Latest NewsNewsIndia

ഏഴ് യുവതികളെ വിവാഹം കഴിച്ചു, ആറ് പേരെ പീഡനത്തിനിരയാക്കി; ഒടുവില്‍ ‘പോലീസ്’ കള്ളനായതിങ്ങനെ

ചെന്നൈ: പോലീസുദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതികളെ വിവാഹം കഴിക്കുകയും സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കുകയും ചെയ്തിരുന്ന തട്ടിപ്പ് വീരന്‍ പോലീസ് പിടിയില്‍. തിരുപ്പൂര്‍ സ്വദേശി രാജേഷ് പൃഥി(ദിനേഷ്-42) ആണ് ചെന്നൈ പോലീസിന്റെ പിടിയിലായത്. ഇയാള്‍ ഏഴു യുവതികളെ വിവാഹം കഴിക്കുകയും ആറുപേരെ പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള രാജേഷ് എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റാണെന്നാണ് മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. രണ്ട് ഗുണ്ടകളെ വെടിവെച്ച് വീഴ്ത്തിയെന്നും ഇയാള്‍ ആളുകളോട് പറഞ്ഞിരുന്നു.

ALSO READ: കശ്മീരിലെ സ്ഥിതി ആശങ്കാജനകം; ആവശ്യമെങ്കില്‍ നേരിട്ട് പോകുമെന്ന് ചീഫ് ജസ്റ്റിസ്

ചെന്നൈയില്‍ ഇയാള്‍ നടത്തുന്ന ടെലിമാര്‍ക്കറ്റിംഗ് കമ്പനിയുടെ മറവിലായിരുന്നു തട്ടിപ്പുകള്‍. ഈ സ്ഥാപനത്തിലേക്ക് ജോലിക്കെന്ന് പറഞ്ഞാണ് യുവതികളെ ക്ഷണിച്ചിരുന്നത്. പിന്നീട് സൗഹൃദം സ്ഥാപിച്ചായിരുന്നു യുവതികളെ വലയിലാക്കിയിരുന്നത്. ഇയാള്‍ പോലീസ് യൂണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ കാണിച്ചാണ് യുവതികളെ വിശ്വസിപ്പിച്ചിരുന്നത്. എന്‍കൗണ്ടറിന് ശേഷം താന്‍ ജോലി രാജിവെച്ചെന്നും ഇയാള്‍ വിശ്വസിപ്പിച്ചു. ജോലിക്കെത്തിയ യുവതികളില്‍ ഏഴുപേരെ ഇയാള്‍ വിവാഹം ചെയ്തു. ആറുപേരെ പീഡിപ്പിക്കുകയും ചെയ്തു. തിരുച്ചി, കോയമ്പത്തൂര്‍, തിരുപ്പതി, തിരുപ്പൂര്‍, കാലഹസ്തി എന്നിവിടങ്ങളിലുള്ള യുവതികളാണ് രാജേഷിന്റെ കെണിയില്‍പ്പെട്ടത്.

ALSO READ: വിവാഹവേഷത്തില്‍ മകളെ അമ്മ കൊണ്ടുപോയത് വേശ്യാലയത്തിലേയ്ക്ക് : ഞെട്ടിയ്ക്കുന്ന കഥ പുറത്തുവന്നത് പെണ്‍കുട്ടി രക്ഷപ്പെട്ട് അയല്‍വാസികളോട് പറഞ്ഞപ്പോള്‍

ഇയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മകളെ കാണാതായതോടെ കഴിഞ്ഞ ജൂണ്‍ 30ന് മാതാപിതാക്കള്‍ എഗ്മോര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളിലാണ് വന്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്തറിയുന്നത്. 18 കാരിയായ പെണ്‍കുട്ടിയെ രാജേഷ് തട്ടിക്കൊണ്ടുപോയതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇരുവരെയും തിരുപ്പൂരിലെ നൊച്ചിപ്പാളയത്തില്‍ നിന്ന് പോലീസ് പിടികൂടി. രാജേഷ് തന്നെ വിവാഹം ചെയ്‌തെന്ന് പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന്, പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയച്ചു. എന്നാല്‍ കുറച്ച് ദിവസത്തിന് ശേഷം വീണ്ടും പെണ്‍കുട്ടിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയെയും കൊണ്ട് കടന്നുകളയാനുള്ള ശ്രമത്തിലാണ് ഇയാള്‍ വീണ്ടും പിടിയിലാകുന്നത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വന്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്തറിയുന്നത്. പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് പുറമെ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി 30 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണിയാള്‍. വ്യാജ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ദിനേഷ് എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേരെന്നും പല പേരുകളിലാണ് അറിയപ്പെട്ടിരുന്നതെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button