KeralaLatest NewsIndia

പതിനാലുകാരന്റെ തട്ടിക്കൊണ്ടുപോകൽ കള്ളക്കഥ വിശ്വസിച്ചു യുവാക്കൾക്ക് നേരെ ആൾക്കൂട്ട മർദ്ദനം

തന്നെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കൈ കയറുകൊണ്ട് കെട്ടിയിട്ട് കാറില്‍ കയറ്റി കൊണ്ട് പോകാന്‍ ശ്രമിച്ചു എന്നാണ് കുട്ടി പരാതി പറഞ്ഞത്.

മലപ്പുറം: പതിനാല് വയലുകാരന്‍ പറഞ്ഞ തട്ടിക്കൊണ്ടുപോകല്‍ കള്ളക്കഥ സത്യമാണെന്ന് വിശ്വസിച്ച്‌ മലപ്പുറത്ത് യുവാക്കള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്നും ഇത് കാരണം വീട്ടുകാര്‍ തന്നെ വഴക്ക് പറയുമെന്നും അടിക്കുമെന്നും പേടിച്ച്‌ ഒന്‍പതാംക്ലാസുകാരന്‍ മെനഞ്ഞ കള്ള കഥയില്‍ പണികിട്ടിയത് രണ്ട് നിരപരാധികളായ യുവാക്കള്‍ക്ക്. കൊണ്ടോട്ടി ഓമാനൂരിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവ വികാസങ്ങള്‍ നടന്നത്.കാര്‍ യാത്രക്കാരായ രണ്ട് പേര്‍ തന്നെ തട്ടിക്കൊണ്ടുപോവാന്‍ വിദ്യാര്‍ത്ഥി നാട്ടുകാരോട് പരാതിപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.

തന്നെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കൈ കയറുകൊണ്ട് കെട്ടിയിട്ട് കാറില്‍ കയറ്റി കൊണ്ട് പോകാന്‍ ശ്രമിച്ചു എന്നാണ് കുട്ടി പരാതി പറഞ്ഞത്. എന്നാല്‍ സംഭവ സ്ഥലത്ത് നിന്ന് താന്‍ ഓടി മാറിയത്‌കൊണ്ടാണ് രക്ഷപ്പെട്ടത് എന്നും കുട്ടി പറയുന്നു. എന്നാല്‍ കുട്ടി പറഞ്ഞത് കേട്ട് യുവാക്കളെ നാല്‍പ്പതോളം വരുന്ന സംഘം മര്‍ദ്ദിച്ച്‌ അവശരാക്കി. രക്തം ഛര്‍ദ്ദിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയെന്നും എന്നിട്ടും നാട്ടുകാര്‍ വെറുതെ വിട്ടില്ല. വിദ്യാര്‍ത്ഥി പറഞ്ഞ കഥ വിശ്വസിച്ച നാട്ടുകാര്‍ കാര്‍ തടഞ്ഞു വച്ച്‌ യാത്രക്കാരായ വാഴക്കാട് സ്വദേശി ചീരോത്ത് റഹ്മത്ത്, കൊണ്ടോട്ടി സ്വദേശി സഫറുള്ള എന്നിവരെയാണ് ആക്രമിച്ചത്.

പിന്നീട് പോലീസെത്തി കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം പൊളിയുന്നത്. യുവാക്കളെ അക്രമിച്ചവര്‍ക്കെതിരെ പോലീല്‍ വധശ്രമത്തിന് കേസ് എടുത്തു. ആറ് പ്രധാനപ്രതികള്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന നാല്‍പ്പതോളം പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ആക്രമണത്തിന് ഇരയായ യുവാക്കള്‍ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവാക്കളെ മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇവരെ അറിയുന്ന ചിലര്‍ സംഭവത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാനും യുവാക്കള്‍ നിരപരാധികളാണ് എന്ന് ബോധിപ്പിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ യുവാക്കള്‍ നിരപരാധികളാണ് എന്ന പറഞ്ഞ് കാര്യം ബോധിപ്പിക്കാന്‍ എത്തിയവര്‍ക്കും ആള്‍കൂട്ടത്തിന്റെ മര്‍ദ്ദനം ആയിരുന്നു ഫലം. ഒരു കാരണവശാലും ഇവന്മാരെ വിടരുത് എന്ന് പറഞ്ഞ് വഴി പോക്കരും വന്നവരും നിന്നവരും എല്ലാം ചേര്‍ന്ന് യുവാക്കളെ പൊതിരെ തല്ലുകയായിരുന്നു. അടി കൊണ്ട് നിലത്തുവീണ യുവാക്കൾ രക്തം ഛർദ്ദിക്കുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തിലാണ് യുവാക്കള്‍ ഇപ്പോള്‍ ഉള്ളത്.

സംഭവങ്ങള്‍ വിശദീകരിച്ചുകൊണ്ട് മര്‍ദ്ദനത്തിരയായ യുവാക്കളുടെ സഹോദരന്‍ ഫേസബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഇന്നലെ കുട്ടിയെ തട്ടി കൊണ്ട് പോവാൻ ശ്രമിച്ചെന്ന് ഒരു കുട്ടി പറയുകയും അതിന്റെ അടിസ്ഥാനത്തിൽ പോലീസ് അത് വഴി പോയ വാഹനത്തെ നമ്പർ നോക്കി വിളിച്ചു വരുത്തി.
പോലീസ് വിളിച്ച അടിസ്ഥാനത്തിൽ തിരിച്ചു വരുന്ന പ്രിയ ജേഷ്ട്ട സഹോദരമാരെ കുട്ടിയുടെ സ്വദേശമായ ഓമാനൂർ വെച്ച് നാട്ടുകൂട്ടം പോലീസ് തടഞ്ഞു വെച്ഛ് അതി ക്രൂരമായ രീതിയിൽ ആണ് മർദിച്ചത്. തലക്കും വയറിനുമായി വരുന്നവർ വരുന്നവർ മാറി മാറി മർദിച്ചു രക്തം തുപ്പുന്നവരെ. ഒരു നിമിഷം പോലും ചിന്തിച്ചില്ല തട്ടി കൊണ്ട് പോവുന്ന സംഘം പോലീസ് വിളിച്ചാൽ തിരിച്ചു വരുമെന്ന്.

എന്നിട്ട് സ്വന്തം നാട്ടിൽ വെച്ച മാറി മാറി തല്ലി പോലീസ് വന്നിട്ടും കലി അടങ്ങാതെ തല്ലി. പൊലീസിന് നേരെയും കൈയേറ്റ ശ്രമം എന്നിട്ടു നിങ്ങളുടെ കലി അടങ്ങിയില്ല. ഉന്നത പോലീസ് സംഘം വന്നതിനു ശേഷവും നിങ്ങൾ അടങ്ങിയില്ല .എണീക്കാൻ പോലും കഴിയാത്തവരെ ഒരു ആംബുലൻസിൽ പോലും ഹോസ്പിറ്റൽ കൊണ്ട് പോവാൻ സമ്മതിക്കാതെ പോലീസ് ജീപ്പിൽ തന്നെ കൊണ്ട് പോവണം എന്ന് നിങ്ങൾക്ക് വാശി നിങ്ങൾ ഒക്കെ മനുഷ്യരാണോ…?

ഇന്നലെ അതി കഠിനമായ വേദന സഹിക്കാൻ കഴിയാതെ ഒരുപോള കണ്ണടക്കാതെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിഞ്ഞു ഇന്ന് മലബാർ ഹോസ്പിറ്റലിലേക്ക് മാറിയിട്ടുണ്ട് ഇപ്പോഴും ശരീരത്തിൽ അതി കഠിനമായ വേദന ഉണ്ട്. നിങ്ങൾ മാറി മാറി അടിച്ചു ആനന്ദം കണ്ടു അവർ മാറി മാറി ഡോക്ടറേ കാണിച്ചു വേദന കടിച്ചു അമർത്തുകയാണ്. ഒന്ന് ഓർക്കണം കുടുംബവും കുട്ടികളും എല്ലാം ആ ഭീതിയിൽ നിന്ന് വിട്ടു മാറാതെ നിൽക്കുകയാണ്. ഒരു കാര്യം നിങ്ങളോടു വെക്തമായി പറയാം നിങ്ങൾക്ക് മാപ്പ് ഇല്ല …

shortlink

Related Articles

Post Your Comments

Related Articles


Back to top button