KeralaLatest NewsNews

അമ്മയുടെ മടിയില്‍ നിന്ന് ഒരു വയസുകാരി റോഡിലേക്ക് വീണ സംഭവം : മാതാപിതാക്കള്‍ക്കെതിരെ കേസ്

ഇടുക്കി: അമ്മയുടെ മടിയില്‍ നിന്ന് ഒരു വയസുകാരി റോഡിലേക്ക് വീണ സംഭവം, മാതാപിതാക്കള്‍ക്കെതിരെ കേസ്. കഴിഞ്ഞ ദിവസമാണ് കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഓടുന്ന ജീപ്പില്‍ അമ്മയുടെ മടിയില്‍ നിന്ന് ഒരു വയസുകാരി റോഡിലേക്ക് വീണിട്ടും 50 കിലോമീറ്റര്‍ പിന്നിട്ടിട്ടാണ് കുട്ടിയെ കാണാതായ സംഭവം മാതാപിതാക്കളും കുടുംബാംഗങ്ങളും അറിഞ്ഞത്. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി കുഞ്ഞിനെ കൈകാര്യം ചെയ്തതിന് ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് മൂന്നാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

Read Also :ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും കുഞ്ഞ് വീണ സംഭവം; പിതാവിന് പറയാനുള്ളത്

കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത മാതാപിതാക്കള്‍ക്കുണ്ടായിട്ടും അവര്‍ വീഴ്ച വരുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ തിടുക്കത്തില്‍ നടപടി സ്വീകരിച്ചേക്കില്ലെന്നും സൂചനയുണ്ട്. സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ചശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളു.

Read Also : മ​ദ്യ​ല​ഹ​രി​യി​ല്‍ കൊടുംക്രൂരത : പി​താ​വ് പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി

അതേസമയം,കുട്ടി വീണതെങ്ങെനെയെന്ന് അറിയില്ലെന്നും ക്ഷീണം കാരണം ഉറങ്ങിപ്പോയി എന്നുമാണ് അമ്മ പറയുന്നത്. കേസിനെ നിയമപരമായി നേരിടുമെന്നു കുട്ടിയുടെ അച്ഛനും പ്രതികരിച്ചു.

പഴനി ക്ഷേത്രദര്‍ശന ശേഷം കമാന്‍ഡര്‍ ജീപ്പില്‍ മടങ്ങുകയായിരുന്നു 12 പേരടങ്ങുന്ന കുടുംബം. ജീപ്പിന്റെ പിന്‍സീറ്റില്‍ സത്യഭാമയുടെ കൈയിലായിരുന്നു ഒരു വയസും ഒരു മാസവും പ്രായമുള്ള രോഹിത. രാത്രി 9.48ന് രാജമല അഞ്ചാം മൈലില്‍ ഫോറസ്റ്റ് ചെക്പോസ്റ്റിന് സമീപത്തെ വളവ് തിരിഞ്ഞപ്പോള്‍ അമ്മയുടെ മടിയിലിരുന്ന കുഞ്ഞ് റോഡിലേക്ക് ഊര്‍ന്നു വീഴുകയായിരുന്നു. മയക്കത്തിലായിരുന്ന അമ്മ വിവരം അറിഞ്ഞില്ല. ജീപ്പ് മുന്നോട്ടുപോയി.

വീഴ്ചയില്‍ സാരമായി പരിക്കേല്‍ക്കാത്ത കുഞ്ഞ് ചെക്പോസ്റ്റില്‍ നിന്നുള്ള വെളിച്ചം കണ്ട് ആ ഭാഗത്തേക്ക് മുട്ടിലിഴഞ്ഞുനീങ്ങി. ഈ സമയം ചെക്പോസ്റ്റിലുണ്ടായിരുന്ന വാച്ചര്‍മാരായ വിശ്വനാഥനും കൈലേഷും കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയപ്പോഴാണ് അവളെ കണ്ടത്. അവര്‍ കുഞ്ഞിനെ വാരിയെടുത്ത് തൊട്ടടുത്തുള്ള ഫോറസ്റ്റ് ഓഫീസിലെത്തിച്ചു. തലയുടെ മുന്‍ഭാഗത്തെ ചെറിയ മുറിവുകളില്‍ ഫോറസ്റ്റ് ഓഫീസര്‍ ജിതേന്ദ്രനാഥ് മരുന്നു വച്ചശേഷം മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മിയെയും മൂന്നാര്‍ പൊലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു. വാര്‍ഡന്റെ നിര്‍ദ്ദേശ പ്രകാരം കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ഇതിനിടെ രാത്രി പന്ത്രണ്ടരയോടെ കുടുംബം വീട്ടിലെത്തി. വാഹനത്തില്‍ നിന്ന് ഇറങ്ങുന്ന വേളയിലാണ് കുട്ടി ഇല്ലെന്ന് തിരിച്ചറിയുന്നത്. ഉറങ്ങുന്നതിനിടെ കുടുംബാംഗങ്ങളാരെങ്കിലും കുട്ടിയെ വാങ്ങിയിരിക്കുമെന്നാണ് സത്യഭാമ കരുതിയത്. ജീപ്പില്‍ അന്വേഷിച്ചിട്ട് കാണാത്തതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. വെള്ളത്തൂവല്‍ സ്റ്റേഷനില്‍ നിന്ന് മൂന്നാറിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് കുട്ടിയെ ലഭിച്ച വിവരം അറിയുന്നത്. മൂന്നാര്‍ ആശുപത്രിയില്‍ കുഞ്ഞ് സുരക്ഷിതമായുണ്ടെന്ന വിവരം രക്ഷിതാക്കളെ പൊലീസ് ധരിപ്പിച്ചു. പുലര്‍ച്ചെ മൂന്നു മണിയോടെ ദമ്പതികള്‍ മൂന്നാറിലെത്തി മകളെ ഏറ്റുവാങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button