‍ത്ത് ഞാന്‍ വല്ലാതെ വാചാലയായി. എന്തോ എന്നെ വിവാഹം ചെയ്യുമ്ബോള്‍ ജാഷിമിന്റെ സോഷ്യല്‍ സ്പേസ് നഷ്ടപ്പെട്ട് പോകുമോ എന്നു ഞാന്‍ ഭയപ്പെട്ടു. അദ്ദേഹം പറഞ്ഞു, ഞാന്‍ മല്ലികയെ വിവാഹം കഴിക്കുന്നത് മതം മാറ്റുവാനോ “എനിക്ക്മതം മാറുവാനോ അല്ല .ഞാന്‍ സ്നേഹിച്ചത് മല്ലികയുടെ വ്യക്തിത്വത്തെയാണ് “. പ്രതികൂല സാഹചര്യങ്ങളിലൂടെ സ്വന്തം വഴികള്‍ തന്നെ വെട്ടി നടന്നതുകൊണ്ടുതന്നെ ഈ ഒരു ബന്ധത്തിന്റെ വരുംവരായ്കകളെ കുറിച്ചുഞാന്‍ ഏറെ അദ്ദേഹത്തെ മനസ്സിലാക്കി .പുഴയില്‍ കടല്‍ ചിറകടിക്കുന്ന നിര്‍വൃത്തിപോലെ ജാഷിമെന്നിലേക്ക് നിറയുന്നത് ഞാന്‍ അനുഭവിക്കുന്നുണ്ടായിരുന്നു.

സത്യമാണ് ഞാന്‍ വസന്തസേനന്‍ എന്നുപേരുള്ള ഒരാളെ പ്രണയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജീവിതത്തിലേക്ക് ഒരാള്‍ വന്നില്ല എങ്കില്‍ ,ജനറല്‍ നഴ്സിംഗ് കോഴ്സ് പാസ്സായി, അദ്ദേഹത്തിന്റെ നാട്ടിലേക്ക് പോയി അവിടത്തെ പൗരത്വം സ്വീകരിച്ചു അവിടെ ഒരു സാധാരണ ജീവിതം നയിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു .ആ ഇടെയാണ് ഞാനും ജാഷിമും തമ്മിലുള്ള സൗഹൃദം പ്രണയമായി പൂക്കുന്നത് .എന്നെ വീട്ടില്‍ വന്നു വനിതാ പോലീസ് സ്റ്റഷനിലെ ജോയ്ലിക്ക് കൊണ്ടുപോകുമായിരുന്നു .തിരിച്ചു അവിടെ നിന്ന് വീട്ടിലേക്കും കൊണ്ടുപോകുമായിരുന്നു. ചിലപ്പോള്‍ കാപ്പി കുടിക്കാന്‍ പൂങ്കുന്നത്തെ പുതിയതായി ആരംഭിച്ച കഫെയില്‍ പോകും ചിലപ്പോള്‍ ഇതുവരെ സിനിമ കാണാത്ത എന്നെകൊണ്ടുപോയി സിനിമകാണിക്കും. ആണവണ്ടിയില്‍ നിന്നും ഞങ്ങളുടെ യാത്രകള്‍ ഇരുചക്ര വാഹനത്തിലേക്കായി .വര്ഷങ്ങള്ക്കു മുമ്ബേ വേണ്ടെന്ന് വെച്ച ട്രെയിന്‍ യാത്രകള്‍ പുനരാരംഭിച്ചു.

സമൂഹവും കുടംബവും മത്സരിച്ചുനല്‍കിയ മുറിവുകള്‍ പക്ഷെ പിന്നെ പിന്നെ എന്നെ വേദനിപ്പിക്കാതെയായി. എന്നാല്‍ എന്റെ സഹപ്രവര്‍ത്തകരില്‍ ആരോ ഒരാള്‍ക്ക് ഞങ്ങളുടെ ബന്ധം എന്തോ അത്ര ദഹിച്ചില്ല. ഞങ്ങളുടെ സംഗമങ്ങള്‍ എല്ലാം നിറം ചേര്‍ത്തവര്‍ ജാഷിമിന്റെ വീട്ടിലേക്ക് എത്തിച്ചു. പലക്കുറിയായപ്പോള്‍ കുടുംബം ജാഷിമിനെ വിലക്കി. ഞാന്‍ ഒരു ഹിജഡയാണെന്നും ജാഷിമിനെ ഞാന്‍ പ്രേഷറൈസ് ചെയ്ത് എന്റെ കൂടെ നിര്‍ത്തിയിരിക്കുകയാണെന്നും എന്റെ ശാരീരികമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയും സാമ്ബത്തികമായ ലാഭത്തിനും വേണ്ടിയാണ് എന്നും അവരോട് ആരെക്കെയോ പറഞ്ഞു പഠിപ്പിച്ചു .എന്നാല്‍ ഇതെല്ലം ഇങ്ങനെയൊക്കെ വീട്ടുക്കാര്‍ പറയുന്നു എന്ന ജാഷിം എന്നെ അറിയിച്ചപ്പോള്‍ എങ്കില്‍ പിന്നെ ഉമ്മയും കുടുംബവും പറയുന്നപോലെ ജീവിക്കു എന്ന് ഞാന്‍ പലകുറി പറഞ്ഞുനോക്കി .പക്ഷെ ജാഷിം എന്നിലേക്ക് നിറയുകയായിരുന്നു .

രണ്ടുവര്‍ഷം കഴിഞ്ഞു ഞാന്‍ മല്ലിക യെ വിവാഹം കഴിക്കും എന്ന് പറഞ്ഞു പ്രിയന്‍ എന്നെ മാറോട് ചേര്‍ത്ത് നിര്‍ത്തി പൊട്ടിക്കരയുകയായിരുന്നു. പലരും ചോദിച്ചിട്ടും ഞങ്ങള്‍ ഒരുമിച്ചുള്ള ഒരു ഫോട്ടോപോലും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ വേണ്ടപെട്ടവര്‍ക്കോ ഞാന്‍ നിമിത്തം ഒരു പ്രശ്നം ഉണ്ടാകരുത് എന്ന നിര്‍ബന്ധം എനിക്ക് ഉണ്ടായിരുന്നു. സ്വന്തം ജീവിതം തീരുമാനിച്ചു തിരഞ്ഞെടുത്തതിന് കുടുംബവും സമൂഹവും ഏല്പിച്ച മാരക മുറിവുകള്‍ ഇതുവരെ ഉണങ്ങാത്ത ഒരു വ്യക്തിയാണ് ഞാന്‍. പിന്നെ പിന്നെ ഞങ്ങളുടെ സംഗമങ്ങള്‍ വിരളമാകാന്‍ ഞാന്‍ ശ്രമിച്ചു .കാണാതെ ഇരുന്നു പലപ്പോഴും ….പക്ഷെ കാണാതെ ഇരിക്കാന്‍ വയ്യാതെയായി .അപ്പോഴും എന്റെ കവിതകള്‍ പല പ്രസിദ്ധീകരണങ്ങളിലും മലയാളികള്‍ ആഘോഷിക്കുന്നുണ്ടായിരുന്നു. അങ്ങനെ ആണ്‍നദിയുടെ പ്രകാശനമായി. അന്നുണ്ടായതൊക്കെ ജാഷിം എഴുതിരുന്നല്ലോ .എഴുതിയതിലും ഭീകരമായി ചിലതൊക്കെ സംഭവിച്ചിട്ടുണ്ട് .പക്ഷെ ഞങ്ങള്‍ അതൊക്കെ പൊറുക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button